India

പരാജിതനായി മടക്കം; കോണ്‍ഗ്രസില്‍ വേണുഗോപാലിന്റെ 'തിളക്ക'ത്തിനു മങ്ങല്‍

കര്‍ണാടകയിലെ സഖ്യ സര്‍ക്കാരിന്റെ വീഴ്ചയോടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കെസി വേണുഗോപാലിന്റെ 'തിളക്കത്തിന്'  മങ്ങല്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കര്‍ണാടകയിലെ സഖ്യ സര്‍ക്കാരിന്റെ വീഴ്ചയോടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കെസി വേണുഗോപാലിന്റെ 'തിളക്കത്തിന്'  മങ്ങല്‍. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിയുകയും തൊട്ടുപിന്നാലെ കര്‍ണാടകയിലെ സര്‍ക്കാര്‍ വീഴുകയും ചെയ്തത് ദേശീയ നേതൃത്വത്തില്‍ വേണുഗോപാലിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ ബിജെപിക്ക് ഏറെ പിന്നിലായിട്ടും അപ്രതീക്ഷിത നീക്കത്തിലൂടെ ജെഡിഎസുമായി ചേര്‍ന്നു സര്‍ക്കാര്‍ രൂപീകരിക്കാനായത്, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ വേണുഗോപാലിനെ കോണ്‍ഗ്രസില്‍ പ്രശംസയ്ക്ക് അര്‍ഹനാക്കിയിരുന്നു. ഗോവയില്‍ വലിയ ഒറ്റക്കക്ഷിയായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനാവാതെ പോയതിന്റെ ക്ഷീണം പാര്‍ട്ടി കര്‍ണാടകയില്‍ തീര്‍ത്തെന്നായിരുന്നു, അന്നു രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയത്. വേണുഗോപാലിന്റെ ധൃതഗതിയിലുള്ള നീക്കങ്ങള്‍ അതിനു കാരണമായെന്നും ചൂണ്ടിക്കാട്ടപ്പെട്ടു. 

കര്‍ണാടകയില്‍, ഏറെ പ്രശംസിക്കപ്പെട്ട രാഷ്ട്രീയ നീക്കത്തിനു പിന്നാലെയാണ് പാര്‍ട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി വേണുഗോപാല്‍ നിയോഗിക്കപ്പെട്ടത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ വളരെപ്പെട്ടെന്നു 'പ്രമുഖ'രുടെ നിരയിലേക്കുയര്‍ന്ന വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരനായും അറിയപ്പെട്ടു. 

വേണുഗോപാല്‍ സിദ്ധരാമയ്യയ്‌ക്കൊപ്പം
 

എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കായെങ്കിലും സഖ്യത്തെ സുഗമമായി മുന്നോട്ടുകൊണ്ടുപോവുന്നതില്‍ വേണുഗോപാലിന് കാര്യമായി പങ്കൊന്നും നിര്‍വഹിക്കാനായില്ലെന്നാണ് ബംഗളൂരുവില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം ജെഡിഎസിനു നല്‍കിയതില്‍ അന്നു മുതല്‍ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നുണ്ട്. ഇതിനെ ഒരു വിധത്തില്‍ അടക്കിനിര്‍ത്താനായെങ്കിലും ജെഡിഎസുമായി സുഗമായ ബന്ധം സ്ഥാപിക്കാന്‍ കോണ്‍ഗ്രസിനായില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പുവേളയിലെ സഖ്യ ചര്‍ച്ചയില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തുവന്നു. രാഹുല്‍ ഗാന്ധിയുമായി അല്ലാതെ ആരുമായും ചര്‍ച്ചയ്ക്കില്ലെന്ന എച്ച്ഡി ദേവഗൗഡയുടെ പ്രഖ്യാപനം വേണുഗോപാലിന് വ്യക്തിപരമായിത്തന്നെ തിരിച്ചടിയായി. 

കോണ്‍ഗ്രസ്, ജെഡിഎസ് അസ്വാരസ്യം ഒളിഞ്ഞും തെളിഞ്ഞും മുന്നോട്ടുപോവുന്നതിനിടയിലാണ്, വിമതര്‍ പരസ്യമായി സര്‍ക്കാരിനെതിരെ രംഗത്തുവന്നത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ തന്നെ ഇതിനു നേതൃത്വം കൊടുത്തത് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിഎന്ന നിലയില്‍ വേണുഗോപാലിന്റെ പരാജയമായും വിലയിരുത്തപ്പെട്ടേക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ബംഗളൂരുവില്‍ ക്യാംപ് ചെയ്ത് സര്‍ക്കാരിനെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഒരു ഘട്ടത്തില്‍പ്പോലും അതു വിജയം കാണുമെന്ന പ്രതീതിയുണ്ടാക്കാന്‍ പോലും കോണ്‍ഗ്രസിനായിരുന്നില്ല.

വേണുഗോപാല്‍, രാഹുല്‍ ഗാന്ധി
 

ഗോവയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ പരാജയപ്പെട്ടതിനു പിന്നാലെ സംസ്ഥാനത്തിന്റെ ചുമതലയുള്ള ദിഗ്വിജയ് സിങ്ങിനെ പദവിയില്‍നിന്നു മാറ്റിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ വേണുഗോപാലിനെതിരെ അത്തരമൊരു നടപടി കോണ്‍ഗ്രസില്‍ ഉണ്ടാവില്ലെന്നു വ്യക്തം. എന്നാല്‍ വേണുഗോപാലിന് നേതൃശ്രേണിയില്‍ രൂപപ്പെട്ടുവന്ന 'താരപദവി' കര്‍ണാടക വീഴ്ചയോടെ തിളക്കമില്ലാത്തതാവുമെന്ന് പാര്‍ട്ടി നേതാക്കള്‍ തന്നെ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ