

കോഴിക്കോട്: സിപിഎം പുകയുന്ന അഗ്‌നിപർവതമാണെന്ന് ബിജെപി നേതാവ് സി കെ പത്മനാഭൻ. ലോകത്ത് കമ്യൂണിസത്തിന്റെ അവസാന തുരുത്തും ഇല്ലാതാകുമ്പോഴും തൻകാര്യം മാത്രം നോക്കാനാണ് പിണറായിയും ഗോവിന്ദനും ശ്രമിക്കുന്നത്. സിപിഎം എന്ന അഗ്‌നിപർവതം ഉടനെ പൊട്ടിത്തെറിക്കാൻ പോവുകയാണെന്നും ബിജെപി ദേശീയസമിതി അംഗം സി കെ പത്മനാഭൻ പറഞ്ഞു.
കോഴിക്കോട് നോർത്ത് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി നവ്യാ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എരഞ്ഞിപ്പാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു സി കെ പത്മനാഭൻ. 'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ഗതികേടിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഎമ്മിന്റെ കുത്തകസീറ്റായ തളിപ്പറമ്പിൽ സ്വന്തം ഭാര്യയെത്തന്നെ മത്സരിപ്പിക്കണമെന്നത് എം വി ഗോവിന്ദന്റെ സ്വാർത്ഥ താത്പര്യമാണെന്നും പത്മനാഭൻ പറഞ്ഞു.
സിപിഎമ്മിന്റെ നിഗൂഢരഹസ്യങ്ങൾ അറിയാവുന്നയാളാണ് മുതിർന്ന നേതാവ് ടി കെ ഗോവിന്ദൻ. ഉള്ളതും ഇല്ലാത്തതും പറഞ്ഞ് ഭരണത്തുടർച്ച നേടാൻ പിണറായി ശ്രമിക്കുന്നതിനിടെയാണ് ടി കെ ഗോവിന്ദൻ ചില സത്യങ്ങൾ വിളിച്ചുപറഞ്ഞത്. സിപിഎമ്മിൽ നിന്ന് ബിജെപിയിലേക്ക് കുത്തൊഴുക്ക് ആരംഭിച്ചു കഴിഞ്ഞു. ഈ വരവിൽ ബിജെപിയിലുള്ള പഴയവരുടെ കാലുവാരാൻ സാധ്യതയുണ്ട്.
പാർട്ടിപ്രവർത്തനം ഉപജീവനമാർഗമാക്കിയവരും പാർട്ടിയെ വിറ്റ് ജീവിക്കുന്നവരും അക്കൂട്ടത്തിലുണ്ടെന്നത് പഴയ ബിജെപിക്കാർക്ക് എപ്പോഴും ഓർമ്മവേണം. ബിജെപി സ്ഥാനാർത്ഥികൾ രാമമന്ത്രവും കൃഷ്ണതന്ത്രവും കൈമുതലാക്കി പോരാടണമെന്നും സികെപി പത്മനാഭൻ പറഞ്ഞു. ബിജെപി സംസ്ഥാനസമിതി അംഗം എൻ പി രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates