പൂനെ: ഓർഡർ ചെയ്ത ഭക്ഷണത്തിനു പകരം എത്തിച്ചത് മറ്റൊന്ന്. ഭക്ഷണം മാറി എത്തിച്ച ഭക്ഷണവിതരണ ആപ്ലിക്കേഷനായ സൊമാട്ടോയ്ക്കും പൂനയിലെ ഭക്ഷണശാലയ്ക്കും അരലക്ഷം രൂപയിലേറെ പിഴ. പൂനെയിലെ ഉപഭോക്തൃ കോടതിയാണ് സൊമോട്ടോയ്ക്കും ഭക്ഷണശാലയ്ക്കും 55,000 രൂപ പിഴ ശിക്ഷ വിധിച്ചത്.
പൂനെയിലെ അഭിഭാഷകനായ ഷണ്‍മുഖ് ദേശ്മുഖിനാണ് ഓർഡർ ചെയ്തതിന് പകരം വേറെ ഭക്ഷണം ലഭിച്ചത്. വെജിറ്റേറിയൻ ഭക്ഷണമായ പനീർ ബട്ടർ മസാലയാണ് ദേശ്മുഖ് ഓർഡർ ചെയ്തത്. എന്നാൽ ലഭിച്ചതാകട്ടെ ബട്ടർ ചിക്കനും. കറികൾക്ക് സാമ്യം ഉള്ളതിനാൽ ചിക്കൻ ആണെന്നറിയാതെ ദേശ്മുഖ് ഇത് കഴിച്ചു. രണ്ടുവട്ടം ഇങ്ങനെ സംഭവിച്ചു. ഇതേതുടർന്നാണ് ഷണ്‍മുഖ് കോടതിയെ സമീപിച്ചത്.
തങ്ങളുടെ കമ്പനിയെ അപമാനിക്കാനാണു ഷണ്‍മുഖ് ശ്രമിക്കുന്നതെന്നും ഭക്ഷണത്തിന്റെ പണം തിരികെ നൽകിയിട്ടുണ്ടെന്നും സൊമാട്ടോ കോടതിയിൽ വാദിച്ചു. ഹോട്ടലിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവിന് തങ്ങളെ കുറ്റപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടു. എന്നാൽ സംഭവത്തിൽ സൊമാട്ടോയ്ക്കും ഹോട്ടലിനും പിഴവ് സംഭവിച്ചിട്ടുണ്ടെന്നു കണ്ടെത്തിയ കോടതി ഇരുവർക്കും പിഴ വിധിക്കുകയായിരുന്നു. ഹോട്ടൽ ഉടമ നേരത്തെ തന്നെ കുറ്റം സമ്മതിച്ചിരുന്നു. 45 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം കൈമാറണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates