ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാനിരിക്കുമ്പോള്‍ എന്തു സംഭവിക്കുമെന്ന ആകാംക്ഷയിലാണ് രാജ്യം.സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് ബിജെപി ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് ഹാജരാക്കാനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു ദിവസത്തിനുള്ളില്‍ എന്തും സംഭവിക്കുമെന്ന അവസ്ഥയിലാണ് കര്‍ണാടക രാഷ്ട്രീയം.
അവകാശവാദമുന്നയിച്ച് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിനുള്ള അംഗസംഖ്യ ഇല്ലെങ്കില്‍ സുപ്രീംകോടതി രണ്ട് സാധ്യതകള്‍ പരിഗണിച്ചേക്കാം. യെദ്യൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് കോടതിക്ക് വിലയിരുത്താം. അങ്ങനെയെങ്കില്‍ സത്യപ്രതിജ്ഞ അസാധുവാക്കി കോടതി ഇടക്കാലവിധി പുറപ്പെടുവിക്കും. അതുമല്ലെങ്കില്‍ ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ ഇടപെടരുതെന്ന കേന്ദ്രവാദം അംഗീകരിക്കാം. ഇത് അംഗീകരിച്ചാല്‍ പോലും ഭൂരിപക്ഷം തെളിയിക്കുന്നതിന് ഗവര്‍ണര്‍ നല്‍കിയ കാലപരിധി സുപ്രീംകോടതി വെട്ടിക്കുറച്ചേക്കാം.സമീപകാലത്ത് സമാനമായ കേസുകളിലെല്ലാം ഈ സമീപനമാണ് കോടതി സ്വീകരിച്ചതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മുമ്പ് ഒരുമാസത്തിന്റെയും പതിനഞ്ചു ദിവസത്തേയുംം ഒക്കെ സമയം സുപ്രീംകോടതി അനുവദിച്ചിട്ടുണ്ടെങ്കിലും ഇടക്കാലത്തൊന്നും ഭൂരിപക്ഷം തെളിയിക്കാന്‍ അധികം സമയം രാഷ്ട്രീയ കക്ഷികള്‍ക്ക് കോടതി അനുവദിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഗോവയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍ ബിജെപി സഖ്യകക്ഷികളുമായിച്ചേര്‍ന്നു മന്ത്രിസഭയുണ്ടാക്കാന്‍ ഗവര്‍ണര്‍ക്ക് കത്തു നല്‍കി. തുടര്‍ന്നു മനോഹര്‍ പരീക്കറെ മുഖ്യമന്ത്രിയായി നിയമിച്ചു. ഇതിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയിലെത്തി. 2017 മാര്‍ച്ച് 12നായിരുന്നു പരീക്കറെ നിയമിച്ചത്. 16ാം തീയതി തന്നെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം എന്നാണ് അന്ന് ജസ്റ്റിസ് ജെ.എസ്. കേഹാര്‍, രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് ആര്‍.കെ. അഗര്‍വാള്‍ എന്നിവര്‍ വിധിച്ചത്. അതുപോലൊരു തീരുമാനമാണ് കര്‍ണാടകയിലും സുപ്രീംകോടതി സ്വീകരിക്കുന്നതെങ്കില്‍ യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ ചടങ്ങ് വെറുതേയാകും. മാത്രവുമല്ല ഗോവ കേസില്‍ സുപ്രീംകോടതി നടത്തിയ വിധി പ്രസ്താവം പാലിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന് കോണ്‍ഗ്രസ് കോടതിയില്‍ ധരിപ്പിച്ചിട്ടുമുണ്ട്.
നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് 15 ദിവസമാണ് ഗവര്‍ണര്‍ ബിജെപിക്ക് നല്‍കിയത്. എന്തിന്റെ അടിസ്ഥാനത്തിലാണ് 15 ദിവസത്തെ സമയം നല്‍കിയത് എന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. എതിര്‍പക്ഷത്തെ എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ ബിജെപിക്ക് ഒറ്റ ദിവസംകൊണ്ട് കഴിഞ്ഞില്ലെങ്കില്‍ ഗവര്‍ണറുടെ ഉദ്ദേശ ശുദ്ധി പൂര്‍ണമായും ചോദ്യം ചെയ്യപ്പെടുകയുണ്ടാകും. ഗവര്‍ണ്ണറുടെ തീരുമാനം സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന് ബോദ്ധ്യപ്പെടുത്താന്‍ പരാതിക്കാര്‍ക്കായാല്‍ തീരുമാനം പുനഃപരിശോധിക്കാന്‍ സുപ്രിംകോടതിക്കാവും.
കോണ്‍ഗ്രസ് സഖ്യത്തിന് ഭൂരിപക്ഷം തെളിയിക്കാന്‍ വെറും ഏഴുദിവസം മതി, എന്നാല്‍ ബിജെപിക്ക് പതനനഞ്ച് ദിവസം നല്‍കിയത് തികഞ്ഞ രാഷ്ട്രീയമാണ് എന്നാണ് കോണ്‍ഗ്രസ് വാദിക്കുന്നത്. അനിശ്ചിതത്വം തുടര്‍ന്നാല്‍ ഭരണം ആര് നിയന്ത്രിക്കും എന്ന ചോദ്യവും സുപ്രീംകോടതി ചോദിച്ചിരുന്നു. കോണ്‍ഗ്രസ് മതിയായ രേഖകളില്ലാതെ ഗവര്‍ണറെ സമീപിക്കുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ജനാധിപത്യത്തിന്റെ കറുത്ത ദിനം; വിധാന്‍സഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധം
യെദ്യൂരപ്പ കര്‍ണാടകയുടെ 23മത് മുഖ്യമന്ത്രി; ആഘോഷങ്ങള്‍ അധികമില്ലാതെ സത്യപ്രതിജ്ഞ ചടങ്ങ്
വരും മണിക്കൂറുകള്‍ ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടും; ഭൂരിപക്ഷം തെളിയിക്കാന്‍ മുന്നിലുള്ളത് ഒറ്റദിവസം
കോണ്‍ഗ്രസിന് തിരിച്ചടി; യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞയ്ക്ക് സ്റ്റേ ഇല്ല
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates