ബംഗളൂരു: തീവ്രവാദ സംഘടനയായ ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടത്തിയ രണ്ട് പേർ അറസ്റ്റിൽ. എൻഐഎയാണ് ഇവരെ പിടികൂടിയത്. തമിഴ്നാട് രാമനാഥപുരം സ്വദേശി അഹമ്മദ് അബ്ദുൽ ഖാദർ (40) ബംഗളൂരു സ്വദേശി ഇർഫാൻ നാസിർ (33) എന്നിവരാണ് അറസ്റ്റിലായത്.
ഇരുവരും യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തതിനൊപ്പം സിറിയയിലേക്കുള്ള യാത്രയ്ക്ക് സാമ്പത്തിക സഹായം നൽകിയിരുന്നുവെന്നും എൻഐഎ വ്യക്തമാക്കി. ഇവരുടെ വീടുകളിൽ നടത്തിയ റെയ്‌ഡിൽ ചില രേഖകളും ഇലക്ട്രോണിക്ക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
പിടിയിലായ അബ്ദുൽ ഖാദർ ചെന്നൈയിലെ ഒരു ബാങ്കിൽ ബിസിനസ് അനലിസ്റ്റായി ജോലി ചെയ്യുകയാണ്. ഇർഫാൻ നാസിർ ബംഗളൂരുവിൽ അരി വ്യാപാരിയാണ്. ബംഗളൂരു ഐഎസ് മൊഡ്യൂൾ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് രണ്ട് പേരെയും എൻഐഎ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച അറസ്റ്റ് ചെയ്ത ഇരുവരേയും ബംഗളൂരു എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാക്കി. പത്ത് ദിവസത്തേക്ക് ഇരുവരെയും എൻഐഎ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
നേരത്തെ ഡൽഹിയിൽ അറസ്റ്റിലായ കശ്മീരി ദമ്പതിമാരിൽ നിന്നാണ് ഐഎസുമായി ബന്ധപ്പെട്ട കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. തുടർന്ന് ഹൈദരാബാദിൽ നിന്ന് അബ്ദുല്ല ബാസിത് എന്നയാളെ എൻഐഎ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ ബംഗളൂരുവിലെ നേത്രരോഗ വിദഗ്ധൻ ഡോ. അബ്ദുറഹ്മാനും എൻഐഎയുടെ പിടിയിലായി. ഇയാളിൽ നിന്നാണ് 2013-14 കാലയളവിൽ ഐഎസിൽ ചേരാനായി സിറിയയിലേക്ക് പോയ മറ്റുള്ളവരുടെ വിവരങ്ങൾ ലഭിച്ചത്.
ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടത്തിയ അബ്ദുൽ ഖാദറിനെക്കുറിച്ചും ഇർഫാൻ നാസിറിനെക്കുറിച്ചും ഈ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ കിട്ടി. ഹിസ്ബുത്ത് തെഹ്റീർ അംഗങ്ങളായ ഇരുവരും ഖുറാൻ സർക്കിൾ എന്ന പേരിൽ ബംഗളൂരു ആസ്ഥാനമാക്കി ഒരു ഗ്രൂപ്പ് ഉണ്ടാക്കുകയും സിറിയയിലേക്ക് പോകാനുള്ള സാമ്പത്തിക സഹായം നൽകുകയും ചെയ്തിരുന്നു.
നിരവധി ഉറവിടങ്ങളിൽ നിന്ന് അഹമ്മദ് അബ്ദുൽ ഖാദറും ഇർഫാൻ നാസിറും പണം സമാഹരിച്ചിരുന്നതായാണ് എൻഐഎയുടെ കണ്ടെത്തൽ. ഇതിനുപുറമേ സംഭാവനകളായും പണം സ്വീകരിച്ചിരുന്നു. ഈ സഹായം ഉപയോഗിച്ചാണ് ഡോ. അബ്ദുറഹ്മാൻ ഉൾപ്പെടെയുള്ള യുവാക്കൾ സിറിയയിൽ പോയതെന്നും ഇവരിൽ രണ്ട് പേർ അവിടെ കൊല്ലപ്പെട്ടെന്നും എൻഐഎ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates