അയോധ്യ: അയോധ്യയിലെ രാമക്ഷേത്രപ്രതിഷ്ഠാ ദിന ചടങ്ങില്‍ പങ്കെടുത്ത ബിജെപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാത്രം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മറ്റ് മുഖ്യമന്ത്രിമാരാരും പരിപാടിയില്‍ പങ്കെടുത്തില്ല. സന്യാസിമാര്‍ ഉള്‍പ്പടെ പതിനായിരം പേര്‍ക്കാണ് പരിപാടിയിലേക്ക് ക്ഷണം ഉണ്ടായിരുന്നത്.
കോണ്‍ഗ്രസില്‍ നിന്ന് രണ്ട് നേതാക്കള്‍ മാത്രമാണ് രാമപ്രതിഷ്ഠാ ചടങ്ങില്‍ നേരിട്ട് പങ്കെടുത്തത്. ഹിമാചല്‍ മന്ത്രി വിക്രമാദിത്യസിങും കോണ്‍ഗ്രസ് എംഎല്‍എയായ സുധീര്‍ ശര്‍മയും. ഹിമാചല്‍ കോണ്‍ഗ്രസ് അധ്യക്ഷയുടെ മകന്‍ കൂടിയാണ് വിക്രമാദിത്യ സിങ്. ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഇന്നലെ തന്നെ അദ്ദേഹം ലഖ്‌നൗവില്‍ എത്തിയിരുന്നു.
പ്രതിഷ്ഠാ ചടങ്ങിനായി അയോധ്യ സന്ദര്‍ശിക്കുന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമാണെന്ന് അദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 'ഈ ചരിത്ര ദിനത്തിന്റെ ഭാഗമാകാനുള്ള ജീവിതത്തിലൊരിക്കലുള്ള അവസരമാണിത്, ഒരു ഹിന്ദു എന്ന നിലയില്‍, ഈ അവസരത്തില്‍ പങ്കെടുക്കുകയും 'പ്രാണപ്രതിഷ്ഠ'ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും പങ്കെടുക്കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. പ്രതിഷ്ഠാ ചടങ്ങ് പൂര്‍ണമായും ആര്‍എസ്എസ്, ബിജെപി പരിപാടിയാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിശദീകരണം. മതം വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ ആര്‍എസ്എസും ബിജെപിയും അയോധ്യയെ രാഷ്ട്രീയ പ്രചാരണായുധമായാണ് ഉപയോഗിച്ചുവരുന്നത്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും നേതാക്കള്‍ ചേര്‍ന്ന് പൂര്‍ത്തിയാകാത്ത ക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്തുന്നത് തെരഞ്ഞെടുപ്പു നേട്ടത്തിന് വേണ്ടിയാണ്. 2019 ലെ സുപ്രീം കോടതി വിധി അനുസരിച്ചും ശ്രീരാമനെ ബഹുമാനിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ വികാരങ്ങളെ മാനിച്ചും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സോണിയാ ഗാന്ധിയും അധീര്‍ രഞ്ജന്‍ ചൗധരിയും പരിപാടിയിലേക്കുള്ള ക്ഷണം നിരസിക്കുന്നുവെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിശദീകരണം.
അയോധ്യയിലെ തെരുവുകളില്‍ ഇനി വെടിയൊച്ചയോ കര്‍ഫ്യുവോ മുഴങ്ങില്ലെന്ന്് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയും അന്തരിച്ച സമാജ് വാദി പാര്‍ട്ടി നേതാവുമായിരുന്ന മുലായം സിങ് യാദവിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. യാദവ് മുഖ്യമന്ത്രിയായിരിക്കെയാണ് 1990ല്‍ അയോധ്യയില്‍ 17 കര്‍സേവകര്‍ കൊല്ലപ്പെട്ടത്. അയോധ്യയുടെ മുന്നേറ്റത്തിന് ഇനി ആരും തടസമാകില്ല. ഇനി എല്ലായിടത്തും മുഴങ്ങുക രാമകീര്‍ത്തനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷ്ഠാ ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് ചരിത്ര മുഹൂര്‍ത്തമാണ്. ഭാരതത്തിലെ ഓരോ നഗരവും, ഓരോ ഗ്രാമവും അയോധ്യധാമാണ്. എല്ലാ മനസിലും രാമന്റെ നാമം ഉണ്ട്. എല്ലാ നാവും രാമന്റെ നാമം ജപിക്കുന്നു. എല്ലാ അണുവിലും രാമന്റെ സാന്നിധ്യമുണ്ട്. എല്ലാ കണ്ണുകളും സന്തോഷത്തിന്റെയും സംതൃപ്തിയുടെയും കണ്ണുനീര്‍ കൊണ്ട് നനഞ്ഞിരിക്കുന്നു. ഞങ്ങള്‍ ത്രേതായുഗത്തില്‍ എത്തിയതായി തോന്നുന്നു- അദ്ദേഹം പറഞ്ഞു.
ഇന്ന് ദശലക്ഷക്കണക്കിന് സനാതന വിശ്വാസികളുടെ ത്യാഗം പൂര്‍ത്തീകരിക്കുന്ന സുവിശേഷ സന്ദര്‍ഭം വന്നെത്തിയിരിക്കുന്നു. ക്ഷേത്രം പണിയാന്‍ തീരുമാനിച്ചിടത്ത് തന്നെ പണിതു എന്ന സംതൃപ്തിയും ഉണ്ട്.ഒടുവില്‍ രാംലല്ല സിംഹാസനത്തില്‍ തിരിച്ചെത്തി. രാമക്ഷേത്രത്തിനായുള്ള 500 വര്‍ഷത്തെ അന്വേഷണമാണ് പ്രധാനമന്ത്രി നിറവേറ്റിയത്. ഭാരതത്തിലെ ഓരോ വീഥികളും രാമജന്മഭൂമിയിലാണ് അവസാനിക്കുന്നത്. ഒരു സമൂഹത്തിന്റെ നീണ്ട പോരാട്ടത്തിന്റെ അന്തിമവിജയമാണിത്- യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates