ഹെദരാബാദ് : കേരളത്തെ പിടിച്ചുലച്ച കെവിന്‍ മോഡല്‍ ദുരഭിമാന കൊലപാതക ശ്രമത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്, ഹൈദരാബാദില്‍ മകളെയും ഭര്‍ത്താവിനെയും പട്ടാപ്പകല്‍ ആക്രമിച്ചതിന്റെ ദൃശ്യങ്ങളാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സന്ദീപ്-മാധവി നവദമ്പതികളെ ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ച കുറ്റത്തിന് മാധവിയുടെ പിതാവ് മനോഹര്‍ ആചാരിയെ പൊലീസ് പിടികൂടിയിരുന്നു.
വീട്ടുകാരെ ധിക്കരിച്ച മകളെ കൊല്ലാനാണ് എത്തിയത്. മരുമകനെ ആക്രമിക്കണമെന്ന് ആഗ്രഹം ഇല്ലായിരുന്നു. ലക്ഷ്യം നടന്നില്ല... അറസ്റ്റിലായ മനോഹരാചാരി പൊലീസിനോട് വെളിപ്പെടുത്തി. കുടുംബത്തിന്റെ ആഗ്രഹത്തിന് എതിരുനിന്ന മകളെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. മകളെ ഇല്ലാതാക്കാന്‍ ഭാര്യ പ്രേരിപ്പിച്ചെന്നും മനോഹര്‍ ആചാരി പൊലീസിനോട് പറഞ്ഞു.
പ്രണയ്കുമാറിനെ ഭാര്യ അമൃതവര്‍ഷിണിയുടെ അച്ഛന്‍ വാടക ഗുണ്ടകളെ വിട്ട് വെട്ടിക്കൊലപ്പെടുത്തിയ വാര്‍ത്തയാണ് മകളെയും ഇല്ലാതാക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. ഇതിനായി തേങ്ങവെട്ടുകാരനില്‍ നിന്ന് വാള്‍ വാങ്ങി മൂര്‍ച്ചകൂട്ടി അവസരത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും മനോഹര്‍ ആചാരി പൊലീസിനോട് പറഞ്ഞു.
ഹൈദരാബാദിലെ എസ്ആര്‍ നഗറില്‍ ബുധനാഴ്ചയായിരുന്നു സംഭവം. പ്രണയിച്ച് വിവാഹം കഴിച്ച സന്ദീപ്-മാധവി ദമ്പതികളെയാണ്, മാധവിയുടെ പിതാവ് മനോഹര്‍ ആചാരി വടിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളാണ് സന്ദീപ്. മാധവിയാകട്ടെ ഒബിസി വിഭാഗവും. പത്താക്ലാസ് പരീക്ഷയ്ക്കിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു. ഇതിനിടെ ബിരുദം പൂര്‍ത്തിയാക്കിയ ഇരുവരും വീട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെ ഈ മാസം 12 ന് ആര്യസമാജം ക്ഷേത്രത്തില്‍ വെച്ച് രഹസ്യമായി വിവാഹിതരാകുകയായിരുന്നു.
മകളുടെ വിവാഹം കഴിഞ്ഞ ശേഷം കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് സന്ദീപിനെ വിളിച്ച്, മകളെ കാണാതെ കഴിയാനാകുന്നില്ലെന്നും, എസ്ആര്‍ നഗറിലെ ഓട്ടോമൊബൈല്‍ ഷോറൂമിന് സമീപം കൊണ്ടുവരാനും ആവശ്യപ്പെട്ടു. സ്ഥലത്ത് സന്ദീപും മാധവിയും എത്തിയപ്പോള്‍, കയ്യില്‍ കരുതിയ വടിവാള്‍ ഉപയോഗിച്ച് മനോഹര്‍ ആചാരി നടുറോഡില്‍ വെച്ച് ഇരുവരെയും ആക്രമിക്കുകയായിരുന്നു.
വെട്ടേറ്റ് മാധവിയുടെ ഇടതുകൈ മുറിഞ്ഞുപോയി. ചെവിയും മുറിഞ്ഞു. കഴുത്തിലെ ഞരമ്പിനും ഗുരുതരമായി വെട്ടേറ്റിട്ടുണ്ട്. മാരകമായി പരിക്കേറ്റ മാധവി അപകടനില തരണം ചെയ്തിട്ടില്ല. സന്ദീപിന്റെ മുഖത്തും സാരമായി പരിക്കേറ്റിട്ടുണ്ട്. മനോഹര്‍ ആചാരി ആക്രമണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates