India

ഇടത് സര്‍ക്കാരിന്റെ കാലത്തെ 'ഫോണ്‍ ചോര്‍ത്തല്‍ വിദഗ്ധന്‍'; അന്ന് മമതയുടെ കണ്ണിലെ കരട്, പിന്നെ കണ്ണിലുണ്ണി: സിബിഐയെ ഞെട്ടിച്ച് കേസ് തെളിയിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍

ഒരുകാലത്ത് മമതയുടെ കണ്ണിലെ കരടായിരുന്നു ഇപ്പോള്‍ ശാരദ ചിട്ടിതട്ടിപ്പ് കേസില്‍ സിബിഐയുടെ പിടിയില്‍ നിന്നും ബംഗാള്‍ മുഖ്യമന്ത്രി രക്ഷിക്കാന്‍ ശ്രമിക്കുന്ന കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍

സമകാലിക മലയാളം ഡെസ്ക്

പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ വൈര്യം തീര്‍ക്കാന്‍ ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നുവെന്ന് ഐപിഎസ് ഉദ്യോഗസ്ഥന് എതിരെ ആരോപണം ഉന്നയിച്ച മമത ബാനര്‍ജി, ഒരു ദശകത്തിന് ഇപ്പുറം അതേ ഉദ്യോഗസ്ഥന് വേണ്ടി സമരമിരിക്കുന്നു! ഒരുകാലത്ത് മമതയുടെ കണ്ണിലെ കരടായിരുന്നു ഇപ്പോള്‍ ശാരദ ചിട്ടിതട്ടിപ്പ് കേസില്‍ സിബിഐയുടെ പിടിയില്‍ നിന്നും ബംഗാള്‍ മുഖ്യമന്ത്രി രക്ഷിക്കാന്‍ ശ്രമിക്കുന്ന കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍. 

ഇടത് സര്‍ക്കാരിന്റെ കാലത്ത് രാജീവ് കുമാറിന് എതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് മമത നടത്തിയിരുന്നത്. രാഷ്ട്രീയ എതിരാളികളുടെ ഫോണ്‍ ചോര്‍ത്താന്‍ ഇലക്ട്രോണിക് മേഖലയില്‍ പ്രത്യേക പ്രാവീണ്യം നേടിയ രാജീവ് കുമാറിനെ ഇടതുപക്ഷം ഉപയോഗിക്കുന്നു എന്നായിരുന്നു മമതയുടെ ആരോപണം. 1989 ഐപിഎസ് ബാച്ചുകാരനായ ഈ 53കാരന്‍ റൂര്‍കി ഐഐടിയില്‍ നിന്നും കംപ്യൂട്ടര്‍ സയന്‍സില്‍  എഞ്ചിനിയിറങ്ങില്‍ ബിരുദം നേടിയ ശേഷമാണ് ഐപിഎസിലേക്ക് തിരിഞ്ഞത്. 

സംഭവബഹുലമായ കരിയറില്‍, രാജീവ് കുമാര്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ ജോയിന്റ് കമ്മീഷണറായും സിഐഡി വിഭാഗത്തിന്റെ ഡയറക്ടര്‍ ജനറലായും ഒക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാവോയിസ്റ്റ് കേന്ദ്രങ്ങളിലേക്ക് നേരെ ബംഗാള്‍ പൊലീസ് നിരന്തരം ഓപ്പറേഷനുകള്‍ നടത്തിയത് രാജീവ് കുമാര്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ തലപ്പത്ത് ഇരുന്ന സമയത്തായിരുന്നു. 

പ്രമുഖ മാവോയിസ്റ്റ് നേതാവ് ചത്തരധര്‍ മഹതോയെ അറസ്റ്റ് ചെയ്തതും രാജീവാണ്. ഇതിന് പിന്നാലെ ലാല്‍ഘര്‍ മേഖലയില്‍ പൊലീസ് അക്രമങ്ങള്‍ക്ക് എതിരെ മാവോസ്റ്റുകളുടെ പിന്തുണയോടം വലിയ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവന്നു. ഇതിന്റെ ഭാഗമായി പശ്ചിമ മിട്‌നാപൂരില്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ സംഘത്തിന് നേരെ അക്രമം നടന്നു. തലനാരിഴയ്ക്കാണ് അന്ന് മുഖ്യമന്ത്രി രക്ഷപ്പെട്ടത്. മേഖലയിലെ വിമത ഗ്രൂപ്പുകളെല്ലാം രാജീവിന്റെ നേതൃത്വത്തില്‍ പൊലീസ് ഓപ്പറേഷനില്‍ തുടച്ചുനീക്കപ്പെട്ടു. 

2011ല്‍ 34 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ച് മമത അധികാരത്തിലെത്തി. നിസ്സാരമായ പോസ്റ്റിലേക്ക് കുമാറിനെ മാറ്റിക്കൊണ്ട് പകരം വീട്ടാനുള്ള മമതയുടെ ശ്രമം തടഞ്ഞത് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരായിരുന്നു. എട്ടുവര്‍ഷത്തിനുള്ളില്‍ ഹൗറ ബ്രിഡ്ജിനടിയില്‍ കൂടി ഒരുപാട് ജലം ഒഴുകിപ്പോയി. മമതയുടെയും കുമാറിന്റെയും നിലപാടുകള്‍ മാറി. 2012ല്‍ ബിധാന്‍ നഗര്‍ കമ്മീഷണറേറ്റ് സ്ഥാപിക്കപ്പെട്ടു, രാജീവ് കുമാര്‍ ആദ്യ കമ്മീഷണറായി അവരോധിക്കപ്പെട്ടു. 

2013ല്‍ ശാരദ ചിട്ടിതട്ടിപ്പ് പുറംലോകമറിഞ്ഞു. ആയിരക്കണക്കിന് നിക്ഷേപകര്‍ ചിട്ടി കമ്പനി ഉടമ സുദീപ്ത സെന്നിനെതിരെ നടപടി ആവശ്യപ്പെട്ട് ഭരണപ്പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസുകള്‍ക്ക് മുന്നില്‍ കാത്തിരുന്നു. സംഭവത്തില്‍ ആദ്യകേസ് രജിസ്റ്റര്‍ ചെയ്തത് ബിധാന്‍നഗര്‍ പൊലീസ് കമ്മീഷണറേറ്റ് പരിധിയിലായിരുന്നു. 2013 ഏപ്രില്‍ 18ന് സെന്നിനെയും കൂട്ടാളി ദേബ്ജാനി മുഖര്‍ജിയെയും രാജീവ് കുമാറും സംഘവും ജമ്മു കശ്മീരില്‍ നിന്ന് അറസ്റ്റ് ചെയ്തു. കേസന്വേഷിക്കാന്‍ രാജീവ് കുമാറിന്റെ കീഴില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കപ്പെട്ടു. 

അന്വേഷണ ഘട്ടത്തിലാണ് ഭരണപക്ഷവുമായി രാജീവ് കൂടുതല്‍ അടുക്കുന്നത്. ഇത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. കേസില്‍ പ്രതികളായ തൃണമൂലുകാരെ രക്ഷിക്കാനായി അന്വേഷണ സംഘം തെളിവ് നശിപ്പിക്കുന്നു എന്നാരോപിച്ച് ഇടതു പാര്‍ട്ടികള്‍ ശക്തമായി രംഗത്തെത്തി. 2013 നവംബറില്‍ വിമത തൃണമൂല്‍ എംപി കുനാല്‍ ഘോഷ് അറസ്റ്റ് ചെയ്യപ്പെട്ടു. 2014ല്‍ ശാരദ ചിട്ടിഫണ്ട് തട്ടിപ്പ് കേസ് സിബിഐയ്ക്ക് വിടാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. 

ഇക്കാലയളവില്‍ തൃണമൂലുമായി സ്ഥാപിച്ചെടുത്ത അടുത്ത ബന്ധം, രാജീവിനെ അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിഐഡി പോസ്റ്റിലേക്ക് ഉയര്‍ത്തുന്നതിന് കാരണമായി. ഈ കാലയളവില്‍ എഴുപതു വയസ്സുകാരി കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സിബിഐയെ കടത്തി വെട്ടി രാജീവ് മുഖ്യപ്രതിയെ പിടികൂടി. 2015 മാര്‍ച്ചിലാണ് കന്യാസ്ത്രീ കൂട്ട ബലാത്സംഗത്തിന് ഇരയായത്. കോളിളക്കം സൃഷ്ടിച്ച കേസ് സര്‍ക്കാര്‍ 2015 മാര്‍ച്ച് 18ന് സിബിഐയെ ഏല്‍പ്പിച്ചു. സിബിഐ അന്വേഷണം തുടങ്ങുന്നതിന് മുന്നേ മാര്‍ച്ച് 26ന് രാജീവ് കുമാര്‍ മുഖ്യപ്രതിയെ വലയിലാക്കി. ഇതിന് പിന്നാലെ കൊല്‍ക്കത്ത പൊലീസ് കമ്മീഷണറായി മമത ബാനര്‍ജി രാജീവ് കുമാറിനെ നിയോഗിച്ചു. 

ഒരുമാസം കഴിഞ്ഞപ്പോള്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ പശു കച്ചവടക്കാരായി പ്രച്ഛന്ന വേഷം കെട്ടി ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹയെ കൈക്കൂലി കേസില്‍ കുടുക്കി. തൃണമൂല്‍ കോണ്‍ഗ്രസിനെ പിടിച്ചുലച്ച സംഭവമായ അഴിമതി ആരോപണം കത്തി നിന്ന സമയത്തായിരുന്നു ഇത്. വ്യാജ കമ്പനിയില്‍ നിന്ന് പണം വാങ്ങുന്ന നേതാക്കളുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴായിരുന്നു ഈ സംഭവം. ഏപ്രിലില്‍ രാജീവിനെ മാറ്റി സോമന്‍ മിത്രയെ തല്‍സ്ഥാനത്ത് കൊണ്ടുവരാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. 

വീണ്ടും അധികാരത്തിലെത്തിയ മമത രാജീവിനെ വീണ്ടും കമ്മീഷണറാക്കി. ഇതിന് പിന്നാലെ മുതിര്‍ന്ന ബിജെപി നേതാക്കളായ കൈലാഷ് വിജയ് വര്‍ഗീയയും മുകുള്‍ റോയിയും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണങ്ങള്‍  മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇതില്‍ ഐപിഎസ് ഉദ്യോഗസ്ഥനെ നിരീക്ഷിക്കാന്‍ സിബിഐയോട് ആവശ്യപ്പെടാന്‍ അമിത് ഷായോട് പറയണം എന്ന് വിജയ് വര്‍ഗീയയോട് റോയ് ആവശ്യപ്പെടുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT