ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ദേശീയ നേതൃത്വം സജീവമല്ലെന്ന പരാതി പരിഹരിക്കാന്‍ നടപടി തുടങ്ങി. ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ ദൈനംദിന സംഘടനാകാര്യങ്ങളില്‍ സഹായിക്കാന്‍ നാലംഗ സമിതിയെ നിയോഗിക്കുമെന്നാണ് സൂചന. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സോണിയെ സഹായിക്കുന്നതിന് പ്രത്യേക സമിതിക്ക് രൂപം നല്‍കാന്‍ തിങ്കളാഴ്ച ചേര്‍ന്ന പ്രവര്‍ത്തകസമിതി തീരുമാനിച്ചിരുന്നു.
അതിനിടെ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ വിലയിരുത്താനും, സര്‍ക്കാരിന്റെ വിവിധ വിഷയങ്ങളില്‍ നയം രൂപീകരിക്കാനുമായി അഞ്ചംഗ സമിതിക്ക് കോണ്‍ഗ്രസ് അധ്യക്ഷ രൂപം നല്‍കി. മുന്‍ കേന്ദ്രമന്ത്രി ജയറാം രമേശാണ് സമിതി അധ്യക്ഷന്‍. മുതിര്‍ന്ന നേതാക്കളായ പി ചിദംബരം, ദിഗ് വിജയ് സിങ്, അമര്‍ സിങ്, ഗൗരവ് ഗൊഗോയ് എന്നിവരാണ് സമിതിയിലുള്ളത്.
പുതിയ സമിതി രൂപീകരണം പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച് കത്തുനല്‍കിയ നേതാക്കള്‍ക്കുള്ള സന്ദേശമാണെന്നും വിലയിരുത്തലുകളുണ്ട്. കത്തില്‍ ഒപ്പുവെച്ച മുതിര്‍ന്ന നേതാക്കളായ ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ, കപില്‍ സിബല്‍, മനീഷ് തിവാരി, മുകുള്‍ വാസ്‌നിക് എന്നിവരെയൊന്നും പരിഗണിച്ചില്ല. വിമതപക്ഷത്തുള്ള കപില്‍ സിബലിന് പകരം അഭിഭാഷകന്‍ കൂടിയായ പി ചിദംബരത്തെ സോണിയ വിശ്വാസമര്‍പ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോണ്‍ഗ്രസിലെ അഴിച്ചുപണിയുടെ ഭാഗമായി വിമതപക്ഷത്തുള്ള നേതാക്കളുടെ പദവികളും തെറിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസിന്റെ രാജ്യസഭാ നേതാവെന്ന സ്ഥാനം ഗുലാം നബി ആസാദിന് നഷ്ടമാകും. കര്‍ണാടകത്തില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നേതാവാക്കാനാണ് നീക്കം. കഴിഞ്ഞ ലോക്‌സഭയില്‍ നേതാവായിരുന്നു ഖാര്‍ഗെ. രാജ്യസഭാ ഉപനേതാവ് ആനന്ദ് ശര്‍മയ്ക്കും സ്ഥാനചലനമുണ്ടാകും. രാജസ്ഥാനില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെ സി വേണുഗോപാലിനാണ് സാധ്യത.
ഗുലാംനബിയുടെ രാജ്യസഭാ കാലാവധി ഫെബ്രുവരിയോടെ അവസാനിക്കുകയും ചെയ്യും. കത്തില്‍ ഒപ്പുവെച്ചെങ്കിലും ജനസ്വാധീനമുള്ള ഭൂപീന്ദര്‍സിങ് ഹൂഡക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചേക്കില്ല. അതേസമയം കത്തില്‍ ഒപ്പിട്ട പ്രവര്‍ത്തകസമിതി ക്ഷണിതാവ് ജിതിന്‍ പ്രസാദക്കെതിരെ നടപടി വേണമെന്ന് യുപിയിലെ ലഖിംപൂര്‍ യൂണിറ്റ് പ്രമേയം പാസ്സാക്കി. കത്തില്‍ ഒപ്പുവെച്ച നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates