India

ആദ്യം വിവിപാറ്റ് എണ്ണില്ല, പ്രതിപക്ഷ ആവശ്യം തെരഞ്ഞെടുപ്പു കമ്മിഷന്‍ തള്ളി 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിവിപാറ്റ് (വോട്ടു രശീതി) ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പു കമ്മിഷന്‍ തള്ളി.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിവിപാറ്റ് (വോട്ടു രശീതി) ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പു കമ്മിഷന്‍ തള്ളി. വോട്ടിങ് യന്ത്രത്തിലെ വോട്ടു തന്നെയാവും ആദ്യം എണ്ണുകയെന്ന് കമ്മിഷന്‍ വ്യക്തമാക്കി. ഇന്നു രാവിലെ ചേര്‍ന്ന കമ്മിഷന്‍ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. 

വിവിപാറ്റ് ആദ്യം എണ്ണണമെന്നും തുടര്‍ന്ന് വോട്ടിങ് യന്ത്രത്തിലെ വോട്ടെണ്ണുമ്പോള്‍ പൊരുത്തക്കേടു കണ്ടാല്‍ ആ മണ്ഡലത്തിലെ മുഴുവന്‍ വിവിപാറ്റും എണ്ണണമെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടത്. ഇന്നലെ ഇരുപത്തിരണ്ടു പ്രതിപക്ഷ പാര്‍ട്ടികള്‍ കമ്മിഷനെ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇന്നു ചേരുന്ന യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാമെന്നായിരുന്നു കമ്മിഷന്‍ പ്രതിപക്ഷ നേതാക്കളെ അറിയിച്ചത്. 

വിവിപാറ്റ് ആദ്യം എണ്ണിയാല്‍ അന്തിമ ഫലം വൈകുമെന്ന് വിലയിരുത്തിയാണ്, പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തള്ളാനുള്ള തീരുമാനത്തില്‍ കമ്മിഷന്‍ എത്തിയത്. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാല്‍ അന്തിമ ഫലം ദിവസങ്ങള്‍ വൈകുമെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

അന്‍പതു ശതമാനമെങ്കിലും വിവിപാറ്റ് എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം നേരത്തെ സുപ്രിം കോടതി തള്ളിയിരുന്നു. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ചു വിവിപാറ്റ് എണ്ണണമെന്നാണ് കോടതി നല്‍കിയ നിര്‍ദേശം. ഇതനുസരിച്ച് വോട്ടിങ് യന്ത്രത്തിലെ വോട്ട് എണ്ണിക്കഴിഞ്ഞതിനു ശേഷം വിവിപാറ്റുകള്‍ എണ്ണാനാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിച്ചിട്ടുള്ളത്. 

വിവിപാറ്റും വോട്ടിങ് മെഷീനിലെ വോട്ടും തമ്മില്‍ പൊരുത്തക്കേടു കണ്ടാല്‍ വിവിപാറ്റ് ആയിരിക്കും അന്തിമമായി സ്വീകരിക്കുകയെന്നാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഇതുകൊണ്ടു കാര്യമില്ലെന്നും പൊരുത്തക്കേടു കണ്ടാല്‍ ആ മണ്ഡലത്തിലെ മുഴുവന്‍ വിവിപാറ്റും എണ്ണണമെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. ഇതിനായി ആദ്യം വിവിപാറ്റ് എണ്ണണമെന്നും അവര്‍ ആവശ്യപ്പെടുന്നു. 

വിവിപാറ്റുകള്‍ എണ്ണിത്തീര്‍ക്കാന്‍ നാലു മുതല്‍ ആറു മണിക്കൂര്‍ വരെയെടുക്കുമെന്നാണ് കമ്മിഷന്റെ നിഗമനം. വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ അനൗദ്യോഗികമായി ഫലം പുറത്തുവിടും. ഇത് ഉച്ചയോടെ അറിയാനാവുമെന്നും പിന്നീട് വിവിപാറ്റ് എണ്ണി ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നുമാണ് കമ്മിഷന്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍ വിവിപാറ്റ് ആദ്യം എണ്ണാന്‍ തീരുമാനിക്കുന്ന പക്ഷം ഇതു പാടേ മാറിമറിയും. നാലോ അഞ്ചോ മണിക്കൂറെടുത്ത് വിവിപാറ്റ് എണ്ണിക്കഴിഞ്ഞതിനു ശേഷം വോട്ടിങ് യന്ത്രത്തിലെ വോട്ട് എണ്ണാന്‍ തീരുമാനിച്ചാല്‍ അന്തിമ ഫലം ദീര്‍ഘമായി വൈകുമെന്നാണ് കമ്മിഷന്റെ വാദം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

SCROLL FOR NEXT