ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്-ബിഹാര്‍ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുണ്ടായ തിരിച്ചടിയോടെ ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയാണ് ഹിന്ദി മേഖല. രാജ്യത്തിന്റെ ഉത്തര, പശ്ചിമ മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന ഹിന്ദി ബെല്‍റ്റില്‍ ബിജെപിയുടെ നില ഭദ്രമല്ലെന്ന സൂചനകളെത്തുടര്‍ന്ന് അതിനനുസരിച്ച് തന്ത്രം മെനയുകയാണ് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍. ഹിന്ദി ബെല്‍റ്റില്‍ നിന്നു വരുന്നത് അപായ സൂചനകള്‍ തന്നെയാണെന്ന് സമ്മതിക്കുന്ന ബിജെപി നേതാക്കള്‍ പുതിയ തന്ത്രങ്ങള്‍ മെനയേണ്ടതുണ്ടെന്ന് അടിവരയിട്ടു പറയുകയും ചെയ്യുന്നു.
മോദി തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പില്‍ ഹിന്ദി മേഖലയിലുണ്ടാക്കിയ അപ്രതീക്ഷിത മുന്നേറ്റമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രവചനങ്ങളെ കവച്ചു വയ്ക്കുന്ന ജയം നേടാന്‍ ബിജെപിക്കു വഴിയൊരുക്കിയത്. ബിജെപി തനിച്ചു ജയിച്ച 282 സീറ്റില്‍ 237ഉം നേടിയത് ഹിന്ദി ഹൃദയ ഭൂമി എന്നു വിശേഷിപ്പിക്കപ്പെടുന്ന മേഖലയില്‍നിന്നായിരുന്നു. പാര്‍ട്ടി ആകെ നേടിയ സീറ്റുകളുടെ എണ്‍പത്തിയഞ്ചു ശതമാനത്തിലേറെയാണിത്. തെക്കേ ഇന്ത്യയില്‍നിന്നും കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുമായി 26 സീറ്റുകളാണ് ബിജെപിക്കു നേടാനായത്. കശ്മീരില്‍നിന്നു നോര്‍ത്ത് ഈസ്റ്റില്‍നിന്നുമായി പതിനൊന്നു സീറ്റുകളും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒഴികെ മറ്റൊരിടത്തും പ്രകടനം മെച്ചപ്പെടുത്താനോ നിലനിര്‍ത്താനോ ബിജെപിക്കു കഴിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ഹിന്ദി മേഖലയിലെ പ്രകടനം നിര്‍ണായകമാവുമെന്ന് അവര്‍ പറയുന്നു.
2014ലെ മുന്നേറ്റം ഹിന്ദി മേഖലയില്‍ ആവര്‍ത്തിക്കുക പ്രയാസമാണെന്ന് ബിജെപി നേതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്. യുപി, ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ കഴിഞ്ഞ തവണത്തേതിനു സമാനമായ പ്രകടനം നടത്തല്‍ ഏറെക്കുറെ അസാധ്യമാണെന്നു തന്നെ അവര്‍ വിലയിരുത്തുന്നു. ഗൊരഖ്പുര്‍, ഫുല്‍പുര്‍ ഉപതെരഞ്ഞെടുപ്പുകളും ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പും രാജസ്ഥാനിലെ പ്രാദേശിക തെരഞ്ഞെടുപ്പുകളും ഇക്കാര്യത്തില്‍ വ്യ്ക്തമായ സൂചനകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ബിഹാര്‍, ഝാര്‍ഖണ്ഡ്, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളിലും അമിത പ്രതീക്ഷയ്ക്കു വക നല്‍കുന്ന അവസ്ഥയില്‍ അല്ല പാര്‍ട്ടി. എസ്പിയുടെയും ബിഎസ്പിയുടെയും പുതിയ കൂട്ടുകെട്ടുണ്ടാക്കുന്ന തലവേദന ഈ അവസ്ഥയെ കുറെക്കൂടി സങ്കീര്‍ണമാക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ടേബിള്‍: ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്
 
2014ല്‍ യുപിയിലെ മുസ്ലിം വോട്ടുകള്‍ എസ്പിക്കും ബിഎസ്പിക്കുമായി ഭിന്നിച്ചുപോവുകയായിരുന്നു. പതിനെട്ടു ശതമാനം മുസ്ലിം വോട്ടുകളാണ് ഇവിടെയുള്ളത്. യാദവര്‍ക്ക് പന്ത്രണ്ടു ശതമാനം വോട്ടുണ്ട്. ഇതിനൊപ്പം ഒബിസിയുടെ 22 ശതമാനം വോട്ടും എസ്പി - ബിഎസ്പി സഖ്യത്തിന് ഒപ്പം നിന്നാല്‍ കാര്യങ്ങള്‍ കുഴപ്പത്തിലാവുമെന്ന് ബിജെപി നേതാക്കള്‍ തന്നെ വിലയിരുത്തുന്നു.
ഉത്തര്‍പ്രദേശില്‍ മാത്രമല്ല മധ്യപ്രദേശിലും രാജസ്ഥാനിലും ഈ കൂട്ടുകെട്ടിന് അനുരണനങ്ങള്‍ ഉണ്ടാക്കാനാവും. ഗോന്ദ്വാന, ബുന്ദേല്‍ഖണ്ഡ് മേഖലകളില്‍ ബിഎസ്പിക്ക് ശക്തമായ വേരോട്ടുമുണ്ട്. ചില പോക്കറ്റുകളില്‍ എസ്പിയും ഇവിടെ ശക്തമാണ്. ഇരു പാര്‍ട്ടികളും ഒരുമിച്ചു നിന്നാല്‍ ബിജെപിക്ക് അത് വലിയ വെല്ലുവിളി ആയി മാറും. രാജസ്ഥാനിലെ ദലിതര്‍ക്കിടയിലും ബിഎസ്പിക്കു സ്വാധീനമുണ്ട്. ഇവിടെ മുഖ്യമന്ത്രി വസുന്ധരെ രാജെയ്‌ക്കെതിരായ വികാരം കൂടിയാവുമ്പോള്‍ അത്ര എളുപ്പമാവില്ല ബിജെപിയുടെ വിജയം.
ഹിന്ദി ബെല്‍റ്റില്‍ ഉണ്ടാക്കുന്ന നഷ്ടം നികത്താവുന്ന വിധത്തില്‍ കേരളം ഉള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്കു നേട്ടമുണ്ടാക്കാനാവുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ദക്ഷിണേന്ത്യയില്‍നിന്നും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും നിന്നും 125 ലോക്‌സഭാ സീറ്റ് ലക്ഷ്യമിട്ട് 2014 തെരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ തന്നെ അമിത് ഷാ പദ്ധതി തയാറാക്കിയിരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അത് മുന്നോട്ടുകൊണ്ടുപോവാന്‍ പാര്‍ട്ടിക്കായിട്ടുമുണ്ട്. എന്നാല്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍ എത്രത്തോളം വിജയിക്കും എന്നത് ഇപ്പോഴും പാര്‍ട്ടി തന്നെ സംശയത്തിലാണ്. ഇരുപതു സീറ്റു വീതമുള്ള കേരളം, ഒഡിഷ, പതിനഴു സീറ്റുള്ള തെലങ്കാന, കര്‍ണാടക (28), നോര്‍ത്ത് ഈസ്റ്റ് (25), പശ്ചിമ ബംഗാള്‍ (42) എന്നിവിടങ്ങളിലേക്കാണ് പാര്‍ട്ടി കണ്ണെറിയുന്നത്. ഈ സംസ്ഥാനങ്ങളിലുള്ള 162 സീറ്റുകളില്‍ 125 എണ്ണം സ്വന്തമാക്കിയാല്‍ ഹിന്ദി മേഖലയിലുണ്ടാവുന്ന നഷ്ടം നികത്താനാവുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
ആന്ധ്രയിലും തെലങ്കാനയിലും നിലവിലെ സഖ്യകക്ഷികളെ നഷ്ടപ്പെടുന്ന അവസ്ഥയിലാണ് ബിജെപി. തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ വിഭാഗങ്ങളെ മുന്നില്‍ നിര്‍ത്തി കളിക്കുന്നുണ്ടെങ്കിലും അത് മുന്നണി രൂപീകരണ ഘട്ടത്തില്‍ എത്തിയിട്ടില്ല. കേരളമാണെങ്കില്‍ പാര്‍ട്ടിക്ക് ഇപ്പോഴും ബാലികേറാ മലയായി നില്‍ക്കുകയാണ്. ഈ പ്രതികൂല ഘടകങ്ങളെ ഏതു വിധത്തിലും മറികടന്ന് തെക്കന്‍- വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള 125 സീറ്റെന്ന ലക്ഷ്യത്തിലെത്താനുളള തന്ത്രമാണ് ബിജെപി മെനയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates