ന്യൂഡൽഹി: അയോധ്യക്കേസില്‍ സുപ്രീം കോടതി വിധി പറയാനിരിക്കെ പെരുമാറ്റച്ചട്ടവുമായി ബിജെപി. കേന്ദ്ര മന്ത്രിമാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കുമായാണ് പെരുമാറ്റച്ചട്ടം. ബിജെപി വര്‍ക്കിങ് പ്രസിഡന്‍റ് ജെപി നഡ്ഡ വിളിച്ചുചേര്‍ത്ത ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലാണ് പെരുമാറ്റച്ചട്ടം തയ്യാറാക്കിയത്. ബംഗളൂരു, കൊല്‍ക്കത്ത, മുംബൈ എന്നിങ്ങനെ മേഖലകള്‍ തിരിച്ച് യോഗം ചേരുകയും നിര്‍ദേശങ്ങള്‍ നേതാക്കള്‍ക്ക് കൈമാറുകയും ചെയ്തു.
സുപ്രീം കോടതിയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും പ്രകോപനപരമായ പ്രസ്താവനകളും വിലക്കിയിട്ടുണ്ട്. വിധി എന്തായാലും അഭിപ്രായപ്രകടനങ്ങള്‍ പാടില്ല. വിധിക്ക് ശേഷം കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നിലപാട് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ കൂടിയായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കും. അതിന് മുന്‍പ് ആരും പ്രതികരിക്കരുത്.
യുപിയില്‍ അര്‍ദ്ധ സൈനിക വിഭാഗത്തെ വിന്യസിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. 40 കമ്പനി കേന്ദ്ര സേനയെ ഉടന്‍ യുപിയില്‍ വിന്യസിക്കാനാണ് തീരുമാനം. ഈ മാസം 18വരെ കേന്ദ്ര സേന യുപിയില്‍ തുടരും. 10 കമ്പനി ദ്രുത കര്‍മസേന ഇതിനോടകം യുപിയില്‍ എത്തിക്കഴിഞ്ഞു. അയോധ്യയും അസംഗഡും ഉള്‍പ്പെടെ 12 പ്രശ്ന ബാധിത മേഖലകളിലാകും കേന്ദ്ര സേനയെ പ്രധാനമായും വിന്യസിക്കുക.
നേരത്തെ ആര്‍എസ്എസിന്‍റെ നേതൃത്വത്തില്‍ വിവിധ മുസ്‍ലിം സംഘടനകളുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇരു വിഭാഗവും സംയമനം പാലിക്കാൻ ധാരണയിലെത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വി പങ്കെടുത്ത യോഗത്തിലാണ് ധാരണയായത്. ആര്‍എസ്എസിന്‍റെ ഈ മാസം 10 നും 20നും ഇടയിലുള്ള പരിപാടികള്‍ റദ്ദാക്കി. വിധിയും തുടര്‍ന്നുള്ള സാഹചര്യങ്ങളും രാജ്യത്തിനകത്തും പുറത്തും ഏറെ ഉറ്റു നോക്കുന്നതിനാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകാതിരിക്കാന്‍ കരുതലോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നീങ്ങുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates