India

നേപ്പാളിന്റെ പ്രകോപനങ്ങള്‍ തുടരുന്നു; അണക്കെട്ടിലെ അറ്റകുറ്റ പണികള്‍ തടഞ്ഞു; ബിഹാര്‍ വെള്ളപ്പൊക്ക ഭീഷണിയില്‍

700 കിലോമീറ്റര്‍ അതിര്‍ത്തിയാണ് നേപ്പാളുമായി ബിഹാര്‍ പങ്കുവയ്ക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ഇന്ത്യന്‍ മേഖലകളെ ഉള്‍പ്പെടുത്തി പുതിയ രാഷ്ട്രീയ ഭൂപടം തയ്യാറാക്കിയതിന് പിന്നാലെ നേപ്പാളിന്റെ പ്രകോപനങ്ങള്‍ തുടരുന്നു. അതിര്‍ത്തിയിലുള്ള ഗന്ദക് അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ നേപ്പാള്‍ പൊലീസ് തടഞ്ഞു. മഴക്കാലം കനത്തതോടെ ഡാമിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ നീക്കമാണ് നേപ്പാള്‍ തടഞ്ഞത്. ഇതോടെ, സംസ്ഥാനം വെള്ളപ്പൊക്ക ഭീഷണിയിലായി.

സംഭവത്തിന്റെ ഗുരുതരവാസ്ഥ ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കുമെന്ന് ബിഹാര്‍ ജലസേചന വകുപ്പ് മന്ത്രി സഞ്ജയ് ഝാ പറഞ്ഞു. 'വാല്‍മീകി നഗറിലുള്ള ഗന്ദക് ബാരേജിന് 46 ഗേറ്റുകളാണുള്ളത്. ഇതില്‍ 19എണ്ണം നേപ്പാളിലാണ്. അവര്‍ അവിടെ ബാരിയറുകള്‍ സ്ഥാപിച്ചിരിക്കുകയാണ്, ഇതിന് മുന്‍പ് ഇങ്ങനെയുണ്ടായിട്ടില്ല. ഉദ്യോഗസ്ഥര്‍ക്ക് അവിടെയെത്തി അറ്റകുറ്റപ്പണികള്‍ നടത്താന്‍ സാധിച്ചില്ലെങ്കില്‍ വലിയ അപകടമാകും സംഭവിക്കുക'-ഝാ പറഞ്ഞു.

ഈസ്റ്റ് ചംപാരന്‍ ജില്ലയിലെ ലാല്‍ബകേയ നദിയിലെ തടയണയുടെ അറ്റകുറ്റ പ്രവര്‍ത്തനങ്ങളും നേപ്പാള്‍ തടസ്സപ്പെടുത്തിയിട്ടുണ്ട്. എല്ലാ വര്‍ഷവും മണ്‍സൂണിന് മുന്‍പ് ഇവിടങ്ങളില്‍ ബിഹാര്‍ അറ്റകുറ്റ പണികള്‍ തീര്‍ക്കാറുണ്ട്. എന്നാല്‍ ഇതുവരെയും നേപ്പാളിന്റെ ഭാഗത്ത് നിന്ന് തടസ്സം നേരിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കുന്നു.

'കഴിഞ്ഞ വര്‍ഷം വരെ ഒരു തടസ്സവുമില്ലാതെ അറ്റകുറ്റ പ്രവര്‍ത്തനങ്ങള്‍ നടന്നതാണ്. കമല നദിയിലും നേപ്പാള്‍ ഇതുപോലെ തടസ്സം നില്‍ക്കുന്നുണ്ട്.'-മന്ത്രി പറഞ്ഞു.

700 കിലോമീറ്റര്‍ അതിര്‍ത്തിയാണ് നേപ്പാളുമായി ബിഹാര്‍ പങ്കുവയ്ക്കുന്നത്. ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് മാപ്പ് തയ്യാറാക്കിയതിന് പിന്നാലെ ബിഹാര്‍ പൊലീസ് അതിര്‍ത്തിയില്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു കര്‍ഷകന്‍ മരിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പ്രകോപനപരമായ മറ്റൊരു നീക്കത്തിലൂടെ പൗരത്വ നിയമത്തില്‍ മാറ്റം വരുത്താനും നേപ്പാള്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നേപ്പാളി പൗരനെ വിവാഹം ചെയ്യുന്ന വിദേശ വനിതകള്‍ക്ക് ഏഴു വര്‍ഷം കഴിഞ്ഞ് പൗരത്വം നല്‍കിയാല്‍ മതിയെന്ന് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര സെക്രട്ടറിയേറ്റില്‍ തീരുമാനമായി. ഇത് സംബന്ധിച്ച് ഭരണഘടന ഭേദഗതി വരുത്താനും തീരുമാനമായി. ഈ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ ഏറ്റവുംകൂടുതല്‍ ബാധിക്കുന്നത് ഇന്ത്യക്കാരെയാണ്. ഇന്ത്യയില്‍ നിന്ന് നിരവധിപേരാണ് നേപ്പാളില്‍ വിവാഹം കഴിച്ചു പോകുന്നത്.

ഉത്തരാഖണ്ഡിലെ ലിപുലേഖ്, കാലാപാനി, ലിംപയധുര എന്നീ പ്രദേശങ്ങളാണ് പുതിയ ഭൂപടത്തില്‍ നേപ്പാള്‍ തങ്ങളുടേതായി അടയാളപ്പെടുത്തിയത്. ഇതിന് പിന്നാലെ കാലാപാനിക്ക് സമീപം പട്ടാള ക്യാമ്പ് സ്ഥാപിക്കാന്‍ നേപ്പാള്‍ ഒരുങ്ങുന്നതായി വാര്‍ത്തകളുണ്ടായിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

നല്ല ഉറക്കത്തിന് എത്രത്തോളം വ്യായാമം ചെയ്യണം?

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

SCROLL FOR NEXT