ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫറൂഖ് അബ്ദുളളയുടെ 11.86 കോടി വിലമതിക്കുന്ന സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതിക്കേസിനെ തുടര്‍ന്നാണ് നടപടി.
കളളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം താല്കാലിക ജപ്തി ഉത്തരവ് പുറപ്പെടുവിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വത്തുവകകള്‍ കണ്ടുകെട്ടുകയായിരുന്നു. ഫറൂഖ് അബ്ദുളളയുടെ ജമ്മു, ശ്രീനഗര്‍ എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. കേസുമായി ബന്ധപ്പെട്ട് ശ്രീനഗറില്‍ വെച്ച് കഴിഞ്ഞ ഒക്ടോബറില്‍ അബ്ദുളളയെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. ഇതേ കേസില്‍ ഫറൂഖ് അബ്ദുല്ല ഉള്‍പ്പടെ മൂന്നുപേര്‍ക്കെതിരേ 2018ല്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 43.69 കോടി രൂപയുടെ തിരിമറി നടത്തിയതായാണ് കുററപത്രം.
അതേസനയമയം, ഫറൂഖ് അബ്ദുളളയ്‌ക്കെതിരായ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ആരോപിച്ചു.'പീപ്പിള്‍സ് അലയന്‍സ് പോര്‍ ഗുപ്കാര്‍ ഡിക്ലറേഷന് ശേഷമാണ് ഇഡിയുടെ നോട്ടീസ് വരുന്നത്. ഈ നടപടി രാഷ്ട്രീയ പകപോക്കലാണ്.' നാഷണല്‍ കോണ്‍ഫറന്‍സ് വക്താവ് പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവിയും അവകാശങ്ങളും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് പീപ്പിള്‍സ് അലയന്‍സ് പോര്‍ ഗുപ്കാര്‍ ഡിക്ലറേഷന് രൂപം നല്‍കിയത്.
'ബിജെപയുടെ പ്രത്യയശാസ്ത്രത്തെയും ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തെയും എതിര്‍ക്കുന്നവര്‍ അഭിമുഖീകരിക്കേണ്ടി വരുന്നത് ഇത്തരം പകപോക്കലുകളാണ്. രാജ്യത്തെമ്പാടുമുളള പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വെച്ചുകൊണ്ട് ബിജെപി വിവിധ വകുപ്പുകളുടെ സഹായത്തോടെ ഭയപ്പെടുത്തുന്ന നടപടികളാണ് സമീപകാലത്ത് സ്വീകരിച്ചിട്ടുളളതെന്ന് കാണാം. ഫറൂഖ് അബ്ദുളളയ്ക്ക് ഇഡി അയച്ച നോട്ടീസ് അതിനുളള ഉദാഹരണമാണ്.' നാഷണല്‍ കോണ്‍ഫറന്‍സ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates