ജോധ്പൂര്‍ : ലവ് ജിഹാദ് ആരോപിച്ച് മുസ്ലീം യുവാവിനെ മര്‍ദ്ദിച്ചുകൊന്ന ശംഭുലാല്‍ റീഗറിനെ വീരപുരുഷനായി ചിത്രീകരിച്ച് ഹിന്ദു സംഘടനകളുടെ രാമനവമി ആഘോഷം. ജോധ്പൂരില്‍ നടന്ന രാമനവമി ആഘോഷത്തിലാണ് ശംഭുലാലിനെ വീരപുരുഷനാക്കി ടാബ്ലോ അവതരിപ്പിച്ചത്. ശിവസേന ജോധ്പൂര്‍ ചാപ്റ്ററിന്റെ സഹ ട്രഷറര്‍ കൂടിയായ ഹരിസിംഗ് പന്‍വാറാണ് ടാബ്ലോക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.
രാജ്യത്തെ ഹിന്ദു സഹോദരിമാരെയും പെണ്‍മക്കളെയും ലവ് ജിഹാദ് എന്ന വിപത്തില്‍ നിന്നും മോചിപ്പിച്ച സഹോദരനാണ് ശംഭുലാല്‍ റീഗറെന്ന് ടാബ്ലോയില്‍ ബാനര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട. ശംഭുലാലിന്റെയും പന്‍വാറിന്റെയും ചിത്രവും ബാനറിലുണ്ട്.
ഹിന്ദു യുവതിയെ ലവ് ജിഹാദ് കെണിയില്‍പ്പെടുത്തി മതംമാറ്റാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് പശ്ചിമബംഗാള്‍ സ്വദേശിയായ മുഹമ്മദ് അഫ്രാസുള്‍ എന്ന മുസ്ലിം യുവാവിനെ, സംഘപരിവാര്‍ പ്രവര്‍ത്തകനായ ശംഭുലാല്‍ മര്‍ദ്ദിച്ചു കൊന്നത്. ഇദ്ദേഹത്തിന്റെ അനന്തരവന്‍ ഇതിന്റെ വീഡിയോ പകര്‍ത്തിയത് പുറത്തെത്തിയതോടെ സംഭവം വിവാദമായി. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം.
കേസില്‍ അറസ്റ്റിലായ ശംഭുലാല്‍ റീഗര്‍ ഇപ്പോള്‍ ജോധ്പൂര്‍ ജയിലിലാണ്. എന്നാല്‍ യുവതിയുമായി വഴിവിട്ട ബന്ധമുള്ള ഇയാള്‍, പെണ്‍കുട്ടി നഷ്ടപ്പെടുമെന്ന ഭയം മൂലമാണ് ലവ് ജിഹാദിന്റെ പേരില്‍ യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.
ശംഭുലാലിനെ സംബന്ധിച്ച് എന്റെ അഭിപ്രായം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്. ഹിന്ദുയിസത്തോടുള്ള ശംഭുലാലിന്റെ പ്രതിബദ്ധത എന്നെ പ്രചോദിപ്പിക്കുന്നു. മറ്റാരുടെയും വികാരം വ്രണപ്പെടുത്താന്‍ ടാബ്ലോ കൊണ്ട് ഉദ്ദേശിച്ചിട്ടില്ലെന്ന് ഹരിസിംഗ് പന്‍വാര്‍ വ്യക്തമാക്കി. ടാബ്ലോ സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു എന്നതല്ലാതെ, ഇതുവരെ പൊലീസിന് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന് ജോധ്പൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അമന്‍ദീപ് സിംഗ് പറഞ്ഞു. 
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates