കൊച്ചി: സംസ്ഥാനത്തുടനീളം തിരിച്ചറിഞ്ഞ 503 പുതിയ റൂട്ടുകളിൽ മിനി ബസുകൾ സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. എംഎൽഎമാരുടെ സഹായത്തോടെ സംസ്ഥാനത്തുടനീളം ജനകീയ സദസ് നടത്തി ഗതാഗത സൗകര്യമില്ലാത്ത നിരവധി റൂട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിന്നാണ് 503 പുതിയ ബസ് റൂട്ടുകൾ അന്തിമമാക്കിയതെന്നും മന്ത്രി പറഞ്ഞു. ഗ്രാമപ്രദേശങ്ങളിലും നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലുമുള്ള ആളുകൾക്ക് മതിയായ ഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഈ റൂട്ടുകളിൽ ലൈസൻസ് നൽകും. പെർമിറ്റ് നൽകുന്നത് ഒഴിവാക്കി ഒരു റൂട്ടിൽ മിനിമം രണ്ട് ബസ് എന്ന രീതിയിലായിരിക്കും ലൈസൻസ് നൽകുക. കെഎസ്ആർടിസിയും പ്രൈവറ്റ് ബസും സർവീസുകൾ നടത്തും. ലൈസന്‍സ് സംവിധാനത്തില്‍ അനുവദിച്ചിട്ടുള്ള ബസുകള്‍ക്ക് മാത്രമായിരിക്കും ഈ റൂട്ടുകളില്‍ ഓടാന്‍ അനുമതി. കളക്ഷന്‍ ഉള്ള റൂട്ടുകളില്‍ മത്സരം ഒഴിവാക്കാനാണ് ഈ സംവിധാനമെന്നും മന്ത്രി പറഞ്ഞു.
പരമാവധി 25 ലക്ഷം രൂപ വിലയുള്ളതും ഹെവി വെഹിക്കിൾ ലൈസൻസ് ആവശ്യമില്ലാത്തതുമായ ചെറിയ ബസുകൾക്കാണ് പെർമിറ്റ് നൽകുന്നത്. സ്ത്രീകൾ ഉൾപ്പെടെ കുറഞ്ഞത് 2,000 പേർക്കെങ്കിലും തൊഴിലവസരങ്ങൾ നൽകുന്നതിന് ഈ നീക്കം സഹായകമാകുമെന്നും ഗണേഷ് കുമാർ പറഞ്ഞു. ഏപ്രിൽ മുതൽ കെഎസ്ആർടിസി പുതിയ ബസുകൾ നിരത്തിലിറക്കുമെന്ന് മന്ത്രി പറഞ്ഞു. 36 ആഡംബര സ്ലീപ്പർ എസി ബസുകൾ അന്തർസംസ്ഥാന റൂട്ടുകളിൽ വിന്യസിക്കും. മിനി ബസുകളും ഇതിൽ ഉൾപ്പെടും.
ഈ കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്നത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ എസി ബസുകൾ പുറത്തിറക്കി യാത്രക്കാർക്ക് സുഖകരമായ യാത്ര നൽകുന്നതിൽ കോർപ്പറേഷൻ ശ്രദ്ധ കേന്ദ്രീകരിക്കും. ലോക്കൽ ബസുകളിൽ പോലും മ്യൂസിക് സിസ്റ്റം പോലുള്ള സൗകര്യങ്ങൾ ഉടൻ കൊണ്ടുവരും.
കൂടുതൽ യാത്രക്കാരെ ആകർഷിക്കുകയും ഇരുചക്ര വാഹനങ്ങളും കാറുകളും ഉപയോഗിക്കുന്നതിൽ നിന്ന് ആളുകളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. പാലക്കാട്-കോട്ടയം-തിരുവനന്തപുരം റൂട്ടിൽ അടുത്തിടെ കൊണ്ടുവന്ന പുതിയ സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസുകൾ വിജയകരമായിരുന്നു.
മൂന്നാറിൽ ആരംഭിച്ച ഡബിൾ ഡക്കർ ബസും വിജയമാണ്. പത്ത് സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസുകൾ പ്രതിദിനം ശരാശരി 10,000 രൂപ ലാഭം നേടുമ്പോൾ, മൂന്നാറിലെ ഡബിൾ ഡക്കർ സർവീസ് ഒരു മാസം കൊണ്ട് 13.3 ലക്ഷം രൂപ വരുമാനം നേടി. അതായത് ഒരു ദിവസത്തെ ലാഭം 40,000 രൂപയെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates