ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ആരോപണങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടിയുമായി കോണ്‍ഗ്രസ്.അമിത് ഷായ്ക്ക് ഭരണഘടനയെക്കുറിച്ച് അറിവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. അഥവാ അറിവുണ്ടെങ്കില്‍ തന്നെ ബഹുമാനമില്ലെന്ന് അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ വിമര്‍ശിച്ച് ബിജെപി അധ്യക്ഷന്‍ വാര്‍ത്താ സമ്മേളനം നടത്തി മിനിറ്റുകള്‍ കഴിയുമ്പോഴാണ് കോണ്‍ഗ്രസിന്റെ പ്രതികരണം വന്നിരിക്കുന്നത്.
കര്‍ണാടകയില്‍ ജനങ്ങള്‍ ബിജെപിയുടെ ഇരട്ട നിലപാട് തിരിച്ചറിഞ്ഞു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് അനുകൂലമായാണ് ജനവിധി വന്നതെന്നും ആനന്ദ് ശര്‍മ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ സമ്പന്ന പാര്‍ട്ടി ഏതാണെന്ന് എല്ലാവര്‍ക്കും അറിയാം. 6,500 കോടി രൂപയാണ് ബിജെപി കര്‍ണാടകയില്‍ ചെലവഴിച്ചത്. ബിജെപി എല്ലാത്തരം വഴികളും പയറ്റി നോക്കി, പക്ഷേ അവര്‍ പരാജയപ്പെട്ടു. ബിജെപിയുടെ ചാക്കിട്ടു പിടുത്തം ഭയന്ന് കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ റിസോര്‍ട്ടില്‍ താമസിപ്പിക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. കുതന്ത്രങ്ങള്‍ പയറ്റി അധികാരത്തിലേറാന്‍ ശ്രമിച്ചതിന് കര്‍ണാടകയിലെ ജനങ്ങളോട് ബിജെപി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കര്‍ണാടകയിലേത് കോണ്‍ഗ്രസ്-ജെഡിഎസ് അവിശുദ്ധ കൂട്ടുകെട്ടാണെന്ന് അമിത് ഷാ ആരോപിച്ചിരുന്നു. ബിജെപിയാണ് കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷി. ഞങ്ങളുടെ വോട്ട് ഷെയറില്‍ വലിയ മുന്നേറ്റമുണ്ടായി. ജനവികാരം കോണ്‍ഗ്രസിന് എതിരായിരുന്നു. എന്താണ് കോണ്‍ഗ്രസ് ആഘോഷിക്കുന്നത്? അവരുടെ പകുതിയിലേറെ മന്ത്രിമാരും തോറ്റു. മുഖ്യമന്ത്രി പോലും ഒരു മണ്ഡലത്തില്‍ തോറ്റു. എന്തിനാണ് ജെഡിഎസ് ആഘോഷിക്കുന്നത്? 37 സീറ്റുകള്‍ കിട്ടിയതിനോ? അമിത് ഷാ ചോദിച്ചു. ജനവിധിക്ക് എതിരെയുള്ള മുന്നണിയാണ് കോണ്‍ഗ്രസും ജെഡിഎസും രൂപീകരിച്ചതെന്നും അതുകൊണ്ട് അതിനെ അവിശുധ മുന്നണിയെന്ന് വിശേഷിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു. ഇപ്പോള്‍ കോണ്‍ഗ്രസിന് ഇവിഎം മിഷീനുകളില്‍ വിശ്വാസമാണ്. ഭാഗിക വിജയത്തിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികള്‍ പരസ്പരം കൈകോര്‍ക്കുന്നത് നല്ലതാണെന്നും അമിത് ഷാ പറഞ്ഞു.
ഞങ്ങള്‍ക്കെതിരെ കുതിരക്കച്ചവടം എന്നാണ് ആരോപണം വന്നത്. എന്നാല്‍ തൊഴുത്ത് മൊത്തത്തില്‍ വിലക്കെടുക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. സര്‍ക്കാരുണ്ടാക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും അതുകൊണ്ടാണ് അവകാശവാദമുന്നയിച്ചതെന്നും അമിത് ഷാ പറഞ്ഞു.
ഭൂരിപക്ഷം തെളിയിക്കാന്‍ യെദ്യൂരപ്പ ഏഴുദിവസം ആവശ്യപ്പെട്ടുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അഭിഭാഷകര്‍ കോടതിയില്‍ നുണ പറയുകയായിരുന്നുവെന്നും ബിജെപി അധ്യക്ഷന്‍ ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates