ന്യൂഡൽഹി: ഹാക്ക് ചെയ്ത് 15 ദിവസം കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കാനാകാതെ ബിജെപിയുടെ ഔദ്യോഗിക വെബ്സൈറ്റ്. എന്നാൽ സൈറ്റ് പുതിയ രീതിയിൽ അവതരിപ്പിക്കുന്ന ജോലികൾ അവസാന ഘട്ടത്തിലാണെന്നും ഏതാനും ദിവസത്തിനുള്ളിൽ പുതിയ സൈറ്റ് പ്രവർത്തനസജ്ജമാകുമെന്നും നേതാക്കൾ വിശദീകരിക്കുന്നു.
ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണു www.bjp.org എന്ന വിലാസത്തിലുള്ള ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. സൈറ്റിൽ കടന്നുകയറി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുള്ള സന്ദേശങ്ങളും മറ്റും പോസ്റ്റ് ചെയ്യുകയായിരുന്നു. ഹാക്കിങ്ങിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരാളും രംഗത്തെത്തിയിട്ടില്ല. ഹാക്കിങ് നടന്ന് മിനുട്ടുകൾക്കുള്ളിൽ തന്നെ സൈറ്റ് തിരിച്ചുപിടിച്ചുവെന്ന് മുതിർന്ന നേതാക്കൾ വിശദീകരിക്കുന്നു. ഇതു വലിയ സംഭവമല്ലെന്നു വിശദമാക്കി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ഉൾപ്പെടെയുള്ളവരും രംഗത്തെത്തിയിരുന്നു.
തെരഞ്ഞെടുപ്പു നടപടികൾ സജീവമായ ഘട്ടത്തിൽ വെബ്സൈറ്റ് പ്രവർത്തിക്കാത്തതിനെക്കുറിച്ചു പലരും ചോദ്യമുയർത്തുന്നുണ്ട്. എന്നാൽ വെബ്സൈറ്റിലെ പഴുതുകൾ അടച്ചു മികച്ച രീതിയിൽ അവതരിപ്പിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നാണു ബിജെപി ഐടി സെല്ലിന്റെ നേതൃ നിരയിലുള്ളവർ പറയുന്നത്. പക്ഷേ, സൈറ്റ് എന്ന് പ്രവർത്തന സജ്ജമാകുമെന്നതിനു വ്യക്തമായ മറുപടിയില്ല. സൈറ്റിലെ ഡേറ്റകൾ പൂർണമായി ചോർന്നിട്ടുണ്ടാകാമെന്ന ആശങ്കയും വിദഗ്ധർ പങ്കുവയ്ക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates