ന്യൂഡല്‍ഹി: ലോക്ക് ഡൗണും കണ്ടയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചുള്ള നിയന്ത്രണങ്ങളും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് പ്രതിരോധത്തിനു ഗുണം ചെയ്തില്ലെന്ന് റിപ്പോര്‍ട്ട്. ജൂലൈയിലെ രോഗവ്യാപന നിരക്ക് വിശകലനം ചെയ്തുള്ള റിപ്പോര്‍ട്ടിലാണ്, പ്രതിരോധം പാളിയെന്ന കണ്ടെത്തല്‍.
കേരളം, ആന്ധ്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ പൂര്‍ണമായോ ഭാഗികമായോ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും കണ്ടയ്ന്‍മെന്റ് സോണുകളായി തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും കോവിഡിനെ പ്രതിരോധിക്കാനായില്ലെന്ന് ന്യൂ ഇന്ത്യന്‍ എകക്‌സപ്രസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗവ്യാപന നിരക്ക്, രോഗികളുടെ എണ്ണം ഇരട്ടിയാവാനുള്ള സമയം, പോസിറ്റിവിറ്റിറേറ്റ് തുടങ്ങിയവയാണ് റിപ്പോര്‍ട്ടില്‍ വിശകലനം ചെയ്തിട്ടുള്ളത്.
ജൂലൈയില്‍ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ രണ്ടാഴ്ച പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ആന്ധ്ര ഇപ്പോഴും രാജ്യത്ത് ഏറ്റവും കൂടുതല്‍ ആക്ടിവ് കേസുകളുള്ള രണ്ടാമത്തെ സംസ്ഥാനമാണ്. ജൂലൈയില്‍ രാജ്യത്തു തന്നെ ഏറ്റവും കൂടുതല്‍ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്നാമത്തെ സംസ്ഥാനവും ആന്ധ്രയാണ്. ടെസ്റ്റിങ് 111 ശതമാനം കൂട്ടാനായിട്ടുണ്ടെങ്കിലും പതിമൂന്നു ജില്ലകളിലും വൈറസ് വ്യാപനം രൂക്ഷമായി. ജൂലൈയില്‍ മാത്രം ആക്ടിക് കേസുകളുടെ എണ്ണം എട്ടിരട്ടിയാണ് കൂടിയത്.
ആക്ടിവ് കേസുകളിലും പുതിയ കേസുകളിലും ജൂണില്‍ ഏഴാം സ്ഥാനത്ത് ആയിരുന്ന കര്‍ണാടക ജൂലൈ അവസാനം ആയപ്പോഴേക്കും മൂന്നാമത് എത്തി. ആകെ രോഗവ്യാപനത്തില്‍ കര്‍ണാടക ഇപ്പോള്‍ അഞ്ചാമതാണ്. ജൂണില്‍ രണ്ടു ദിവസം മാത്രമാണ് പ്രതിദിന കേസുകള്‍ ആയിരത്തിനു മുകളില്‍ എത്തിയത്. ജൂലൈയില്‍ അത് മിക്കവാറും എല്ലാ ദിവസവും എന്ന നിലയിലായി.
ഉത്തര്‍പ്രദേശില്‍ ജൂണില്‍ മൂന്നര ശതമാനമായിരുന്നു കോവിഡ് വ്യാപന നിരക്ക്. ജൂലൈയില്‍ അത് 4.1 ശതമാനമായി വര്‍ധിച്ചു. ജൂണില്‍ ഇരുപതു ദിവസമായിരുന്നു, രോഗികളുടെ എണ്ണം ഇരട്ടിയാവുന്നതിനുള്ള സമയം. ജൂലൈയില്‍ അത് 16.82 ദിവസമായി കുറഞ്ഞു. പോസിറ്റിവിറ്റി നിരക്ക് 1.81 ശതമാനത്തില്‍നിന്ന് 3.82 ശതമാനമായി.
''ലോക്ക് ഡൗണ്‍ രോഗവ്യാപനം വൈകിപ്പിക്കുകയാണ് ചെയ്യുന്നത്. ഏതെങ്കിലും ഒരു ഘട്ടത്തില്‍ നമുക്ക് ലോക്ക് ഡൗണ്‍ അവസാനിപ്പിച്ചേ മതിയാവൂ. ആളുകള്‍ തമ്മില്‍ ബന്ധപ്പെടുന്നതിനുള്ള സാഹചര്യം അപ്പോഴേക്കും ഇല്ലാതാക്കിയിട്ടില്ലെങ്കില്‍ രോഗം വീണ്ടും വ്യാപിക്കും'' - പകര്‍ച്ചവ്യാധി വിദഗ്ധന്‍ ജമ്മി റാവു പറഞ്ഞു. ഓരോ പോസിറ്റിവ് കേസിനും കൃത്യമായ കോണ്ടാക്റ്റ് ട്രേസിങ്ങും ഐസൊലേഷനും വേണ്ടതുണ്ടെന്ന് പൊതുജനാരോഗ്യ വിദഗ്ധന്‍ ഉമ്മന്‍ ജോണ്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates