ശ്രീനഗര്: റിപ്ലബിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്കും മറ്റ് നാല് മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ ശ്രീനഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. പിഡിപി നേതാവ് നയീം അക്തറുടെ പരാതിയിന്‍മേലാണ് നടപടി. ചാനല്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത നനല്‍കിയെന്നാണ് അക്തറിന്റെ പരാതി.
മാനഹാനിക്ക് ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരം ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അക്തര്‍ കോടതിയെ സമീപിച്ചത്. ഡിസംബര്‍ 27ന് കോടതിക്ക് മുമ്പാകെ ഹാജരാകാന്‍ ശ്രീനഗര് കോടതി അര്‍ണബിനോടും റിപ്പബ്ലിക് ടിവിയുടെ സീനിയര്‍ ശ്രീനഗര്‍ കറസ്‌പോണ്ടന്‍ സീനത് സീഷാന്‍ ഫാസിലിനോടും സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ആദിത്യ റോയ് കൗളിനോടും അവതാരകന്‍ സകാള്‍ ഭട്ടിനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതിക്ക് മുന്നില്‍ ഹാജരാകാന്‍ ഇവര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ശ്രീനഗര്‍ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.
രേഖകള്‍ പ്രകാരം ഇവരെല്ലാം മാധ്യമ പ്രവര്‍ത്തനമാണ് ചെയ്യുന്നതെന്നാണ് വ്യക്തമാകുന്നു. ഈ ദിവസങ്ങളില്‍ കശിമീരിലെ അവസ്ഥ ചിത്രീകരിക്കാന്‍ മാധ്യമ പ്രവര്‍ത്തകരെല്ലാം താഴ്‌വരയിലുണ്ട്. പിന്നെന്താണ് അതേ തൊഴില്‍ ചെയ്യുന്ന ഇവര്‍ക്ക് ഇവിടെ ഹാജരാകാന്‍ പ്രശ്‌നം- കോടതി ചോദിച്ചു.
പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് കശ്മീര്‍ താഴ്‌വരയില്‍ നിലനില്‍ക്കുന്ന സാഹചര്യം കാരണം കോടതിയില്‍ ഹാജരാകാനാവില്ലെന്നായിരുന്നു ഗോസ്വാമിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം.ഹാജരാകുന്നത് ഒഴിവാക്കണമെന്ന ആവശ്യം കോടതി തള്ളി. കോടതിക്ക് മുന്നില്‍ ഹാജരായേ മതിയാകുവെന്നും ജാമ്യതുക കെട്ടിവെയ്ക്കണമെന്നും ഉത്തരവിട്ടു.
ഹാജരാകാതിരിക്കാന്‍ പ്രതികള്‍ ചൂണ്ടിക്കാണിച്ച കാരണങ്ങള്‍ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. മാര്‍ച്ച് 23ന് ഗോസ്വാമിയേയും കൂട്ടരേയും കോടതിയിലെത്തിക്കാന്‍ പൊലീസ് സൂപ്രണ്ടിന് ഉത്തരവ് നല്‍കുകയും ചെയ്തു കോടതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates