ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ തദ്ദേശ നിര്‍മിത ആണവ അന്തര്‍വാഹിനിയായ ഐഎന്‍എസ് അരിഹന്തിലെ നാവികരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരിച്ചു. ആദ്യ പ്രതിരോധ പെട്രോള്‍(ഡിറ്റരന്‍സ് പെട്രോള്‍) വിജയകരമായി പൂര്‍ത്തീകരിച്ച് തിരിച്ചെത്തിയ നാവിക സംഘത്തിലെ അംഘങ്ങളെയാണ് പ്രധാനമന്ത്രി നേരിട്ടെത്തി അഭിനന്ദനം അറിയിച്ചത്. ഐഎന്‍എസ് അരിഹന്തിന്റെ ആദ്യ പ്രതിരോധ പെട്രോള്‍ വിജയത്തിലൂടെ ആണവ അന്തര്‍വാഹിനികള്‍ സ്വന്തമായി നിര്‍മ്മിക്കാനും പ്രവര്‍ത്തിപ്പിക്കാനും ശേഷിയുള്ള ചുരുക്കം രാജ്യങ്ങളുടെ ഗണത്തില്‍ ഇന്ത്യയും ഇടം നേടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കരയിലും വെള്ളത്തിലും ആകാശത്തും ഇന്ത്യ ആണവശക്തി നേടിയതിന് പിന്നില്‍ അരിഹന്തിന്റെ വിജയകരമായ പൂര്‍ത്തീകരണമാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച നാവികസംഘത്തിലെ എല്ലാ അംഗങ്ങളെയും താന്‍ അഭിനന്ദിക്കുന്നു എന്നുമാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍. ന്യൂക്ലിയാര്‍ ഭീഷണി ഉയര്‍ത്തുന്നവര്‍ക്കുള്ള മറുപടിയാണ് ഐഎന്‍എസ് അരിഹന്ത് എന്ന് തന്റെ ട്വീറ്റില്‍ മോദി പറഞ്ഞു.
അരിഹന്ത് എന്ന വാക്കിന്റെ അര്‍ത്ഥം ശത്രുഘാതകന്‍ എന്നാണ്. ശത്രുസൈന്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുക എന്ന ഉദ്ദേശത്തോടെ യുദ്ധക്കപ്പലുകള്‍ കടലില്‍ റോന്ത് ചുറ്റുന്നതിനെയാണ് ഡിറ്ററന്‍സ് പട്രോള്‍ എന്നു പറയുന്നത്. 3,500 കിലോമീറ്റര്‍ ദൂരപരിധിയുള്ള ആണവ പോര്‍മുനകള്‍ ഘടിപ്പിച്ച ബാലിസ്റ്റിക് മിസൈലുകളാണ് ഐഎന്‍എസ് അരിഹന്തിന്റെ ശക്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates