ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരായ ജുമാമസ്ജിദിലെ പ്രതിഷേധങ്ങളില്‍ ഡല്‍ഹി പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഡൽഹി തീസ് ഹസാരി കോടതി. പ്രതിഷേധവുമായി ബന്ധപ്പെട്ട് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കവെ പ്രതിഷേധത്തെ പൊലീസ് കൈകാര്യം ചെയ്ത രീതിയെ അതിരൂക്ഷമായി കോടതി വിമർശിച്ചു. ജാമ്യ ഹര്‍ജിയില്‍ നാളെ വാദം തുടരും. പ്രതിഷേധങ്ങൾക്കിടെ അറസ്റ്റിലായ ആസാദ് കഴിഞ്ഞ മാസം 21 മുതൽ ജയിലിലാണ്.
പ്രതിഷേധം മൗലികാവകാശമാണെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കാമിനി ലാവു ഓര്‍മിപ്പിച്ച. പ്രതിഷേധം നടന്ന ജുമാമസ്ജിദ് പാക്കിസ്ഥാനിലാണെന്ന രീതിയിലാണ് പൊലീസ് പെരുമാറുന്നത്. പാകിസ്ഥാനില്‍ ആണെങ്കിൽ തന്നെ പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും ജഡ്ജി പറഞ്ഞു. പാകിസ്ഥാൻ ഇന്ത്യയുടെ ഭാഗമായിരുന്നുവെന്നും ജസ്റ്റിസ് കാമിനി ലാവു വ്യക്തമാക്കി. ജാമ്യാപേക്ഷ തള്ളണമെന്നു വാദിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ ശ്രമിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വിമർശനം.
നിരോധനാജ്ഞ ലംഘിച്ചുള്ള പ്രതിഷേധമായിരുന്നുവെന്ന് പറഞ്ഞപ്പോള്‍ 144ാം വകുപ്പ് ദുരുപയോഗപ്പെടുത്താനുള്ളതല്ലെന്നായിരുന്നു കോടതിയുടെ മറുപടി. പ്രതിഷേധത്തിനു മുൻകൂർ അനുമതി വാങ്ങണമെന്നു പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടിയതിനെയും കോടതി വിമർശിച്ചു. നിരോധനാജ്ഞ പൊലീസ് തെറ്റായി പ്രയോഗിക്കുന്നത് പലതവണ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണെന്നു കോടതി ഓർമിപ്പിച്ചു.
സാമൂഹിക മാധ്യമങ്ങളിൽ ചന്ദ്രശേഖർ നടത്തിയ ആഹ്വാനത്തെക്കുറിച്ച് പ്രോസിക്യൂട്ടർ പറഞ്ഞപ്പോൾ, അതിൽ എന്താണ് തെറ്റെന്നു കോടതി ചോദിച്ചു. മതസ്ഥാപനങ്ങളുടെ പരിസരത്തു പ്രതിഷേധിക്കുന്നത് വിലക്കുന്ന ഏതു നിയമമാണുള്ളതെന്നു ചോദിച്ച കോടതി പ്രോസിക്യൂട്ടർ ഭരണഘടന ഒന്നെടുത്തു വായിക്കണമെന്നും പറഞ്ഞു.
അതേസമയം, ജെഎന്‍യു സംഘര്‍ഷ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറാന്‍ ഡല്‍ഹി ഹൈക്കോടതി സര്‍വകലാശാല റജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. അക്രമം ആസൂത്രണം ചെയ്ത ഫ്രണ്ടസ് ഓഫ് ആര്‍എസ്എസ്, യൂണിറ്റി എഗെയ്ന്റ്സ് ലഫ്റ്റ് എന്നീ വാട്സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ ഫോണ്‍ പിടിച്ചെടുക്കാനും പൊലീസിനോട് കോടതി ഉത്തരവിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates