തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സിനിമാ സംഘടനകള് ബന്ദ് നടത്തും. വിനോദ നികുതി പിന്വലിക്കില്ലെന്ന സര്ക്കാര് തീരുമാനത്തില് പ്രതിഷേധിച്ചാണ് സംഘടനകള് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് ചിത്രീകരണം നടക്കുന്ന സിനിമകളടക്കം നിര്ത്തിവച്ച് നിര്മ്മാണ, വിതരണ, പ്രദര്ശന മേഖല ഒന്നാകെ സ്തംഭിപ്പിക്കുമെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് എം രഞ്ജിത്ത് വാര്ത്താ സമ്മേളനത്തില് പറഞ്ഞു.
18 ശതമാനം ജിഎസ്ടി ഏര്പ്പെടുത്തിയ ഉത്തരവ് നിലനില്ക്കെയാണ് ദശാബ്ദങ്ങള് പഴക്കമുള്ള തദ്ദേശ സ്വയംഭരണ ചട്ടം ചൂണ്ടിക്കാട്ടി പുതിയ ഉത്തരവിറക്കിയത്. ജിഎസ്ടിയും സര്വീസ് ചാര്ജും സെസുമടക്കം 113 രൂപ ഉണ്ടായിരുന്ന ടിക്കറ്റിന് പുതിയ ഉത്തരവ് വന്നതോടെ 130 രൂപയായി. കോടികള് മുടക്കി നവീകരിച്ച തിയേറ്ററുകളടക്കം പൂട്ടിപ്പോകുന്ന സ്ഥിതിയാണ് ഉണ്ടാകുന്നത്. മുഖ്യമന്ത്രിക്കടക്കം നിവേദനങ്ങള് നല്കിയിട്ടും ഫലമുണ്ടാകാതെ വന്നതോടെയാണ് സിനിമാ മേഖല സ്തംഭിപ്പിച്ച് സമരം നടത്താന് തീരുമാനിച്ചതെന്നും വിഷയത്തില് തീരുമാനമുണ്ടാകാത്ത പക്ഷം അനിശ്ചിതകാല സ്തംഭനം നടത്തുമെന്നും ഭാരവാഹികള് പറഞ്ഞു.
സിനിമാ ടിക്കറ്റിന് മേലുള്ള വിനോദ നികുതി പിന്വലിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടയില് നികുതിയിളവ് നല്കാനാവില്ല. അഞ്ച് ശതമാനം നികുതിക്കുമേല് ജി എസ് ടി ഏര്പ്പെടുത്താനുള്ള തീരുമാനം ജിഎസ്ടി കൗണ്സില് അംഗീകരിച്ചിരുന്നുവെന്നും, ആകെ നികുതി 18 ശതമാനത്തിനു മുകളില് പോകില്ലെന്നും മന്ത്രി വ്യക്തമാക്കി.
സെപ്റ്റംബര് ഒന്ന് മുതല് സിനിമാ ടിക്കറ്റുകളില് വിനോദ നികുതി കൂടി ഉള്പ്പെടുത്താന് സര്ക്കാര് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല് ഈ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.
വിനോദ നികുതി ചുമത്താനുള്ള അധികാരം സര്ക്കാരിനല്ല തദ്ദേശ സ്ഥാപനങ്ങള്ക്കാണെന്ന വാദം അംഗീകരിച്ചാണ് ഉത്തരവിന് താത്കാലിക സ്റ്റേ നല്കിയത്. 100 രൂപയില് താഴെയുള്ള ടിക്കറ്റുകള്ക്ക് അഞ്ച് ശതമാനവും 100 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 8.5 ശതമാനവും വിനോദ നികുതി ചുമത്താനായിരുന്നു തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates