India

പ്രളയക്കെടുതിയില്‍ കര്‍ണാടകയും മഹാരാഷ്ട്രയും ; 28 മരണം ; നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍ ; നദികള്‍ കരകവിഞ്ഞൊഴുകുന്നു

സൈന്യവും ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : കനത്ത മഴയെത്തുടര്‍ന്ന് കര്‍ണാടകയിലും മഹാരാഷ്ട്രയിലും ജനജീവിതം ദുരിതത്തിലായി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. കര്‍ണാടകയില്‍ മഴക്കെടുതിയില്‍ മരണം പത്തായി. മഹാരാഷ്ട്രയില്‍ ഇതുവരെ 16 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടു സംസ്ഥാനങ്ങളിലുമായി അഞ്ചുലക്ഷത്തോളം പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. 

കര്‍ണാടകയിലെ 11 ജില്ലകളിലാണ് പ്രളയക്കെടുതി നേരിടുന്നത്. ഇന്നലെ മാത്രം ഏഴുപേരാണ് മരിച്ചത്. ദക്ഷിണകന്നഡ, ബലഗാവി, കൊടക്, ധാര്‍വാഡ് ജില്ലകളിലാണ് പ്രളയം രൂക്ഷമായിട്ടുള്ളത്. ഇവിടെ വിദ്യാലയങ്ങള്‍ക്ക് മൂന്നു ദിവസം കൂടി അവധി നല്‍കിയിട്ടുണ്ട്. നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

ബെലഗാവി, ബാഗൽകോട്ട്, വിജയപുര, റായ്ച്ചൂർ ജില്ലകളിൽ പലയിടങ്ങളും വെള്ളത്തിനടിയിലായി. കൃഷിയിടങ്ങള്‍ വ്യാപകമായി നശിച്ചു. സൈന്യവും ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. റോഡ്, ട്രെയിന്‍ ഗതാഗതം താറുമാറായി. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ബെംഗളൂരു പുനെ ദേശീയപാത കോലാപൂരിന്  സമീപം തകര്‍ന്നതിനെത്തുടര്‍ന്ന് ബെലഗാവി ജില്ല ഒറ്റപ്പെട്ട നിലയിലാണ്. ഉത്തരകന്നഡയിലെ അംഗോള യെല്ലാപുര പാത ഇടിഞ്ഞ് താഴ്ന്ന് വിള്ളല്‍ രൂപപ്പെട്ടു. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടതോടെ ചാര്‍മാടി ചുരം 2 ദിവസത്തേയ്ക്ക് അടച്ചു.

മലയോര മേഖലകളായ കുടക് മടിക്കേരി എന്നിവിടങ്ങളിലും തീരദേശ കർണാടകയിലും മഴ ശക്തമാണ്. വടക്കന്‍ കര്‍ണാടക, കുടക് ചിക്കമംഗളൂരു എന്നിവിടങ്ങളിലടക്കം 7ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്ത് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.മഹാരാഷ്ട്രയിലെ കൊയ്ന അണക്കെട്ട്കൂടി തുറന്ന് വിട്ടതിനെത്തുടര്‍ന്ന് കൃഷ്ണ നദിക്കുപുറമെ മാര്‍ക്കണ്ഡേയ, മാലപ്രഭ അടക്കം നാല് നദികള്‍ കൂടി കരകവിഞ്ഞൊഴുകുകയാണ്. നേത്രാവതി നദിയും അപകടകരമായ വിധത്തിൽ നിറഞ്ഞൊഴുകുകയാണ്. 

വെള്ളപ്പൊക്കം രൂക്ഷമായതോടെ മഹാരാഷ്ട്രയില്‍ 1.40 ലക്ഷം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. പടിഞ്ഞാറന്‍ മഹാരാഷ്ട്രയാണ് മഴ ഏറെ ദുരിതത്തിലാക്കിയത്. പൂനെ ഡിവിഷനില്‍പ്പെട്ട സോലാപൂര്‍, സാംഗ്ലി, സത്താറ, കോലാപൂര്‍, പൂനെ എന്നിവിടങ്ങളിലാണ് പ്രളയക്കെടുതി വിനാശം വിതച്ചതെന്ന് പൂനെ ഡിവിഷണല്‍ കമ്മീഷണര്‍ ദീപക് മയിസേക്കര്‍ പറഞ്ഞു. 

കോലാപൂര്‍ ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. പൂനെയിലെ മൂന്നും, സാംഗ്ലിയിലെ അഞ്ചും താലൂക്കുകളില്‍ കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാംഗ്ലിയില്‍ റെക്കോഡ് മഴയാണ് രേഖപ്പെടുത്തിയത്. 213 ശതമാനം. പൂനെയിലും സത്താറയിലും 173 ശതമാനവും, കോലാപൂരില്‍ 116 ശതമാനവും മഴയാണ് പെയ്തത്. 

പൂനെ, സത്താറ, സാംഗ്ലി, കോലാപൂര്‍ എന്നിവിടങ്ങളിലെ എല്ലാ ഡാമുകളും നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്. നദിക്കരയിലുള്ളവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി ദ്രുതകര്‍മ്മസേന, നാവികസേന, കരസേന, കോസ്റ്റ് ഗാര്‍ഡ് എന്നിവയെല്ലാം രംഗത്തുണ്ട്. സാംഗ്ലി ജയിലിലും വെള്ളം കയറി. തുടര്‍ന്ന് തടവുകാരെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി. പ്രളയക്കെടുതിയെ തുടര്‍ന്ന് രണ്ടര ലക്ഷത്തിലേറെ പേര്‍ വൈദ്യുതി പോലും ഇല്ലാതെ ഇരുട്ടിലാണ്. ആന്ധ്രയിലും ഏതാനും നദികള്‍ നിറഞ്ഞൊഴുകുകയാണ്. കനത്ത മഴയിൽ കോയമ്പത്തൂരിൽ കെട്ടിടം തകർന്ന് രണ്ടുപേർ മരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്നാറില്‍ നടക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരുടെ ഗുണ്ടായിസം; ഊബര്‍ നിരോധിച്ചിട്ടില്ല; ആറു പേരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

കളർഫുൾ മുടി! ഈ ട്രെൻഡ് അത്ര സേയ്ഫ് അല്ല, എന്താണ് മൾട്ടി-ടോൺഡ് ഹെയർ കളറിങ്?

'വേടനെപ്പോലും ഞങ്ങള്‍ സ്വീകരിച്ചു, കയ്യടി മാത്രമാണുള്ളത്'; സിനിമാ അവാര്‍ഡില്‍ മന്ത്രി സജി ചെറിയാന്‍

പ്രതിക റാവലിനു മെഡൽ ഇല്ല; തന്റേത് അണിയിച്ച്, ചേർത്തു പിടിച്ച് സ്മൃതി മന്ധാന

SCROLL FOR NEXT