ന്യൂഡൽഹി: പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് നീട്ടി നൽകിയ തീയതി ജൂൺ 30ന് അവസാനിക്കും. നേരത്തെ മാർച്ച് 31ആയിരുന്നു അവസാന തീയതി. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നാണ് മാർച്ച് 31 എന്ന അവസാന തീയതി ജൂൺ 30ലേയ്ക്ക് നീട്ടിയത്. ഇത് പത്താം തവണയാണ് പാൻ ആധാറുമായി ബന്ധിപ്പിക്കുന്ന തീയതി നീട്ടി നൽകുന്നത്.
പെർമെനന്റ് അക്കൗണ്ട് നമ്പർ (പാൻ) ലഭിക്കാൻ പുതിയതായി അപേക്ഷിക്കുമ്പോൾ ആധാർ ആവശ്യമില്ല. എന്നാൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ പാൻ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം.
ഓൺലൈനിൽ പാൻ ആധാറുമായി ബന്ധിപ്പിക്കാനായില്ലെങ്കിൽ എൻഎസ്ഡിഎൽ, യുടിഐടിഎസ്എസ്എൽ എന്നിവയുടെ സേവന കേന്ദ്രങ്ങൾ വഴി ഓഫ്‌ലൈനായി അതിന് സൗകര്യമുണ്ട്. ഇൻകംടാക്‌സ് ഇ-ഫയലിങ് പോർട്ടൽവഴി പാൻ ആധാറുമായി ബന്ധിപ്പിക്കാൻ എളുപ്പമാണ്. 567678 അല്ലെങ്കിൽ 56161 നമ്പറിലേയ്ക്ക് എസ്എംഎസ് അയച്ചും ലിങ്ക് ചെയ്യാം. UIDPAN12digit Aadhaar>10digitPAN> ഈ ഫോർമാറ്റിലാണ് എസ്എംഎസ് അയയ്‌ക്കേണ്ടത്.
നിശ്ചിത സമയത്തിനകം ബന്ധിപ്പിച്ചില്ലെങ്കിൽ ഭാവിയിൽ പാൻ ഉപയോഗിക്കാനാവില്ല. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനോ, ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ പണമിടപാട് നടത്തുന്നതിനോ കഴിയില്ലെന്ന് ചുരുക്കം.
എൻആർഐകൾക്ക് പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിർബന്ധമില്ല. എന്നിരുന്നാലും ആധാർ എടുത്തിട്ടുള്ളവർക്ക് പാനുമായി ബന്ധിപ്പിക്കാവുന്നതാണ്. അസാധുവായ പാൻ സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിച്ചാൽ 10,000 രൂപ പിഴ ചുമത്താൻ നിയമം അനുവദിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates