ബെംഗളൂരു: മക്കളെ കാണാന്‍ സ്‌കൂള്‍ ബസ് തടഞ്ഞുനിര്‍ത്തിയ പിതാവിനെ നാട്ടുകാര്‍ തല്ലിച്ചതച്ചു. കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയ ആളെന്ന് തെറ്റിദ്ധരിച്ചാണ് ജനക്കൂട്ടം ആക്രമണം നടത്തിയത്. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലാണ് സംഭവം. മഹേഷ് ബാബു എന്ന യുവാവാണ് ആക്രമണത്തിനിരയായത്. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാജ്യത്ത് ആള്‍ക്കൂട്ട അക്രമങ്ങള്‍ പെരുകുന്നതിനെതിരെ സുപ്രീം കോടതി പരാമര്‍ശം നടത്തിയിരുന്നു. ഇതിനിടെയാണ് ഇത്തരമൊരു സംഭവം വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്‌കൂള്‍ ബസ് തടഞ്ഞുനിര്‍ത്തിയ മഹേഷ് ബാബു തന്റെ മക്കള്‍ അകത്തുണ്ടോയെന്ന് ഡ്രൈവറോട് അന്വേഷിക്കുന്നതിനിടെയാണ് ഗ്രാമവാസികള്‍ തെറ്റിദ്ധരിച്ച് ഇയാളെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചത്. സ്വന്തം കുട്ടികളെ കാണാനെത്തിയതാണെന്ന് പറഞ്ഞപ്പോഴും ആളുകള്‍ ആക്രമണം തുടര്‍ന്നു. മഹേഷ് ബാബുവിന്റെ കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ക്കും മര്‍ദനമേറ്റു. പൊലീസ് എത്തിയാണ് ഇയാളെ രക്ഷിച്ചത്. ഇയാളെയും മക്കളെയും സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
മഹേഷ് ബാബുവും ഭാര്യയും മൂന്നു മാസമായി അകന്നു കഴിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഒന്‍പതും നാലും വയസുളള മക്കള്‍ ഭാര്യയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. കുട്ടികളുടെ കാര്യത്തില്‍ ദമ്പതികള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കുട്ടികളെ കാണാനായാണ് ഇയാള്‍ ബസ് തടഞ്ഞുനിര്‍ത്തിയത്. കുട്ടികളെ അമ്മയ്‌ക്കൊപ്പം വിട്ടയച്ചു.
കുട്ടികളെ കടത്തിക്കൊണ്ടു പോകാനെത്തിയവരെന്നു തെറ്റിദ്ധരിച്ച് ആക്രമണങ്ങള്‍ പതിവാവുകയാണ്. ജൂലൈ 13 ന് ഹൈദരാബാദ് ടെക്കിയായ മുഹമ്മദ് അസമിനെ ജനക്കൂട്ടം ആക്രമിച്ചിരുന്നു. വാട്‌സ്ആപ്പില്‍ പ്രചരിച്ച കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന വീഡിയോയിലെ ആളെന്നു തെറ്റിദ്ധരിച്ചാണ് മുഹമ്മദിനെ അക്രമിച്ചത്. ജൂലൈ ഒന്നിന് മഹാരാഷ്ട്രയിലെ ദുലേയില്‍ അഞ്ചുപേരെ ജനക്കൂട്ടം ആക്രമിച്ചിരുന്നു. ഇത്തരം വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാട്‌സ്ആപ്പ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates