India

ആരോഗ്യ മന്ത്രാലയത്തിന്റെ പേരില്‍ വ്യാജ സൈറ്റ്; ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 1.09 കോടി രൂപ; ഇരകളായത് 27,000 പേര്‍; അറസ്റ്റ്

ആരോഗ്യ മന്ത്രാലയത്തിന്റെ പേരില്‍ വ്യാജ സൈറ്റ്; ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 1.09 കോടി രൂപ; ഇരകളായത് 27,000 പേര്‍; അറസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പേരില്‍ വന്‍ ജോലി തട്ടിപ്പ്. മന്ത്രാലയത്തിന്റെ പേരിലുള്ള വ്യാജ തൊഴില്‍ വെബ്സൈറ്റിലൂടെ 27,000 ത്തോളം ആളുകളെയാണ് കബളിപ്പിച്ചത്. ഒരു മാസത്തിനിടെ ഇവരില്‍ നിന്നായി 1.09 കോടിയോളം രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസായി സംഘം തട്ടിയെടുത്തത്. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു.

സര്‍ക്കാര്‍-സ്വകാര്യ ഏജന്‍സികള്‍ക്കായി ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് പരീക്ഷകള്‍ നടത്തുന്ന ഒരു കേന്ദ്രം തട്ടിപ്പിന്റെ സൂത്രധാരന്‍മാര്‍ നിയമപരമായി പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഇതിലൂടെ ലഭിക്കുന്ന തൊഴില്‍ അന്വേഷകരുടെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ചായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. 

അക്കൗണ്ടന്റുമാര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍, നഴ്സ്, ആംബുലന്‍സ് ഡ്രൈവര്‍ തുടങ്ങിയ തസ്തികളിലേക്ക് 13,000 ത്തോളം ഒഴിവുകളിലേക്കാണ് രണ്ട് വ്യാജ വെബ്സൈറ്റുകളിലൂടെ രജിസ്ട്രേഷന്‍ ഫീസ് സ്വരൂപിച്ചത്. ഈ സൈറ്റുകളുടെ ലിങ്കുകള്‍ ചേര്‍ത്ത് 15 ലക്ഷത്തോളം പേര്‍ക്ക് സംഘം എസ്എംഎസുകള്‍ അയച്ചിരുന്നതായും ഡല്‍ഹി പൊലീസ് പറഞ്ഞു.

യഥാര്‍ത്ഥമാണെന്ന് തോന്നിപ്പിക്കും വിധമായിരുന്നു വ്യാജ വെബ്സൈറ്റുകളുടെ രൂപകല്‍പനയെന്ന് ഡല്‍ഹി സൈബര്‍ സെല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. ആരോഗ്യ കുടുംബ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ സൈറ്റുകളെന്നും അവകാശപ്പെട്ടിരുന്നു. 

500 രൂപ രജിസ്ട്രേഷന്‍ ഫീസായി അടച്ച ഒരു തൊഴില്‍ അന്വേഷകന്‍ തുടര്‍ വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം പൊലീസിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് ശ്രദ്ധയില്‍പ്പെടുന്നത്. 100 മുതല്‍ 500 രൂപ വരെയാണ് സംഘം രജിസ്ട്രേഷന്‍ ഫീസായി വാങ്ങിയിരുന്നത്. വലിയ തുകയല്ലാത്തതിനാല്‍ ആളുകള്‍ പൊലീസിനെ സമീപിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു സംഘാംഗങ്ങള്‍.

ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ ആരംഭിച്ച ബാങ്ക് അക്കൗണ്ടിലേക്കാണ് ആളുകള്‍ രജിസ്ട്രേഷന്‍ ഫീസായി നല്‍കുന്ന തുക എത്തിയിരുന്നത്. അതാത് ദിവസം വന്ന് ചേരുന്ന പണം അന്നു തന്നെ പിന്‍വലിക്കുന്നതായിരുന്നു തട്ടിപ്പുകാരുടെ രീതി. ഇങ്ങനെ ഒരു എടിഎം കേന്ദ്രീകരിച്ച് നടത്തിയ ഓപ്പറേഷനിലൂടെയാണ് പ്രതികളെ പിടികൂടാനായതെന്ന് പൊലീസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം