India

വടക്കന്‍ കര്‍ണാടകയ്ക്ക് സംസ്ഥാന പദവി  :  13 ജില്ലകളില്‍ നാളെ ബന്ദ്

ബജറ്റില്‍ വടക്കന്‍ കര്‍ണാടകയെ അവഗണിച്ചു എന്നാരോപിച്ചാണ്‌ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : വടക്കന്‍ കര്‍ണാടകയ്ക്ക് പ്രത്യേക സംസ്ഥാന പദവി വേണമെന്ന് ആവശ്യപ്പെട്ട് മേഖലയിലെ 13 ജില്ലകളില്‍ നാളെ ബന്ദിന് ആഹ്വാനം. കുമാരസ്വാമി സര്‍ക്കാരിന്റെ ബജറ്റില്‍ വടക്കന്‍ കര്‍ണാടകയെ അവഗണിച്ചു എന്നാരോപിച്ച് ഉത്തര കര്‍ണാടക പ്രത്യേകരാജ്യ ഹോരാട്ട സമിതി, ഉത്തര കര്‍ണാടക വികാസ വേദികെ എന്നീ സംഘടനകളാണ് നാളെ മേഖലയിലെ 13 ജില്ലകളില്‍ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ വടക്കന്‍ മേഖലയുടെ വികസനം സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് മുപ്പതോളം മഠാധിപതികള്‍ ബെളഗാവിയിലെ സുവര്‍ണ വിധാന്‍സൗധയ്ക്ക് മുന്നില്‍ പ്രതിഷേധവുമായി അണിനിരന്നു. പ്രത്യേക സംസ്ഥാന രൂപീകരണമല്ല തങ്ങളുടെ ആവശ്യം. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ വടക്കന്‍ കര്‍ണാടകയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഹുക്കേരി മഠാധിപതി ചന്ദ്രശേഖര്‍ ശിവചാര്യ സ്വാമി, ചിക്കോഡി മഠാധിപതി അല്ലമ്മ പ്രഭു സ്വാമി, നിഡസോഷി മഠാധിപതി ശിവലിംഗേശ്വര സ്വാമിജി, നാഗന്നൂര്‍ രുദ്രാക്ഷി മഠാധിപതി സിദ്ധരാമ സ്വാമി എന്നിവരുടെ നേതൃത്വത്തിലാണ് ഗോഖക്, ബെളഗാവി, ബൈലഹൊങ്കല്‍, ഹുബ്ബള്ളി, ധാര്‍വാഡ് എന്നിവിടങ്ങളിലെ വിവിധ മഠങ്ങളില്‍ നിന്നുള്ള സന്യാസിമാര്‍ അണിനിരന്നത്. മഠാധിപന്മാരുടെ ആവശ്യത്തെ പിന്തുണച്ച് കോണ്‍ഗ്രസ് എംഎല്‍എ സതീഷ് ജാര്‍ക്കിഹോളിയും രംഗത്തെത്തി. വടക്കന്‍ കര്‍ണാടകയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. എന്നാല്‍ സംസ്ഥാനം വിഭജിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, അനുനയ നീക്കവുമായി കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി രംഗത്തെത്തി. വടക്കന്‍ കര്‍ണാടകയില്‍നിന്നുള്ള വിവിധ സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. സര്‍ക്കാര്‍ ഒരിക്കലും വികസനകാര്യത്തില്‍ മേഖല തിരിച്ചുള്ള വിവേചനം നടത്തിയിട്ടില്ല. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായാണു സഖ്യസര്‍ക്കാര്‍ നിലകൊള്ളുന്നത്. കര്‍ണാടക എല്ലാക്കാലത്തും അഖണ്ഡമായി, ശക്തമായി നിലനില്‍ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രത്യേക സംസ്ഥാനത്തിന് വേണ്ടിയുള്ള പ്രതിഷേധത്തില്‍ നിന്ന് പിന്തിരിയണമെന്ന് ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പ ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT