ചെന്നൈ : മലയാളി ഗുണ്ടാ നേതാവിന്റെ പിറന്നാള്‍ ആഘോഷം ചാകരയായതിന്റെ സന്തോഷത്തിലാണ് ചെന്നൈ പൊലീസ്. മലയാളി ഗുണ്ടാനേതാവ് ബിനുവിന്റെ പിറന്നാളാഘോഷമാണ് പൊലീസിന് കൊയ്ത്തായത്. ചെന്നൈ അമ്പത്തൂര്‍ മലയമ്പാക്കത്ത് നടന്ന പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത 75 പിടികിട്ടാപ്പുള്ളികളെയാണ് ഒറ്റയടിക്ക് പിടികൂടിയത്.
ചൊവ്വാഴ്ച പള്ളിക്കരണയില്‍ വെച്ച് വാഹന പരിശോധനക്കിടെ മദന്‍ എന്ന ഗുണ്ട പിടിയിലായതോടെയാണ് പിറന്നാളാഘോഷത്തെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ബിനുവിന്റെ പിറന്നാള്‍ ആഘോഷത്തിന് ഗുണ്ടകളെല്ലാം ഒത്തുകൂടുന്നുണ്ടെന്നും, താന്‍ അവിടേക്ക് പോകുകയായിരുന്നെന്നും മദന്‍ പൊലീസിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് ഗുണ്ടാവേട്ടയ്ക്ക് പൊലീസ് കമ്മീഷണര്‍ വിശ്വനാഥന്‍, ഡെപ്യൂട്ടി കമ്മീഷണര്‍ സര്‍വേശ് നാഥിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കുകയായിരുന്നു.
ആളൊഴിഞ്ഞ പ്രദേശത്തെ ഒരു വര്‍ക് ഷോപ്പിന് സമീപത്തുവെച്ചായിരുന്നു പിറന്നാള്‍ ആഘോഷം. ഗുണ്ടകള്‍ അടക്കം 150 ഓളം പേരാണ് പിറന്നാള്‍ ആഘോഷത്തിനെത്തിയത്. വടിവാള്‍ വെച്ച് ബിനു കേക്ക് മുറിച്ചു. തുടര്‍ന്ന് ആഘോഷം നടക്കുന്നതിനിടെ, തോക്ക് അടക്കമുള്ള ആയുധങ്ങളുമായി പൊലീസ് സംഘം ആഘോഷ വേദി വളയുകയായിരുന്നു.
പൊലീസ് ഇരമ്പിയെത്തിയതോടെ ഗുണ്ടകള്‍ നാലുപാടും ചിതറിയോടി. ഇതിനിടെ തോക്കുചൂണ്ടി 30 ഓളം ഗുണ്ടകളെ സംഭവസ്ഥലത്തുനിന്നും പൊലീസ് പിടികൂടി. ഓടിരക്ഷപ്പെട്ട ബാക്കിയുള്ളവരെ സമീപപ്രദേശങ്ങളില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച രാത്രി ഒമ്പതുമണിക്ക് ആരംഭിച്ച ഓപ്പറേഷന്‍ ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണി വരെ നീണ്ടു.
അതേസമയം ഗുണ്ടാ നേതാവ് ബിനു രക്ഷപ്പെട്ടു. ബിനു അടക്കം രക്ഷപ്പെട്ട മറ്റുള്ളവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പിടിയിലായവരെ കേസുകളുള്ള സ്റ്റേഷനുകളിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
തിരുവനന്തപുരം സ്വദേശിയായ ബിനു ചൂളൈമേട്ടിലായിരുന്നു താമസം. എട്ടുകൊലപാതക കേസുകളിലെ പ്രതിയാണ് ബിനുവെന്ന് പൊലീസ് അറിയിച്ചു. ആഘോഷസ്ഥലത്ത് നിന്നും എട്ടു കാറുകള്‍, 38 ബൈക്കുകള്‍, 88 മൊബൈല്‍ ഫോണുകള്‍, വടിവാളുകള്‍, കത്തികള്‍ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates