വാരാണസി: രാജ്യം ഉറ്റുനോക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിച്ചേക്കില്ലെന്ന് ജ്യോതിഷികള്‍. തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെങ്കിലും കേവല ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യതയില്ലെന്ന് വാരാണസിയില്‍ നിന്നുളള ജ്യോതിഷികള്‍ പ്രവചിക്കുന്നു. തെരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുമുന്‍പാണ് ജ്യോതിഷികളുടെ പ്രവചനം.നിലവിലെ ഗ്രഹനില ബിജെപിക്ക് അത്ര ശുഭകരമല്ലെന്നും ഇവര്‍ ചൂണ്ടിക്കാണിച്ചു.
ബുധന്‍,രാഹു, ശനി എന്നി ഗ്രഹങ്ങളുടെ സ്ഥാനം, കേന്ദ്രത്തില്‍ പുതിയ സര്‍ക്കാരിന്റെ രൂപീകരണത്തിന് ചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. നിലവിലെ ഗ്രഹനില ജനാധിപത്യത്തിന് അത്ര ഗുണകരമല്ല. അസ്ഥിരതയ്ക്കുളള സാധ്യതയാണ് കാണുന്നത്. ഇത് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നും റിഷി ദ്വിവേദി പ്രവചിക്കുന്നു.
ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. എന്നാല്‍ കേവല ഭൂരിപക്ഷം ലഭിച്ചേക്കില്ല. നിലവിലെ ഗ്രഹനിലയുടെ അടിസ്ഥാനത്തില്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്ന ഒരു സര്‍ക്കാരിനും കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. ബിജെപിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ മുന്നണിക്ക് തെരഞ്ഞെടുപ്പില്‍ 220 മുതല്‍ 240 വരെ സീറ്റുകള്‍ ലഭിക്കാം. ബിജെപി 140 മുതല്‍ 160 സീറ്റിലേക്ക് ചുരുങ്ങാനും സാധ്യതയുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎയ്ക്ക് 110 മുതല്‍ 140 വരെ സീറ്റുകള്‍ മാത്രം ലഭിക്കാനാണ് സാധ്യതയെന്നും ദ്വവേദി പ്രവചിക്കുന്നു.
സര്‍ക്കാര്‍ രൂപീകരണത്തില്‍ എസ്പിയും ബിഎസ്പിയും നിര്‍ണായകമായേക്കും. ഇത് അവരുടെ സ്ഥാനങ്ങള്‍ മെച്ചപ്പെടാന്‍ സഹായകമാകുമെന്നും ദ്വിവേദി പറയുന്നു.
സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാമെന്ന് മറ്റൊരു ജ്യോതിഷിയായ ദീപക് മാള്‍വിയ പറയുന്നു. സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീട്ടുവീഴ്ചകള്‍ക്ക് തയ്യാറാകേണ്ടി വരുമെന്നും മാള്‍വിയ പറയുന്നു. മോദിയുടെ സ്വന്തം ഗ്രഹനില പരിശോധിച്ച ശേഷമാണ് ഇദ്ദേഹത്തിന്റെ പ്രവചനം.
കേരളം ഉള്‍പ്പെടെയുളള ആറു സംസ്ഥാനങ്ങളിലെ പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമായേക്കും. ബംഗാള്‍, തമിഴ്‌നാട്, മേഘാലയ, മിസോറാം, ആന്ധ്രാ പ്രദേശ് എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍. കോണ്‍ഗ്രസ് അവരുടെ നില മെച്ചപ്പെടുത്തുമെങ്കിലും വോട്ടുവിഹിതം സര്‍ക്കാര്‍ രൂപീകരണത്തിന് തടസ്സമാകുമെന്നും മാള്‍വിയ പറയുന്നു. 16-ാം ലോക്‌സഭയിലെ പല പരിചിത മുഖങ്ങളും 17-ാം സഭയില്‍ കാണില്ലെന്ന് ജ്യോതിഷി ഗണേഷ് പ്രസാദ് മിശ്ര പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates