ന്യൂഡല്‍ഹി: തന്റെ ആശയത്തില്‍ വിരിഞ്ഞ സ്വപ്നപദ്ധതികളുടെ ക്രെഡിറ്റ് ബിജെപിയിലുണ്ടായിരുന്ന സമയത്തെ സഹപ്രവര്‍ത്തകര്‍ അന്യായമായി പിടിച്ചെടുത്തതായി മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളായ ദേശീയഹൈവേ വികസനപദ്ധതിയും പ്രധാനമന്ത്രി ഗ്രാമ് സഡക് യോജനയും വിഭാവനം ചെയ്തത് താനാണെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. 'റെലന്റ്‌ലെസ്' എന്ന പേരില്‍ യശ്വന്ത് സിന്‍ഹ എഴുതിയ ആത്മകഥയിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
'ദേശീയ ഹൈവേ വികസനപദ്ധതി പൂര്‍ണമായും എന്റെ ആശയമായിരുന്നു. ഇതൊരു പുതിയ സംഗതിയായിരുന്നില്ല. 1970ല്‍ ജര്‍മ്മനിയില്‍ സേവനം അനുഷ്ഠിച്ചിരുന്ന സമയത്താണ് ഈ ആശയം എന്റെ മനസ്സില്‍ വളര്‍ന്നത്. ജര്‍മ്മനിയിലെ ഫെഡറല്‍ നിയന്ത്രണ ഹൈവേ സംവിധാനമാണ് ഈ ആശയം എന്റെ മനസ്സില്‍ വളര്‍ത്തിയത്.' - ആത്മക്കഥയില്‍ പറയുന്നു
1998ലാണ് ദേശീയഹൈവേ വികസന പദ്ധതിക്ക് ഇന്ത്യയില്‍ തുടക്കമിട്ടത്. രാജ്യത്തെ ഹൈവേ വികസനം വിപുലമാക്കുക എന്നതാണ് ലക്ഷ്യം. പ്രധാനമന്ത്രി ഗ്രാമ് സഡക് യോജനയും താനാണ് വിഭാവനം ചെയ്തതെന്ന് ആത്മക്കഥയില്‍ സിന്‍ഹ അവകാശപ്പെടുന്നു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിയുമായുളള കൂടിക്കാഴ്ചയിലാണ് ഈ ആശയം താന്‍ മുന്നോട്ടുവെച്ചത്. ഗ്രാമീണ റോഡുകളുടെ വികസനത്തിന് പ്രത്യേക പദ്ധതി വേണമെന്ന നിര്‍ദേശം താന്‍ മുന്നോട്ടുവെയ്ക്കുകയായിരുന്നു. അതിന് വാജ്‌പേയിയുടെ പേരു നല്‍കണമെന്നും ആവശ്യപ്പെട്ടു.ആശയത്തില്‍ സംതൃപ്തി പ്രകടിപ്പിച്ച വാജ്‌പേയ് പദ്ധതിക്ക് തന്റെ പേരുനല്‍കുന്നതിനെ എതിര്‍ത്തതായും യശ്വന്ത് സിന്‍ഹ പറഞ്ഞു.
2000ലാണ് ഈ പദ്ധതിക്ക് ഇന്ത്യയില്‍ തുടക്കമിട്ടത്.ഈ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാന്‍ നിരവധി വ്യാജന്മാരാണ് രംഗത്തുവന്നത്. ഈ വ്യാജ പിതാക്കന്മാര്‍ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാനും മറ്റുമായി സഹകരിച്ചുകാണും. എന്നാല്‍ ആശയം തന്റേത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
1998-2004 കാലഘട്ടത്തില്‍ ധനകാര്യം, വിദേശകാര്യം എന്നി വകുപ്പുകള്‍ യശ്വന്ത് സിന്‍ഹ കൈകാര്യം ചെയ്തിട്ടുണ്ട്. ബിജെപിയിലെ മുതിര്‍ന്ന നേതാവായിരുന്ന യശ്വന്ത് സിന്‍ഹ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത വിമര്‍ശകനായാണ് അറിയപ്പെടുന്നത്. അടുത്തകാലത്താണ് യശ്വന്ത് സിന്‍ഹ ബിജെപി വിട്ടത്.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates