ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഒന്നാം എന്‍ഡിഎ സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങിയത് തൊഴിലില്ലായ്മയുടെ കാര്യത്തിലായിരുന്നു. 45 വര്‍ഷത്തിനിടെ തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍ രൂക്ഷമായതും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയായിരുന്നു. രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അതുകൊണ്ടു തന്നെ ആദ്യ പരിഗണന നല്‍കുന്നതും ഈ വിഷയത്തിനാണ്.
അടുത്ത കുറച്ച് മാസത്തിനുള്ളില്‍ തന്നെ കേന്ദ്രത്തിന് കീഴില്‍ 75,000ത്തോളം ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഇതനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമുള്ള ഒഴിവുകളെ കുറിച്ച് വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്. അടുത്ത കുറച്ച് മാസത്തിനുള്ളില്‍ തന്നെ ഒഴിവ് നികത്താനുള്ള നടപടികള്‍ ആരംഭിക്കും. പുതിയ ജീവനക്കാരെ കണ്ടെത്തുന്നതിനായുള്ള പരീക്ഷയടക്കമുള്ള നടപടി ക്രമങ്ങള്‍ നടത്തുന്നതിനും മറ്റുമായി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ഉടന്‍ തന്നെ ആവശ്യമുന്നയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രാജ്യത്തുടനീളമുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും മന്ത്രാലയങ്ങളിലുമായി ലക്ഷക്കണക്കിന് ഒഴിവുകളുണ്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് ഗ്രൂപ്പ് എയില്‍ 15284 ഒഴിവുകളും ഗ്രൂപ്പ് ബി (ഗസറ്റഡ്) 26310 ഒഴിവുകളും ഗ്രൂപ്പ് ബി (നോണ്‍ ഗസറ്റഡ്) 49740 ഒഴിവുകളും ഗ്രൂപ്പ് സി (നോണ്‍ ഗസറ്റഡ്) 321418 ഒഴിവുകളുമാണുള്ളത്. 2016 മാര്‍ച്ച് ഒന്നിന് ശേഷമുള്ള കണക്കാണിത്. ഇതുകൂടാതെ പൊതുമേഖലാ സ്ഥാപനങ്ങളിലും പൊതുമേഖലാ ബാങ്കുകളിലും ആയിരക്കണക്കിന് ഒഴിവുകള്‍ വേറെയുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates