പറ്റ്‌ന: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സിപിഐയുടെ താരപ്രചാരകനായ കനയ്യകുമാറിനെ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒതുക്കിനിര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രചാരണരംഗത്ത് കനയ്യകുമാറിനുള്ള സ്വീകാര്യത തന്റെ പ്രചാരണങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുമോ എന്ന ആര്‍ജെഡി നേതൃത്വത്തിന്റെ ഭയമാണ് സിപിഐ യുവനേതാവിനെ മാറ്റി നിര്‍ത്തുന്നതിന് പിന്നിലെന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ഗിരിരാജ്‌സിങിനെതിരെ മത്സരിച്ചപ്പോള്‍ പ്രചാരണരംഗത്ത് ഏറെ മുന്നേറ്റം സൃഷ്ടിക്കാന്‍ കനയ്യകുമാറിന് കഴിഞ്ഞിരുന്നു. ഇതുവരെ മൂന്ന് പ്രചാരണ പരിപാടികളില്‍ മാത്രമാണ് കനയ്യകുമാര്‍ പങ്കെടുത്തിട്ടുള്ളത്. രണ്ട് മൂന്നും ഘട്ടവോട്ടെടുപ്പിലെ പ്രചാരണരപരിപാടികളില്‍ കനയ്യയുടെ ഷെഡ്യൂള്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും വരുദിവസങ്ങളില്‍ സജീവമാകുമെന്നുമാണ് സിപിഐ നേതൃത്വം വ്യക്തമാക്കുന്നത്.
തേജസ്വി യാദവിന്റെ വ്യക്തിപ്രഭാവത്തിന് മങ്ങലേല്‍പ്പിക്കാത്തവിധത്തില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനാണ് ഇടതുപാര്‍ട്ടികളും ആര്‍ജെഡിയും തമ്മില്‍ ധാരണയായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കനയ്യയെ പ്രചാരണരംഗത്തുനിന്ന് മാറ്റിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിദിനം ആറും ഏഴും റാലികളിലാണ് തേജസ്വി പങ്കെടുക്കുന്നത്.
കനയ്യയും തേജസ്വിയും ഒരുമിച്ച് വേദി പങ്കിടുമോ എന്ന കാര്യം അറിയില്ലെന്ന് സിപിഐ നേതൃത്വം വ്യക്തമാക്കി. കനയ്യകുമാര്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും അദ്ദേഹത്തിന്റെ അടുത്തഘട്ട ഷെഡ്യൂള്‍ തയ്യാറായി വരുന്നതായും പാര്‍ട്ടി നേതൃത്വം അറിയിച്ചു. എന്നാല്‍ കനയ്യയ്‌ക്കെതിരെ സിപിഐയില്‍ തന്നെ ആഭ്യന്തരകലാപം രൂക്ഷമാണ്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ യുവവിഭാഗത്തെ പാര്‍ട്ടിക്കെതിരെ തിരിച്ചത് ഇദ്ദേഹമാണെന്നാണ് നേതൃത്വത്തില്‍ ഒരുവിഭാഗത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ കനയ്യകുമാറിനെ പ്രചാരണ രംഗത്തിറക്കാത്തതിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. കനയ്യയുടെ പ്രചാരണം പാര്‍ട്ടിയുടെ വിജയത്തിന് ഏറെ സഹായകമാകുമെന്നും ഇവര്‍ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് ഇടങ്ങളിലാണ് സിപിഐ മത്സരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates