ഭോപ്പാല്‍: സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പെട്ടെന്ന് നടത്തി ലോക്‌സഭാ എംപിയും സിനിമാതാരവുമായ ഹേമമാലിനിയുടെ കവിളുകള്‍ പോലെ സുന്ദരമാക്കുമെന്ന് മന്ത്രി പി സി ശര്‍മ. മധ്യപ്രദേശിലെ റോഡുകള്‍ 'വാഷിങ്ടണിലെ വീഥികള്‍' പോലെയായിരുന്നുവെന്നും കനത്ത മഴയെ തുടര്‍ന്ന് റോഡുകള്‍ മുഴുവന്‍ കുണ്ടും കുഴിയുമായിത്തീര്‍ന്നിരിക്കുകയാണെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ മധ്യപ്രദേശിലെ റോഡുകള്‍ ബിജെപി നേതാവ് കൈലാസ് വിജയ് വര്‍ഗീയയുടെ വസൂരിക്കലകള്‍ നിറഞ്ഞ മുഖത്തിന്റെ അവസ്ഥയിലാണെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു. പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ റോഡുകളുടെ അറ്റകുറ്റപണികള്‍ നടത്താനാണ് മുഖ്യമന്ത്രി കമല്‍നാഥിന്റെ ഉത്തരവ്. റോഡുകള്‍ നന്നാക്കി ഹേമമാലിനിയുടെ കവിളുകള്‍ പോലെ മനോഹരമാക്കും. ശര്‍മ പറഞ്ഞു.
മധ്യപ്രദേശിലെ റോഡുകള്‍ വാഷിങ്ടണിലെ റോഡുകളേക്കാള്‍ മികച്ചതാണെന്ന് മുന്‍ മുഖ്യമന്ത്രി ശിവ് രാജ് ചൗഹാന്‍ 2017 ല്‍ നടത്തിയ അഭിപ്രായപ്രകടനത്തെ പരിഹാസരൂപേണ പരാമര്‍ശിക്കുകയായിരുന്നു ശര്‍മ. വാഷിങ്ടണ്‍ എയര്‍പോര്‍ട്ടില്‍ നിന്ന് റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍ തനിക്ക് മധ്യപ്രദേശിലെ റോഡുകള്‍ കൂടുതല്‍ മികച്ചതായി തോന്നിയെന്ന് ചൗഹാന്‍ പറഞ്ഞിരുന്നു.
സംസ്ഥാനത്തെ റോഡുകളുടെ പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാണിച്ച് പ്രതിപക്ഷനേതാവ് കമല്‍നാഥ് സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. റോഡുകളുടെ അവസ്ഥ കാരണം അപകടങ്ങള്‍ വര്‍ധിക്കുന്നുവെന്നും അറ്റകുറ്റപണി നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്താതെ സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് പണമെടുത്ത് റോഡുകള്‍ നന്നാക്കണമെന്നും പ്രതിപക്ഷനേതാവ് ഗോപാല്‍ ഭാര്‍ഗവ സഭയില്‍ ആവശ്യപ്പെട്ടിരുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates