പനാജി : മനോഹര് പരീക്കറുടെ നിര്യാണത്തോടെ, പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന് ബിജെപിയില് തിരക്കിട്ട ചര്ച്ചകൾ പുരോഗമിക്കുകയാണ്. കേന്ദ്രമന്ത്രി നിതിന് ഗഡ്കരിയുടെ അധ്യക്ഷതയിലാണ് ചര്ച്ചകൾ നടക്കുന്നത്. നിയമസഭാ സ്പീക്കര് പ്രമോദ് സാവന്ത്, ആരോഗ്യമന്ത്രി വിശ്വജിത് റാണെ, കേന്ദ്രമന്ത്രി ശ്രീപദ് നായിക് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
പ്രമോദ് സാവന്തിനാണ് എംഎല്എമാര്ക്കിടയില് നേരിയ മുന്തൂക്കമെന്നാണ് റിപ്പോര്ട്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന ശേഷം കോണ്ഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവാണ് വിശ്വജിത് റാണ. മുന് മുഖ്യമന്ത്രി പ്രതാപ് സിംഗ് റാണെയുടെ മകനാണ് അദ്ദേഹം. ഇന്നു തന്നെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് ഗോവ നിയമസഭ ഡെപ്യൂട്ടി സ്പീക്കര് മൈക്കല് ലോബോ പറഞ്ഞു
അതിനിടെ മുഖ്യമന്ത്രി പദത്തിനായി അവകാശം ഉന്നയിച്ച് സഖ്യകക്ഷിയും രംഗത്തെത്തി. മഹാരാഷ്ട്രവാദി ഗോമന്തക് പാര്ട്ടി നേതാവ് സുധിന് ധവാലികറാണ് മുഖ്യമന്ത്രി പദത്തിനായി രംഗത്തെത്തിയത്. എന്നാല് മുഖ്യമന്ത്രി പദം വിട്ടുനല്കാന് ബിജെപി തയ്യാറല്ല. എന്നാല് ബിജെപിക്കല്ല, പരീക്കര്ക്കാണ് തങ്ങല് പിന്തുണ നല്കിയതെന്നാണ് സഖ്യകക്ഷികള് അവകാശപ്പെടുന്നത്.
എംഎല്എ മാരില് നിന്നും മുഖ്യമന്ത്രിയെ കണ്ടെത്തുമെന്നാണ് ബിജെപി നേതാക്കള് സൂചിപ്പിച്ചതെന്നും റിപ്പോര്ട്ടുണ്ട്. നേരത്തെ കോണ്ഗ്രസ് നേതാവായ മുന് മുക്യമന്ത്രി ഗുരുദാസ് കാമത്തിനെ പാര്ട്ടിയിലെത്തിച്ച് മുഖ്യമന്ത്രിയാക്കുന്നതിനെ കുറിച്ച് ബിജെപി നേതൃത്വം ആലോചിച്ചിരുന്നു.
ബിജെപി എംഎൽഎ ഫ്രാൻസിസ് ഡിസൂസയുടെ നിര്യാണത്തോടെ, 40 അംഗ ഗോവ നിയമസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം 13 ആയെന്നും ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും ചൂണ്ടിക്കാട്ടി ശനിയാഴ്ച കോണ്ഗ്രസ് ഗോവ ഗവർണർ മൃദുല സിൻഹയ്ക്കു കത്തെഴുതിയിരുന്നു. മൂന്ന് മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി എംഎൽഎമാരും മൂന്നു ഗോവ ഫോർവേഡ് എംഎൽഎമാരും മൂന്നു സ്വതന്ത്രരുമാണു ബിജെപിയെ ഇപ്പോഴും പിന്തുണയ്ക്കുന്നത്. കോണ്ഗ്രസിന് 14 എംഎൽഎമാരുണ്ട്. നേരത്തെ രണ്ട് കോണ്ഗ്രസ് എംഎൽഎമാർ രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു. ഇതടക്കം മൂന്നു സീറ്റുകൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്.
അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ സംസ്കാരം ഇന്നു പനാജിയിൽ നടക്കും. പൊതുദർശനത്തിന് ശേഷം വൈകുന്നേരം അഞ്ചിന് ആണ് ചടങ്ങുകൾ. അന്ത്യോപചാരമർപ്പിക്കാൻ പ്രധാനമന്ത്രിയും മറ്റ് കേന്ദ്ര മന്ത്രിമാരും ഇന്ന് പനാജിയിലെത്തും. പരീക്കറുടെ നിര്യാണത്തിൽ കേന്ദ്ര സർക്കാർ തിങ്കളാഴ്ച ദേശീയ ദുഖാചരണം പ്രഖ്യാപിച്ചിരുന്നു. ഇന്നലെയാണ് മുൻ കേന്ദ്രമന്ത്രികൂടിയായിരുന്ന പരീക്കർ അന്തരിച്ചത്. അർബുദത്തെ തുടർന്നു ദീർഘനാളായി ചികിത്സയിലായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates