ചിദംബരത്തെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവരുന്നു/പിടിഐ 
India

ചിദംബരത്തിനെതിരെ ശക്തമായ തെളിവ്; അഞ്ചു ദിവസം കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ

ചിദംബരത്തെ ഇന്നലെ രാത്രി തന്നെ ചോദ്യം ചെയ്യണമെന്നാണ് സിബിഐ പറഞ്ഞത്. ഇന്നുച്ചയ്ക്ക് പന്ത്രണ്ടു മണിവരെ അവര്‍ ചോദ്യം ചെയ്യല്‍ തുടങ്ങിയില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ ്അറസ്റ്റിലായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ അഞ്ചു ദിവസം കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. അന്വേഷണം മുന്നോട്ടുകൊണ്ടുപോവാന്‍ ചിദംബരത്തെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്ന് സിബിഐക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ചിദംബരത്തിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകര്‍ കപില്‍ സിബലും അഭിഷേക് സിങ്വിയും ഇതിനെ എതിര്‍ത്തു.

സിബിഐ കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തതെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. അന്വേഷണത്തോടു ചിദംബരം സഹകരിച്ചില്ല. ചോദ്യങ്ങളോടു പ്രതികരിക്കാത്ത സമീപനമാണ് ചിദംബരം സ്വീകരിച്ചത്. അദ്ദേഹത്തെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം. അന്വേഷണം മുന്നോട്ടുകൊണ്ടുപോവാന്‍ കേസ് രേഖകള്‍ വച്ച് ചിദംബരത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.

പണം തട്ടിപ്പിന്റെ കൃത്യമായ ഉദാഹരണമാണ് ഈ കേസെന്ന്, മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. കേസില്‍ കുറ്റപത്രം തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനു ചില രേഖകള്‍ കൂടി ആവശ്യമുണ്ട്. ഇതു ലഭ്യമാക്കാന്‍ ചിദംബരത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

ഈ കേസിലെ മറ്റു പ്രതികളെല്ലാം ജാമ്യത്തിലാണെന്ന്, ചിദംബരത്തിനു വേണ്ടി ഹാജരായ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. കാര്‍ത്തി ചിദംബരവും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഭാസ്‌കര്‍ രാമനും ഐഎന്‍എസ് പ്രമോട്ടര്‍മാരായിരുന്ന ഇന്ദ്രാണി മുഖര്‍ജിയും പീറ്റര്‍ മുഖര്‍ജിയും ജാമ്യത്തിലാണ്. കരടു കുറ്റപത്രം തയാറായെങ്കില്‍ അ്‌ന്വേഷണം പൂര്‍ത്തിയായെന്നാണ് അര്‍ഥം. പിന്നെ എന്തിനാണ് ചിദംബരത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നതെന്ന് സിബല്‍ ചോദിച്ചു.

ഐഎന്‍എക്‌സ് മീഡിയക്ക് വിദേശ ഫണ്ടു സ്വീകരിക്കാന്‍ അനുമതി നല്‍കിയത് ആറു സര്‍ക്കാര്‍ സെക്രട്ടറിമാര്‍ അടങ്ങിയ ബോര്‍ഡാണ്. അവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സെക്രട്ടറിമാര്‍ ശുപാര്‍ശ ചെയ്തത് അനുസരിച്ച ധനമന്ത്രി അനുമതി നല്‍കുകയാണ് ചെയ്ത.് അതിന്റെ പേരിലാണ് പത്തു വര്‍ഷത്തിനു ശേഷം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചിദംബരം ഒരു തവണ പോലും ചോദ്യം ചെയ്യലില്‍നിന്ന് ഒഴിഞ്ഞുമാറിയിട്ടില്ല. അന്വേഷണ ഏജന്‍സിക്ക് ഇനിയും അദ്ദേഹത്തെ ചോദ്യം ചെയ്യാം- സിബല്‍ പറഞ്ഞു.

ചിദംബരത്തെ ഇന്നലെ രാത്രി തന്നെ ചോദ്യം ചെയ്യണമെന്നാണ് സിബിഐ പറഞ്ഞത്. ഇന്നുച്ചയ്ക്ക് പന്ത്രണ്ടു മണിവരെ അവര്‍ ചോദ്യം ചെയ്യല്‍ തുടങ്ങിയില്ല. പിന്നീടു ചോദിച്ചത് പന്ത്രണ്ടു ചോദ്യങ്ങളാണ്. അതില്‍ ഒന്നില്‍നിന്നു പോലും ചിദംബരം ഒഴിഞ്ഞുമാറിയിട്ടില്ല. തെളിവുകളല്ല, മറ്റെന്തൊക്കെയോ ആണ് ഈ കേസിനു പിന്നിലുള്ളതെനന്ന് സിബല്‍ പറഞ്ഞു.

ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴി മാത്രമാണ് ഈ കേസിന് അടിസ്ഥാനമെന്ന് സീനിയര്‍ അഭിഭാഷകന്‍ മനു അഭിഷേക് സിങ്വി വാദിച്ചു. ആ മൊഴി നല്‍കി നാലു മാസത്തിനു ശേഷമാണ് ചിദംബരത്തെ ചോദ്യം ചെയ്തത്. പിന്നീട് 12 മാസത്തോളം ഒരു ചോദ്യം ചെയ്യലും ഉണ്ടായില്ല. അവര്‍ ആഗ്രഹിച്ച പോലെ മൊഴി നല്‍കിയില്ല എന്നതിനെയാണ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് സിബിഐ ആരോപിക്കുന്നതെന്ന് സിങ്വി പറഞ്ഞു.

കോടതിയില്‍ ചിദംബരം സംസാരിക്കാന്‍ ഒരുങ്ങിയപ്പോള്‍ സോളിസിറ്റര്‍ ജനറല്‍ എതിര്‍ത്തു. പ്രതികളെ സംസാരിക്കാന്‍ അനുവദിക്കാറില്ലെന്ന് തുഷാര്‍ മേത്ത പറഞ്ഞു. എന്നാല്‍ സ്വയം പ്രതിരോധിക്കാന്‍ പ്രതികള്‍ക്ക് അവകാശമുണ്ടെന്നു സുപ്രിം കോടതി വിധിയുണ്ടെന്ന് സിങ്വി ചൂണ്ടിക്കാട്ടി. വിദേശത്ത് അക്കൗണ്ടുണ്ടോ എന്ന കാര്യം മാത്രമാണ് സിബിഐ തന്നോടു ചോദിച്ചതെന്ന്, കോടതിയുടെ അനുവദത്തോടെ സംസാരിച്ച പി ചിദംബരം പറഞ്ഞു.

ചിദംബരത്തിന്റെ ഭാര്യയും അഭിഭാഷകയുമായ നളിനി, മകന്‍ കാര്‍ത്തി എന്നിവര്‍ കോടതി മുറിയില്‍ എത്തിയിരുന്നു. മുതിര്‍ന്ന അഭിഭാഷകരും കോണ്‍ഗ്രസ് നേതാക്കളുമായ കപില്‍ സിബല്‍, മനു അഭിഷേക്  സിങ്വി എന്നിവരെക്കൂടാതെ സീനിയര്‍ അഭിഭാഷകന്‍ വിവേക് തന്‍ഖയും പ്രത്യേക സിബിഐ കോടതിയിലെത്തി. 

ഇന്നലെ രാത്രിയാണ്, മണിക്കൂറുകള്‍ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ജോര്‍ ബാഗിലെ വീട്ടില്‍നിന്ന് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരിക്കെ ചട്ടം ലംഘിച്ച് ഐഎന്‍എക്‌സ് മീഡിയക്ക് വിദേശ ഫണ്ട് സ്വീകരിക്കാന്‍ സഹായം നല്‍കിയെന്നാണ് ചിദംബരത്തിനെതിരായ കേസ്. 302 കോടിയുടെ വിദേശ ഫണ്ടു ക്രമപ്പെടുത്താന്‍ ചിദംബരത്തിനു കൈക്കൂലി നല്‍കിയതായി കേസില്‍ മാപ്പു സാക്ഷിയായ, ഐഎന്‍എസിന്റെ ആദ്യ പ്രമോട്ടര്‍ ഇന്ദ്രാണി മുഖര്‍ജി മൊഴി നല്‍കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

കോഴിക്കോട് ഭൂചലനം: അസാധാരണമായ ശബ്ദം ഉണ്ടായതായി പ്രദേശവാസികള്‍

JEE Main 2026:പരീക്ഷയിൽ കാൽക്കുലേറ്റർ ഉപയോഗിക്കാമോ? ആശയക്കുഴപ്പം പരിഹരിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി

SCROLL FOR NEXT