മുംബൈ : നെഞ്ചില്‍ പ്രതിഷേധക്കനലുമായി കര്‍ഷക മഹാപ്രക്ഷോഭം ഇന്ന് മഹാരാഷ്ട്ര നിയമസഭ വളയും. നിലവില്‍ ഘാട്‌കോപറിനടുത്ത് രമാഭായ് നഗറിലെ മൈതാനത്തു തമ്പടിച്ചിരിക്കുകയാണു കര്‍ഷക സംഘം. ഇവിടെ നിന്നും രാവിലെ പതിനൊന്നിനായിരിക്കും നിയമസഭാ മന്ദിരത്തിലേക്കുള്ള പ്രതിഷേധ ജാഥ ആരംഭിക്കുക. ബോര്‍ഡ് പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് അസൗകര്യം ഉണ്ടാകാതിരിക്കാനാണ് 11നു സമരം ആരംഭിക്കുന്നതെന്നു കിസാന്‍ സഭ അറിയിച്ചു. പുഷ്പവൃഷ്ടി നടത്തിയും പടക്കം പൊട്ടിച്ചും ആഘോഷമായാണ് നാട്ടുകാര്‍ കര്‍ഷക പ്രക്ഷോഭത്തെ വരവേറ്റത്. പ്രക്ഷോഭകരെ അഭിസംബോധന ചെയ്ത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സംസാരിക്കും.
വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്കു മതിയായ നഷ്ടപരിഹാരം നല്‍കുക, താങ്ങുവില സംബന്ധിച്ച സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് ഏക്കറിനു 40,000 രൂപ വീതം നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു ജാഥ. സിപിഎം കര്‍ഷക സംഘടനയായ അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തിലാണു പ്രതിഷേധം. അഖിലേന്ത്യ കിസാന്‍ സഭ ദേശീയ ജോയിന്റ് സെക്രട്ടറിയും സിപിഎം കേന്ദ്ര കമ്മിറ്റി സ്ഥിരം ക്ഷണിതാവുമായ മലയാളി വിജു കൃഷ്ണനും സമരത്തിന്റെ നേതൃനിരയിലുണ്ട്.
സിപിഐയും പെസന്റ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയും മാര്‍ച്ചിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഇടതുപക്ഷ സംഘടനകളുടെ മാത്രം നേതൃത്വത്തില്‍ സമീപകാലത്തു നടക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണിത്. കര്‍ഷക പ്രതിഷേധത്തിനു പിന്തുണയര്‍പ്പിച്ച് ശിവസേനയും എംഎന്‍എസും എന്‍സിപിയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. ജാഥയെ അഭിസംബോധന ചെയ്ത ശിവസേന നേതാവ് ആദിത്യ താക്കറെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
കര്‍ഷകമാര്‍ച്ച് മുംബൈയിലെത്തിയതോടെ നഗരത്തിലെ ജനജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. ഇതേത്തുടര്‍ന്ന് സമരക്കാരുമായി ചര്‍ച്ചയ്ക്ക് മന്ത്രി ഗിരീഷ് മഹാജനെ മുഖ്യമന്ത്രി ദേവേന്ദ്രഫഡ്‌നാവിസ് ചുമതലപ്പെടുത്തിയിരുന്നു. മഹാജന്‍ ഇന്നലെ അഖിലേന്ത്യ കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഡോ. അശോക് ധാവ്‌ളെ, സംസ്ഥാന സെക്രട്ടറി അജിത് നാവലെ, നാസിക്കില്‍നിന്നുള്ള സിപിഎം എംഎല്‍എ ജി പി ഗാവിത് എന്നിവരുമായി ചര്‍ച്ച നടത്തി. കിസാന്‍സഭയുടെ അഞ്ചു പ്രതിനിധികളെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി ചര്‍ച്ചയ്ക്കും അദ്ദേഹം ക്ഷണിച്ചു. സമരക്കാര്‍ ഉന്നയിച്ച കാര്യങ്ങള്‍ അനുഭാവ പൂര്‍വം പരിഗണിക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. അതേസമയം പ്രക്ഷോഭത്തില്‍ നിന്നും പിന്തിരിയേണ്ടെന്നാണ് സമരക്കാരുടെ നിലപാട്.
ഏഴുദിവസം കൊണ്ട് 180 കിലോമീറ്റര്‍ കാല്‍നടയായി പിന്നിട്ടാണ് അരലക്ഷത്തോളം സമരക്കാര്‍ മുംബൈ മഹാനഗരത്തിലെത്തിയത്. കിലോമീറ്ററുകളോളം പൊരിവെയിലത്ത് നടന്ന് പലരുടെയും കാലുകളും ചെരുപ്പുകളും പൊട്ടി. ഭാവി തലമുറകളുടെ ജീവനേക്കാള്‍ വലുതല്ലല്ലോ ഞങ്ങളുടെ കാലിലെ വ്രണങ്ങളും തലയ്്ക്കു മുകളിലെ വെയിലും. കര്‍ഷകരുടെ അതിജീവനത്തിനായുള്ള സമരമാണിതെന്ന് കര്‍ഷകനായ ചന്ദ്രകാന്ത് ഗാംഗോഡെ പറയുന്നു. കര്‍ഷകരെ നിയമസഭാ പരിസരത്തേക്കു കടക്കാന്‍ അനുവദിക്കാതെ ആസാദ് മൈതാനിനു സമീപം തടയാനാണ് പൊലീസിന്റെ നീക്കമെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates