India

കര്‍ണാടക കേസില്‍ വിധി നാളെ; രാജിയിലും അയോഗ്യതയിലും നാളെ തീരുമാനമെന്ന് സ്പീക്കര്‍

രാജിവച്ചവര്‍ രാജിവച്ചെന്ന് സുപ്രിം കോടതിയിലും ടെലിവിഷന്‍ ചാനലുകളിലും പോയി കരഞ്ഞുപറയേണ്ടി വരികയാണ്. സ്പീക്കറാണെങ്കിലും അതു സമ്മതിക്കുന്നുമില്ല

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കര്‍ണാടകയില്‍ രാജിതീരുമാനം നീട്ടിക്കൊണ്ടുപോവുന്ന സ്പീക്കറുടെ നടപടിക്കെതിരെ എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി നാളെ വിധി പറയും. വിശദമായ വാദം കേള്‍ക്കലിനു ശേഷമാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കേസ് വിധി പറയാന്‍ മാറ്റിയത്. 

അയോഗ്യതയില്‍നിന്നു രക്ഷപെടാനാണ് എംഎല്‍എമാര്‍ രാജിക്കത്തു നല്‍കിയതെന്ന് സ്പീക്കര്‍ക്കു വേണ്ട്ി ഹാജരായ മനു അഭിഷേക് സിങ്വിയും മന്ത്രിമാരാവാനാണ് രാജിയെന്നു മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ രാജീവ് ധവാനും വാദത്തിനിടെ ചൂണ്ടിക്കാട്ടി. ഒരാള്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചാല്‍ സ്പീക്കര്‍ക്ക് എങ്ങനെയാണ് തടയാനാവുകയെന്ന് രാജിവച്ച എംഎല്‍എമാര്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ചോദിച്ചു.കേരളത്തില്‍ പിസി ജോര്‍ജിനെതിരായ അയോഗ്യതാ നോട്ടീസ് നിലനില്‍ക്കുമ്പോള്‍ രാജിവയ്ക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ടെന്ന് റോത്തഗി ചൂണ്ടിക്കാട്ടി.

രാജിവച്ച പത്തു പേരില്‍ ഉമേഷ് ജാദവിന്റെ രാജി സ്പീക്കര്‍ സ്വീകരിച്ചിട്ടുണ്ട്. അയോഗ്യതാ നോട്ടീസ് നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഈ നടപടി. അയോഗ്യതാ നോട്ടീസ് രാജി സ്വീകരിക്കുന്നതിനു തടസമല്ലെന്നാണ് ഇതു വ്യക്തമാക്കുന്നതെന്ന് റോത്തഗി പറഞ്ഞു. അയോഗ്യതാ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് താന്‍ ആവശ്യപ്പെടുന്നില്ല. എന്നാല്‍ രാജിയില്‍ തീരുമാനമെടുക്കാതിരിക്കാനാവില്ലെന്ന് റോത്തഗി പറഞ്ഞു.

എന്ത് അടിസ്ഥാനത്തിലാണ് എംഎല്‍എമാര്‍ക്കെതിരെ അയോഗ്യതാ നടപടിയെടുക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചോദിച്ചു. അയോഗ്യതയ്ക്കു സാധുവായ കാരണമില്ലെന്ന് റോത്തഗി മറുപടി പറഞ്ഞു. ഫെബ്രുവരി രണ്ടിനു നല്‍കിയ അയോഗ്യതാ നോട്ടീസ് നിലനില്‍ക്കെത്തന്നെയാണ് ജൂലൈ പത്തിനു വീണ്ടും നോട്ടീസ് നല്‍കിയത്. രാജി തടസപ്പെടുത്തുകയാണ് അയോഗ്യതാ നോട്ടീസിന്റെ ലക്ഷ്യം. രാജിവച്ചാല്‍ എംഎല്‍എയ്ക്ക് മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്ന് നാളെ മന്ത്രിയാവാനാവും. അയോഗ്യത വന്നാല്‍ ഉപതെരഞ്ഞെടുപ്പു വരെ കാത്തിരിക്കണമെന്ന് റോത്തഗി വിശദീകരിച്ചു. 

ഒരാളുടെ രാജിക്ക് ഒരായിരം കാരണങ്ങളുണ്ടാവാം. ഇവിടെ സ്പീക്കര്‍ പറയുന്നത് മറ്റൊരു പാര്‍ട്ടിക്കു വേണ്ടിയാണ് എംഎല്‍എമാര്‍ രാജിവച്ചതെന്നാണ്. രാജിവച്ചവര്‍ രാജിവച്ചെന്ന് സുപ്രിം കോടതിയിലും ടെലിവിഷന്‍ ചാനലുകളിലും പോയി കരഞ്ഞുപറയേണ്ടി വരികയാണ്. സ്പീക്കറാണെങ്കിലും അതു സമ്മതിക്കുന്നുമില്ല. ഇതു പരിഹാസ്യമാണ്- റോത്തഗി വാദിച്ചു.

ഈ വാദഗതികള്‍ അംഗീകരിക്കുകയാണെങ്കില്‍തന്നെ എന്ത് ഉത്തരവാണ് സ്പീക്കര്‍ക്കു നല്‍കാനാവുകയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. സഭാ നടപടികളില്‍ ഇടപെടുന്നതിനാണു ഭരണഘടനാപരമായി കോടതിക്കു വിലക്കുള്ളതെന്നും തീരുമാനമെടുക്കുന്നിനു സ്പീക്കര്‍ക്കു നിര്‍ദേശം നല്‍കാന്‍ കോടതിക്കാവുമെന്നും റോത്തഗി ചൂണ്ടിക്കാട്ടി. 2018ല്‍ സഭയില്‍ വോട്ടെടുപ്പു നടത്താന്‍ സുപ്രിം കോടതി സ്പീക്കര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് റോത്തഗി പറഞ്ഞു. 

അയോഗ്യതയില്‍നിന്നു രക്ഷപെടാന്‍ രാജിവയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സ്പീക്കര്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മനു സിങ്വി വാദിച്ചു. എംഎല്‍എമാര്‍ക്കെതിരായ അയോഗ്യതാ നടപടികള്‍ ഇതിനകം തന്നെ തുടങ്ങിയതാണ്. രാജിവയ്ക്കുന്നതിനു മുമ്പ് നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്ന് സിങ്വി പറഞ്ഞു.

ജൂലൈ പതിനൊന്നിന് എംഎല്‍എമാര്‍ നേരില്‍വന്നു കത്തു നല്‍കിയിട്ടും രാജി സ്വീകരിക്കുന്നതില്‍ എന്താണ് തടസമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. അയോഗ്യതയിലും രാജിയിലും നാളെ തീരുമാനമെടുക്കാമെന്നും അതിനായി നേരത്തെ നല്‍കിയ ഉത്തരവ് ഭേദഗതി ചെയ്യണമെന്നും സിങ്വി ആവശ്യപ്പെട്ടു. 

സ്പീക്കര്‍ക്ക് ഉത്തരവ് നല്‍കാനാവില്ലെന്ന സിങ്വിയുടെ വാദത്തെ ചീഫ് ജസ്റ്റിസ് ചോദ്യം ചെയ്തു. ഇരുപത്തിനാലു മണിക്കൂറിനകം സഭയില്‍ വോട്ടെടുപ്പു നടത്താന്‍ കഴിഞ്ഞ വര്‍ഷം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അര്‍ധരാത്രിയില്‍ വാദം കേട്ടു കോടതി പ്രോടേം സ്പീക്കറെ നിയമിച്ചിട്ടുണ്ട്. കോടതിയുടെ പരിധി നിലകൊള്ളുന്നത് അതിന്റെ ആത്മനിയന്ത്രണത്തിലാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

മന്ത്രിമാര്‍ ആവുകയാണ് എംഎല്‍എമാരുടെ രാജിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രിക്കു വേണ്ടി ഹാജരായ രാജീവ് ധവാന്‍ പറഞ്ഞു. തീരുമാനമെടുക്കാന്‍ സ്പീക്കറോടു നിര്‍ദേശിക്കാന്‍ കോടതിക്കാവില്ല. സ്പീക്കര്‍ തീരുമാനമെടുത്ത ശേഷമേ കോടതിക്ക് ഇടപെടാനാവൂ എന്ന് രാജീവ് ധവാന്‍ വാദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

'എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും'; മധുവിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി

ചിറ്റൂരില്‍ 14 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തില്‍ ആക്ഷേപം; വിദ്യാര്‍ഥിക്ക് ആള്‍ക്കൂട്ടമര്‍ദ്ദനം- വിഡിയോ

SCROLL FOR NEXT