വാഷിംഗ്ടന്‍: റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ 100 ശതമാനം വരെ തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ഉപരോധ ബില്‍ യുഎസ് കോണ്‍ഗ്രസ് പാസാക്കിയതിനു പിന്നാലെ രാജ്യതാല്‍പര്യമാണ് പ്രധാനമെന്ന് ഇന്ത്യ വ്യക്തമാക്കി. 140 കോടി വരുന്ന ജനങ്ങളുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതില്‍ കേന്ദ്രം തങ്ങളുടെ പ്രതിബദ്ധത ആവര്‍ത്തിച്ചു. റഷ്യന്‍ നേതൃത്വത്തെയും എണ്ണ കയറ്റുമതി ഉപരോധങ്ങള്‍ മറികടക്കാന്‍ മോസ്‌കോയെ സഹായിക്കുന്ന കപ്പലുകളെയും ലക്ഷ്യമിട്ടുള്ള നിയമം ഉണ്ടാക്കിയേക്കാവുന്ന വ്യാപാര-സാമ്പത്തിക അപകടസാധ്യതകളെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചു.
റഷ്യയില്‍ നിന്ന് കടല്‍മാര്‍ഗം ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതില്‍ മുന്‍പന്തിയിലുള്ള രാജ്യമാണ് ഇന്ത്യ. പുതിയ നിയമപ്രകാരം ഇന്ത്യക്കുമേല്‍ യുഎസ് പ്രസിഡന്റിന് വന്‍തോതില്‍ പിഴത്തുകയോ തീരുവയോ ചുമത്താന്‍ അധികാരമുണ്ട്. ഊര്‍ജ ഇറക്കുമതി വൈവിധ്യവത്കരിക്കുന്നതിനായി യുഎസ്, ബ്രസീല്‍, കാനഡ, വെനസ്വേല, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള സ്രോതസ്സുകളെ ഇന്ത്യന്‍ റിഫൈനറുകള്‍ ഇതിനകം തന്നെ ആശ്രയിക്കുന്നുണ്ട്. യുഎസ് കോണ്‍ഗ്രസില്‍ 'സാംക്ഷനിങ് റഷ്യ ആന്‍ഡ് ഇറാന്‍ ആക്ട് 2026' പാസാക്കിയ വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു.
റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കഴിഞ്ഞ മാസങ്ങളില്‍ വിവിധ യുഎസ് ഉദ്യോഗസ്ഥരുമായി ഉയര്‍ന്ന തലങ്ങളില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. ഉഭയകക്ഷി ബന്ധത്തെയും അന്താരാഷ്ട്ര ഊര്‍ജ്ജ വിപണിയെയും ഇത് എങ്ങനെ ബാധിക്കാമെന്ന കാര്യം ഇന്ത്യ വ്യക്തമായി ഉന്നയിച്ചിട്ടുള്ളതാണ്. തങ്ങളുടെ വ്യാപാരവും സാമ്പത്തിക താത്പര്യങ്ങളും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. പുതിയ നിയമം മൂലമുണ്ടാകുന്ന പ്രത്യാഘാതം വ്യാപാര-വ്യവസായ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം യുഎസ് സെനറ്റ് പാസാക്കിയ ഉപരോധ നിയമം ബുധനാഴ്ച നടന്ന വോട്ടെടുപ്പില്‍ ജനപ്രതിനിധി സഭയും അംഗീകരിച്ചു. ഇനി ഇത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഒപ്പിനായി അയക്കും. യുക്രെയ്‌നെതിരെയുള്ള റഷ്യയുടെ യുദ്ധത്തിന് ധനസഹായം നല്‍കുന്ന സാമ്പത്തിക സ്രോതസ്സുകള്‍ വെട്ടിക്കുറയ്ക്കുകയാണ് പാക്കേജിന്റെ ലക്ഷ്യം. റഷ്യന്‍ ഉദ്യോഗസ്ഥര്‍, ബാങ്കുകള്‍, ഊര്‍ജ്ജ താത്പര്യങ്ങള്‍, മോസ്‌കോയുടെ സൈനിക നീക്കങ്ങളെ പിന്തുണയ്ക്കുന്ന വിദേശ സ്ഥാപനങ്ങള്‍ എന്നിവയെ നിയമം ലക്ഷ്യമിടുന്നു. ചൈന, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ 100 ശതമാനം വരെ കനത്ത തീരുവ ചുമത്താന്‍ ട്രംപിന് ഈ ബില്‍ അധികാരം നല്‍കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates