ന്യൂഡൽഹി: കൊറേഗാവ് സംഘർഷവുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ച് രാജ്യത്തെ മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്ത ബിജെപി സർക്കാരിന്റെ നടപടിയെ വിമർശിച്ച് ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ മുൻ പ്രസിഡന്റും എഐഎസ്എഫ് നേതാവുമായ കനയ്യകുമാർ. തങ്ങൾ പേന ചലിപ്പിച്ച് ക്രിമിനലുകളായി, അവരാകട്ടെ കലാപം നടത്തി സർക്കാരുണ്ടാക്കി എന്നായിരുന്നു കനയ്യയുടെ വിമർശനം. നോമോർ ഫേക്ക് ചാർജസ് എന്ന ഹാഷ്ടാഗിലായിരുന്നു കനയ്യയുടെ ട്വീറ്റ്.
കവി വരവരറാവു, സുധ ഭരദ്വാജ്, മാധ്യമ പ്രവർത്തകൻ ഗൗതം നാവ് ലാഖ, വെർണോൻ ഗോണ്‍സാൽവസ്, അരുണ്‍ ഫെരേര എന്നിവരെയാണ് വിവിധ നഗരങ്ങളിൽ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൂനെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ ചോദ്യം ചെയ്ത് റോമില ഥാപ്പർ, പ്രഭാത് പട്നായിക്, സതീഷ് ദേശ്പാണ്ഡേ, മാജാ ദാരുവാല എന്നിവർ ഉൾപ്പടെയുള്ളവർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ഹർജി പരിഗണിച്ച സുപ്രീം കോടതി പൂനെ പോലീസ് റെയ്ഡ് നടത്തി പിടികൂടിയ അഞ്ചു മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റ് വീട്ടുതടങ്കലാക്കി. വിയോജിപ്പുകൾ ജനാധിപത്യത്തിന്റെ സുരക്ഷാ വാൽവ് ആണെന്ന് ഹർജി പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates