ന്യൂഡൽഹി: 17-ാം ലോക്സഭയിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പിൽ സിപിഎം, സിപിഐ, മുസ്ലിം ലീഗ് തുടങ്ങിയ പാർട്ടികളേക്കാൾ കൂടുതൽ വോട്ടു ലഭിച്ചത് നിഷേധവോട്ടായ നോട്ടയ്ക്ക്. സിപിഎം അടക്കം 15 രാഷ്ട്രീയപാർട്ടികൾക്കാണ് നോട്ടയേക്കാൾ കുറവ് ലഭിച്ചത്. ആകെ പോൾ ചെയ്ത വോട്ടുകളിൽ 1.06 ശതമാനം വോട്ടുകളാണ് നിഷേധ വോട്ടായ നോട്ട നേടിയത്.
മത്സരരംഗത്തുള്ള സ്ഥാനാർഥികളെ നിഷേധിക്കാനുള്ള വോട്ടർമാരുടെ അവകാശം എന്ന നിലയിൽ 2014 ലാണ് നോട്ട ആരംഭിച്ചത്. അന്ന് വോട്ടിംഗ് യന്ത്രത്തിൽ ഉൾപ്പെടുത്തിയ നോട്ടയ്ക്ക് 1.08 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ഇത്തവണ തെരഞ്ഞെടുപ്പിൽ 36 രാഷ്ട്രീയപാർട്ടികളാണ് മൽസരിച്ചത്. മുൻ തവണത്തേതിനേക്കാൾ നേരിയ കുറവുണ്ടായെങ്കിലും, 15 രാഷ്ട്രീയപാർട്ടികളെ പിന്നിലാക്കാൻ നോട്ടയ്ക്ക് സാധിച്ചു.
ബിഹാറിൽ ആറ് മണ്ഡലങ്ങളിൽ വിജയിച്ച രാം വിലാസ് പസ്വാന്റെ ലോക് ജനശക്തി പാർട്ടിക്ക് (എൽജെപി) നോട്ടയേക്കാൾ കുറവ് വോട്ടാണ് ലഭിച്ചത്. എൽജെപി ആകെ പോൾ ചെയ്ത വോട്ടിൽ 0.52 ശതമാനം മാത്രമാണ് സ്വന്തമാക്കിയത്. മൂന്നുസീറ്റ് നേടിയ സിപിഎമ്മിന് 0.01 ശതമാനം വോട്ടുകളാണ് നേടാനായത്.
ജമ്മുകാശ്മീർ നാഷണൽ കോൺഫെറൻസ് (0.05 ശതമാനം), മുസ്ലീം ലീഗ് (0.26 ശതമാനം) എന്നിങ്ങനെയാണ് വോട്ടുകൾ നേടാൻ കഴിഞ്ഞത്. ശിരോമണി അകാലിദൾ, സിപിഐ, അപ്നാദൾ എന്നീ പാർട്ടികൾ ഇത്തവണ രണ്ട് സീറ്റിൽ വീതം വിജയിച്ചിരുന്നു. എന്നാൽ ഈ പാർട്ടികൾക്കും നോട്ടയുടെ അടുത്തെത്താൻ പോലും സാധിച്ചില്ല.
ഏഴുപാർട്ടികൾക്ക് ഇത്തവണ ഒരു സീറ്റ് വീതം ലഭിച്ചിരുന്നു. എന്നാൽ ഇവയ്ക്കെല്ലാം കൂടി ഒരു ശതമാനത്തിന്റെ പകുതി പോലും നേടാനായില്ല. ആർഎസ്പിക്ക് 0.12 ശതമാനവും, ആൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന് 0.11 ശതമാനവും വോട്ടുനേടാൻ കഴിഞ്ഞപ്പോൾ, അഞ്ച് പാർട്ടികൾക്ക് 0.10 ശതമാനം വോട്ടിലും താഴെയാണ് ലഭിച്ചത്.
കേരള കോൺഗ്രസ്-എം ന് രാജ്യത്താകെ പോൾ ചെയ്ത വോട്ടിൽ 0.07 ശതമാനം വോട്ടാണ് ലഭിച്ചത്. മിസോ നാഷണൽ ഫ്രണ്ടിന് 0.04 ശതമാനവും നാഗാപീപ്പിൾസ് ഫ്രണ്ടിന് 0.06 ശഥമാനവും വോട്ടുകളും ലഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates