തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവുമോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി. പ്രാദേശിക പാര്‍ട്ടികളുമായി തന്ത്രപ്രധാനമായ തെരഞ്ഞെടുപ്പു ധാരണകള്‍ ഉണ്ടാക്കുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിനു ശേഷം ഈ പാര്‍ട്ടികളായിരിക്കും കാര്യങ്ങള്‍ തീരുമാനിക്കുകയെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ സുധാകര്‍ റെഡ്ഡി പറഞ്ഞു.
രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവുമോയെന്ന കാര്യത്തില്‍ സംശയമുണ്ട്. പ്രാദേശിക പാര്‍ട്ടികളെ ഒരു പ്ലാറ്റ്‌ഫോമില്‍ എത്തിക്കുന്നതില്‍ കോണ്‍ഗ്രസിന്റെ പരാജയം അമ്പരപ്പിക്കുന്നതാണ്. നരേന്ദ്ര മോദിക്കു പ്രധാനമന്ത്രിയാവാമെങ്കില്‍ രാഹുലിനും പ്രധാനമന്ത്രിയാവാം. അദ്ദേഹം അതിനു കഴിവുള്ളയാളാണോ അല്ലയോ എന്നതൊന്നുമല്ല പ്രശ്‌നം. എന്നാല്‍ വയനാട്ടില്‍ മത്സരിക്കാന്‍ എടുത്തതുപോലുള്ള ചില തീരുമാനങ്ങള്‍ സംശയങ്ങളുണ്ടാക്കുന്നുണ്ട്- റെഡ്ഡി പറഞ്ഞു.
ഡല്‍ഹിയില്‍ ആംആദ്മിയുമായും ഉത്തരേന്ത്യയില്‍ ബിഎസ്പി, എസ് പി പാര്‍ട്ടികളുമായും സഖ്യമുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. കോണ്‍ഗ്രസിനെ ഇപ്പോഴും സംസ്ഥാനങ്ങളിലെ ഗ്രൂപ്പുകളാണ് നിയന്ത്രിക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ ചുവരെഴുത്തു വ്യക്തമാണ്. 36 ശതമാനത്തിലേറെ വോട്ടുമായ പ്രാദേശിക പാര്‍ട്ടികളായിരിക്കും തെരഞ്ഞെടുപ്പിനു ശേഷം കാര്യങ്ങള്‍ തീരുമാനിക്കുക.
കോണ്‍ഗ്രസ് വലിയ ഒറ്റക്കക്ഷിയായാല്‍ പോലും 2004ലെ സാഹചര്യം ഉണ്ടാവാന്‍ സാധ്യത കുറവാണ്. ഒഡിഷ ഒഴികെ എവിടെയും അതിനു കാര്യമായ സഖ്യങ്ങളില്ല. തമിഴ്‌നാട്ടിലും ബിഹാറിലും സഖ്യങ്ങള്‍ ഉണ്ടെങ്കിലും കോണ്‍ഗ്രസ് ജൂനിയര്‍ പങ്കാളിയാണ്. ബംഗാളില്‍ സഖ്യസാധ്യ ഉണ്ടായിരുന്നു. കോര്‍പ്പറേറ്റുകളുടെ സമ്മര്‍ദത്താല്‍ ആവണം, ഇടതുപാര്‍ട്ടികളുമായുള്ള ധാരണയില്‍നിന്നു കോണ്‍ഗ്രസ് പിന്‍മാറിയതെന്ന് സുധാകര്‍ റെഡ്ഡി ആരോപിച്ചു.
തെരഞ്ഞെടുപ്പിനു ശേഷം ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യം സംജാതമാവാന്‍ സാധ്യതയുണ്ട്. കോണ്‍ഗ്രസ് ജാഗ്രതയോടെ നീങ്ങിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോവും. ഭരണം ബിജെപിയുടെ പക്കലാണ്, രാഷ്ട്രപതി ആ പാര്‍ട്ടിക്കാരനാണെന്നും ഓര്‍ക്കണമെന്ന് സുധാകര്‍ റെഡ്ഡി ചൂണ്ടിക്കാട്ടി.
കേരളത്തില്‍ ശബരിമല പ്രശ്‌നം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കാം. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ അതിനെ മറികടക്കും. കേരളത്തിലെ ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സുധാകര്‍ റെഡ്ഡി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates