ഛണ്ഡീഗഡ്: ബലാത്സംഗം ചെയ്തതായി സ്ത്രീകള്‍ പരാതിപ്പെടുന്നത് പക പോക്കുന്നതിനായാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. പഞ്ച്കുളയില്‍ നടന്ന പൊതു പരിപാടിയില്‍ വച്ചാണ് ഹരിയാന മുഖ്യമന്ത്രി വിവാദ പ്രസംഗം നടത്തിയത്.
സംസ്ഥാനത്ത് ബലാത്സംഗം വര്‍ധിക്കുന്നില്ല. മുന്‍പ് നടന്നത് പോലെ ഇപ്പോഴും ബലാത്സംഗം നടക്കുന്നുണ്ട്. പക്ഷേ നടന്നതിനെ കുറിച്ചുള്ള ചിന്തകളാണ് ഇപ്പോള്‍ വര്‍ധിച്ചതെന്നുമാണ് ഖട്ടാറിന്റെ പരാമര്‍ശം.
ബലാത്സംഗക്കേസുകള്‍ എന്ന പേരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ 80-90 ശതമാനം സംഭവങ്ങളിലും പ്രതികളെ ഇരകള്‍ക്ക് വ്യക്തമായി അറിയാവുന്നതാണെന്നും തമ്മില്‍ തെറ്റുമ്പോഴാണ് ' അവന്‍ എന്നെ ബലാത്സംഗം ചെയ്തു' എന്ന പരാതിയുമായി പെണ്‍കുട്ടികള്‍ പൊലീസ് സ്റ്റേഷനിലെത്തുന്നതെന്നും ഖട്ടാര്‍ പറഞ്ഞു.
ബലാത്സംഗത്തെ ന്യായീകരിക്കുന്ന നിലപാടാണ് ഹരിയാന മുഖ്യമന്ത്രിയുടേത് എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഇങ്ങനെ ചിന്തിക്കുന്ന മുഖ്യമന്ത്രിയുള്ള നാട്ടില്‍ പെണ്‍കുട്ടികള്‍ എങ്ങനെ സുരക്ഷിതരായിരിക്കും എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നിരുത്തരവാദ പരമായ പ്രസ്താവനയാണ് മുഖ്യമന്ത്രിയില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്നും പിന്‍വലിച്ച് മാപ്പ് പറയണമെന്നും വനിതാ സംഘടനകള്‍ ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ സെപ്തംബറില്‍ 19 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം രാജ്യവ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഹരിയാനയിലെ റെവാരിയിലാണ് സംഭവമുണ്ടായത്. മൂന്ന് പേരെ പിന്നീട് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞമാസം സ്‌കൂളില്‍ നിന്നും മടങ്ങുന്ന വഴിയില്‍ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചിരുന്നു. ഈ സംഭവത്തില്‍ അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുമ്പോഴാണ് ഹരിയാന മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates