തൃശൂര്‍ : ഓട്ടോക്കൂലി നല്‍കാന്‍ പണമില്ലെന്ന് പറഞ്ഞ് യാത്രക്കാരന്‍ നല്‍കിയത് സ്വര്‍ണമാലയും മൊബൈല്‍ഫോണും. മുക്കുപണ്ടമെന്ന് വിചാരിച്ച് ഓട്ടോഡ്രൈവര്‍ സ്വര്‍ണക്കടയില്‍ പോയി പരിശോധിച്ചപ്പോള്‍ രണ്ടുപവന്റെ ഓറിജിനല്‍ സ്വര്‍ണമാല. അമ്പരന്നുപോയ ഓട്ടോഡ്രൈവര്‍ യാത്രക്കാരന്‍ തിരികെ വന്നാല്‍ തിരിച്ചേല്‍പ്പിക്കാനായി ഇതുംകൊണ്ട് നടക്കുകയാണ്.
തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് മുന്നിലെ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ രേവതിനാണ് വേറിട്ട അനുഭവമുണ്ടായത്. 500 രൂപയുടെ ഓട്ടക്കൂലിക്കു പകരം 2 പവന്‍ മാല നല്‍കിയത്. വിശ്വാസം വരാതിരുന്നപ്പോള്‍ യാത്രക്കാരന്‍ മൊബൈല്‍ ഫോണും രേവതിനെ ഏല്‍പ്പിച്ചു.
തൃശൂരില്‍ നിന്നു ഗുരുവായൂരിലേക്ക് രാത്രി 10.30നാണ് പെരിന്തല്‍മണ്ണ സ്വദേശിയെന്നു പരിചയപ്പെടുത്തിയ ആള്‍ ഓട്ടം വിളിച്ചത്. ഗുരുവായൂര്‍ അമ്പലത്തിന്റെ കിഴക്കേ നടയിലെത്തി ഇറങ്ങിയപ്പോള്‍ പണമില്ലെന്നു പറഞ്ഞു. മുമ്പ് തിരുവനന്തപുരത്തേക്ക് ഓട്ടം പോയി പറ്റിക്കപ്പെട്ട അനുഭവം വെളിപ്പെടുത്തി, പണം തരാതെ പോകരുതെന്ന് രേവത് അഭ്യര്‍ഥിച്ചു.
ഇതിനിടെ അമ്പലനടയിലെ സെക്യൂരിറ്റി ജീവനക്കാര്‍ ഇടപെട്ട് പൊലീസിനെ വിളിച്ചു. സഞ്ചിയില്‍ നിന്ന് സ്വര്‍ണനിറമുള്ള മാലയെടുത്ത് ഓട്ടോക്കാരനു കൊടുത്തു. പെരുമാറ്റത്തില്‍ പന്തികേടു തോന്നിയതിനാല്‍ വാങ്ങിയില്ല. അമ്പലം കമ്മിറ്റിക്കാര്‍ രേവതിന്റെ അവസ്ഥ കണ്ട് ഡീസല്‍കാശായി 200 രൂപ കൊടുത്തു. ഇതുമായി മടങ്ങുമ്പോള്‍ യാത്രക്കാരന്‍ വീണ്ടും രേവതിന്റെ ഓട്ടോയില്‍ കയറി.
തൃശൂരില്‍ നിന്നു പൈസ വാങ്ങിത്തരാമെന്നായിരുന്നു ഉറപ്പുനല്‍കിയത്. വാക്ക്. തൃശൂര്‍ വടക്കേ സ്റ്റാന്‍ഡില്‍ ഇറങ്ങി. കൂലിക്കുപകരം അതേ മാല തന്നെ എടുത്തുകൊടുത്തു. മുക്കുപണ്ടം കിട്ടിയിട്ടെന്താ കാര്യമെന്നു ചോദിച്ചപ്പോള്‍ മൊബൈല്‍ ഫോണും നല്‍കി. കൂലി തരുമ്പോള്‍ തിരിച്ചു തന്നാല്‍ മതിയെന്നാണ് പറഞ്ഞത്. രണ്ടുദിവസമായിട്ടും പണം തരാന്‍ അയാള്‍ എത്താതായപ്പോള്‍ രേവത് സുഹൃത്തിന്റെ സ്വര്‍ണക്കടയില്‍ ഉരച്ചു നോക്കിയപ്പോള്‍, തന്നെ കബളിപ്പിച്ചതല്ലെന്നും തനി സ്വര്‍ണമാണെന്നും തിരിച്ചറിഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates