ബംഗലൂരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ രൂപികരിച്ചതിന് പിന്നാലെ ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗത്തില്‍ വന്‍ പ്രഖ്യാപനം. ഒരു ലക്ഷം രൂപ വരെയുളള കാര്‍ഷിക കടം എഴുതിത്തള്ളാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. 56000 കോടി രൂപയുടെ കാര്‍ഷിക കടമാണ് ഇത്തരത്തില്‍ എഴുതിത്തളളുന്നത്. ഗവര്‍ണര്‍ക്ക് മുന്നില്‍ യെദ്യൂരപ്പ മാത്രമാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മറ്റു മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയൊടൊപ്പം ചീഫ് സെക്രട്ടറി മാത്രം പങ്കെടുത്ത മന്ത്രിസഭ യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
ജെഡിഎസും കോണ്‍ഗ്രസും ചേര്‍ന്ന് മുഖ്യമന്ത്രി പദം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി യെദ്യൂരപ്പ ആരോപിച്ചു. ബിജെപിയെ പിന്തുണച്ച ജനത്തിന് നന്ദി പറഞ്ഞ യെദ്യൂരപ്പ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കി. ഭൂരിപക്ഷം തെളിയിക്കാന്‍ രണ്ടു ദിവസം കാത്തിരിക്കൂ. വിശ്വാസവോട്ടില്‍ വിജയിക്കുമെന്ന് 100 ശതമാനം ഉറപ്പാണെന്നും യെദ്യൂരപ്പ പറഞ്ഞു.
കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ റാം ജെത്മലാനിയും സുപ്രീംകോടതിയെ സമീപിച്ചു. യെദ്യൂരപ്പയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിച്ച കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയുടെ നടപടി ചോദ്യം ചെയ്തുകൊണ്ടാണ് ജെത്മലാനി സുപ്രീംകോടതിയെ സമീപിച്ചത്. വിഷയത്തില്‍ ഉടന്‍ വാദം കേള്‍ക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് ദീപക്് മിശ്ര അധ്യക്ഷനായ മൂന്നംഗം ബെഞ്ചിന് മുന്നിലാണ് ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ജെത്മലാനി ആവശ്യപ്പെട്ടത്. ഇക്കാര്യം നാളെ ഉചിതമായ ബെഞ്ചിന് മുന്നില്‍ ആവശ്യപ്പെടാന്‍ മൂന്നംഗ ബെഞ്ച് ജെത്മലാനിയോട് നിര്‍ദേശിച്ചു.
ജസ്റ്റിസ് എ.കെ.സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തും സത്യപ്രതിജ്ഞ റദ്ദാക്കണം എന്നുമാവശ്യപ്പെട്ടുംകോണ്‍ഗ്രസാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ തുടര്‍വാദം കേള്‍ക്കുന്നത് വെള്ളിയാഴ്ച പത്തുമണിയിലേക്ക് മാറ്റിയിരുന്നു.
സുപ്രീംകോടതി വരെയെത്തിയ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയിലെ 23മത് മുഖ്യമന്ത്രിയായി ബി.എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. യെദ്യൂരപ്പ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെട്ട് ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് വെള്ളിയാഴ് ഹാജരാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിനെത്തുടര്‍ന്ന് മറ്റ് മന്ത്രിമാരാരും സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. ആഘോഷങ്ങള്‍ അധികമില്ലാതെയാണ് യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. കര്‍ണാടക രാജ്ഭവന് മുന്നിലെ പ്രത്യേക വേദിയില്‍ ഗവര്‍ണര്‍ വാജുഭായ് വാല യെദ്യൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവഡേക്കര്‍ ജെ.പി നഡ്ഡ എന്നിവര്‍ ചടങ്ങിനെത്തി.ദൈവത്തിന്റെയും കര്‍ഷകരുടേയും പേരിലായിരുന്നു സത്യപ്രതിജ്ഞ.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates