

തിരുവനന്തപുരം: സംസ്ഥാനത്തിനു വലിയ ബാധ്യത വരുത്തിവച്ച സ്വതന്ത്ര സാമ്രാജ്യമായാണ് കിഫ്ബി പ്രവര്ത്തിച്ചതെന്ന് മുഖ്യമന്ത്രി വിഡി സതീശന്. സര്ക്കാരിന്റെയും ധനവകുപ്പിന്റെയും നിയന്ത്രണങ്ങള് മറികടന്നും ധനവകുപ്പിനെ നോക്കുകുത്തിയാക്കിയുമാണ് കിഫ്ബി പ്രവര്ത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ കിഫ്ബി സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോര്ട്ടിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില് നിന്നു സഹായം ലഭിക്കാനുള്ള വാര്ഷിക വരുമാന പരിധി മൂന്ന് ലക്ഷമാക്കി ഉയര്ത്തിയെന്നും അദ്ദേഹം മാധ്യമങ്ങളോടു വ്യക്തമാക്കി.
കണ്സള്ട്ടന്സികള്ക്കു പണം നല്കിയതിലും ഭൂമി ഏറ്റെടുക്കലിലും വ്യക്തമായ ക്രമക്കേട് കണ്ടെത്തി. സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള പരിധിയില് നിന്നു വലിയ തോതില് കേന്ദ്രം വെട്ടിക്കുറച്ചത് തിരിച്ചടിയായെന്നും മുഖ്യമന്ത്രി പറഞ്ഞു.
ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കി. ഗ്യാരന്റി നല്കേണ്ടതില്ലെന്ന ധനവകുപ്പിന്റെ തീരുമാനം മുഖ്യമന്ത്രി അധ്യക്ഷനായ യോഗം അട്ടിമറിച്ചു. ഇത് റൂള്സ് ഓഫ് ബിസിനസിന്റെ ലംഘനമാണ്. ധനവകുപ്പിന്റെ തീരുമാനം മറികടക്കാനുള്ള അധികാരം മന്ത്രിസഭയ്ക്കു മാത്രമാണുള്ളത്. കൂടുതല് പലിശയ്ക്കു കടമെടുത്തതിനാല് 396 കോടി അധിക ബാധ്യതയുണ്ടായി. മസാല ബോണ്ട് വഴി 181 കോടി നഷ്ടമുണ്ടായി. പദ്ധതി നടത്തിപ്പില് 13,103 കോടി രൂപയുടെ അധിക ചെലവുണ്ടായെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കണ്ണൂരില് 1000 ഏക്കര് ഭൂമി ഏറ്റെടുത്തതില് 50 ഏക്കര് മാത്രമാണ് ഉപയോഗിച്ചത്. ബാക്കി വെറുതേ ഇട്ടിരിക്കുകയാണ്. അഞ്ചിരട്ടി തുകയ്ക്കാണ് ഭൂമി ഏറ്റെടുത്തിരിക്കുന്നത്. വീണ്ടും 4000 ഏക്കര് ഏറ്റെടുക്കാന് വിജ്ഞാപനം പുറപ്പടുവിച്ചു. എന്തിനാണ് ഇത്രയും ഭൂമി വലിയ വില നില്കി കണ്ണൂരില് ഏറ്റെടുത്തതെന്ന് ആര്ക്കും അറിയില്ല. കിഫ്ബി പരസ്യത്തിനു കണക്കില് കാണിച്ചത് 21.16 കോടിയും യഥാര്ഥത്തില് 203 കോടിയിലേറെ ചെലവഴിച്ചു. വലിയ പലിശയ്ക്കു കടമെടുത്ത തുകയാണ് ഇതിനായി ചെലവഴിച്ചതെന്നും ഇതില് വന് ക്രമക്കേടുണ്ട്.
കിഫ്ബി വഴി തുടങ്ങിവച്ച പദ്ധതികള് പൂര്ത്തിയാക്കും. ഈ സംവിധാനം ഒരു സുപ്രഭാതത്തില് അവസാനിപ്പിക്കാന് കഴിയില്ല. എല്ലാത്തിനും സര്ക്കാരാണ് ഗ്യാരന്റി നല്കിയിരിക്കുന്നത്. കിഫ്ബി ആരംഭിച്ച കാലം തൊട്ടു പ്രതിപക്ഷം പറഞ്ഞ കാര്യങ്ങള് ശരിവയ്ക്കുന്ന നിരീക്ഷണങ്ങളാണ് വിദഗ്ധ സമിതി നടത്തിയിരിക്കുന്നത്. മൂന്ന് മാസം കൊണ്ട് വിപുലമായ പരിശോധന നടത്തി രേഖകള് വിലയിരുത്തിയാണ് റിപ്പോര്ട്ട് തയാറാക്കിയിരിക്കുന്നത്. ക്രമക്കേടുകള് സംബന്ധിച്ച് ഏതു തരത്തില് അന്വേഷണം നടത്തണമെന്ന് സര്ക്കാര് ആലോചിക്കും. കിഫ്ബി സംബന്ധിച്ച സിഎജി റിപ്പോര്ട്ട് കഴിഞ്ഞ സര്ക്കാര് സഭയില് തള്ളിയതു വിചിത്ര നടപടിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates