ലഖ്നൗ: സമാജ് വാദി പാർട്ടി നേതാവിനേയും മകനേയും പട്ടാപ്പകൽ വെടിവെച്ച് കൊന്നു. തൊഴിലുറപ്പ് പദ്ധതിയിൽ റോഡ് ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഛോട്ടെ ലാൽ ദിവാകർ, അദ്ദേഹത്തിന്റെ മകൻ സുനിൽ എന്നിവരാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ സംഭൽ ജില്ലയിലാണ് ആളുകൾ നോക്കി നിൽക്കെ കൊലപാതകം അരങ്ങേറിയത്. ഇവരുടെ വാക്കേറ്റവും വെടിവെപ്പുമെല്ലാം ദൃക്‌സാക്ഷികളായവർ മൊബൈൽ ക്യാമറയിൽ പകർത്തി.
ബെഹ്‌ജോയ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫത്തേപുർ ഗ്രാമത്തിലാണ് ചൊവ്വാഴ്ച രാവിലെ സംഭവമുണ്ടായത്. കൊല്ലപ്പെട്ട ദിവാകറും മകനും പ്രതികളുമായി തർക്കമുണ്ടായി. ഗ്രാമത്തിന് കുറുകെയുള്ള ഇടുങ്ങിയ റോഡിനെച്ചൊല്ലിയായിരുന്നു തർക്കം. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നന്നാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. എന്നാൽ, തോക്കുമായെത്തിയ പ്രതികൾ വെടി വെക്കുകയായിരുന്നു. ദിവാകറിന്റ ഭാര്യ പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്നു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ദിവാകർ മത്സരിച്ചിരുന്നു.
ഗ്രാമത്തിൽ പൊലീസ് കർശന സുരക്ഷ ഏർപ്പെടുത്തി. പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. അവരെ തിരിച്ചറിഞ്ഞെന്നും പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയെന്നും എസ്പി യമുന പ്രസാദ് പറഞ്ഞു. നാല് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നു. പ്രതികളെ പിടികൂടാൻ മൂന്ന് സംഘങ്ങൾ രൂപീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates