കണ്ണൂർ: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയിൽ മുന്നോട്ടുവെച്ച 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2021-ൽ പ്രസിദ്ധീകരിച്ച പ്രോഗ്രസ് റിപ്പോർട്ട് അനുസരിച്ച് 600 വാഗ്ദാനങ്ങളിൽ 580 എണ്ണവും പൂർത്തിയാക്കി. ബാക്കിയുള്ളവ അന്തിമ ഘട്ടത്തിലാണ്. എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ പത്തുവർഷത്തെ ഭരണനേട്ടങ്ങൾ അക്കമിട്ടു നിരത്തുന്ന പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിട്ട് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
ലൈഫ് പദ്ധതി വഴി അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കി 20 ലക്ഷം ഗുണഭോക്താക്കൾക്ക് നൽകിയത് സർക്കാരിന്റെ പ്രധാന നേട്ടമാണ്. മത്സ്യത്തൊഴിലാളികൾക്കായി 2752 വീടുകളും 738 ഫ്ലാറ്റുകളും കൈമാറി. ഭൂമിയുടെ പട്ടയം ലഭിക്കാത്ത 4,56,689 കുടുംബങ്ങൾക്ക് പട്ടയം നൽകി. ഡിജിറ്റൽ സർവേ നടപടികളിൽ റവന്യൂ ഉദ്യോഗസ്ഥർ വ്യാപൃതരായതിനാലാണ് പട്ടയവിതരണം അഞ്ച് ലക്ഷം കവിയാതിരുന്നത്. അല്ലെങ്കിൽ ആ ലക്ഷ്യം മറികടക്കുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിഎസ്‌സി വഴി ഏറ്റവും കൂടുതൽ നിയമനം നടത്തിയ സംസ്ഥാനം കേരളമാണ്. മൂന്ന് ലക്ഷത്തിലധികം നിയമനം നടത്തി. അപേക്ഷിക്കാനുള്ള പ്രായപരിധി വർധിപ്പിച്ചു. പഠനം കഴിഞ്ഞ് ജോലി തേടുന്നവർക്ക് കണക്ട് ടു വർക്ക് എന്ന പദ്ധതി തയാറാക്കി. അതുവഴി സാമ്പത്തിക സഹായം നൽകി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഡിഗ്രി വിദ്യാസം വരെ സൗജന്യമാക്കി. സ്ത്രീശാക്തീകരണത്തിനും മുൻഗണന നൽകിയ സർക്കാർ 16 ലക്ഷത്തിലധികം സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകിയതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട ആളുകൾക്ക് വീടു നിർമിച്ചു നൽകുന്നതിനു മാതൃകാ ടൗൺഷിപ്പിനു രൂപം നൽകി. 178 വീടുകൾ പൂർത്തിയാക്കി. ശേഷിക്കുന്നതിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. അതിദാരിദ്ര്യ നിർമാർജന പദ്ധതിയിലൂടെ സംസ്ഥാനത്തെ 64,006 കുടുംബങ്ങളെ ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിക്കാൻ സാധിച്ചു. മലയോര, തീരദേശ ഹൈവേകൾക്കായി 10,000 കോടിയാണ് ചെലവിടുന്നത്. വയനാടിന്റ ഗതാഗത മേഖലയ്ക്ക് വലിയ മാറ്റം വരുത്തുക ലക്ഷ്യമിട്ടാണ് കള്ളാടി– ആനക്കാംപൊയിൽ തുരങ്കപാതയുടെ നിർമാണം ആരംഭിച്ചത്.
ദേശീയ പാത 66 ന്റെ പ്രവർത്തനം ഭംഗിയായി നിറവേറ്റാൻ സാധിച്ചത് ഭൂമി ഏറ്റെടുക്കുന്നതിനു സംസ്ഥാന സർക്കാർ 25 ശതമാനം തുക നൽകാൻ തയാറായതുകൊണ്ടാണ്. അതിന് മുമ്പോ ശേഷമോ ഇങ്ങനെ ഒരു സംസ്ഥാനവും ചെയ്തിട്ടില്ല. ഏതാനും റീച്ചുകൾ ഉദ്ഘാനം ചെയ്തു. വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കാൻ എൽഡിഎഫ് സർക്കാരിനു സാധിച്ചു. വിഴിഞ്ഞം നിർമാണം 2028 ഓടെ പൂർത്തിയാക്കാനുള്ള നടപടി ആരംഭിച്ചു. സർക്കാർ ജീവനക്കാർക്ക് അഷ്വേർഡ് പെൻഷൻ പദ്ധതി ആരംഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates