തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളെ സന്ദർശിച്ച് രാഹുൽ ഗാന്ധി എംപി. ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം സമര പന്തൽ സന്ദർശിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഉദ്യോഗാർത്ഥികളുമായി രാഹുൽ സംസാരിച്ചു. ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി നിരാഹാര സമരം നടത്തുന്ന യൂത്ത് കോൺഗ്രസ് നേതാക്കളേയും രാഹുൽ സന്ദർശിച്ചു.
എൽഡിഎഫിനൊപ്പമാണെങ്കിൽ എല്ലാ ജോലിയും ഉറപ്പാണെന്നും അല്ലെങ്കിൽ നിരാഹാരം കിടക്കണമെന്നും രാഹുൽ നേരത്തെ ആരോപിച്ചിരുന്നു. സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ മരിച്ചാലും മുഖ്യമന്ത്രി ചർച്ചയ്ക്ക് തയാറാകില്ലെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനമാണ് രാഹുൽ ഗാന്ധി നടത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ സമാപനം കുറിച്ചുള്ള ശംഖുമുഖം കടപ്പുറത്തെ കോൺഗ്രസിന്റെ കൂറ്റൻ സമ്മേളനത്തിലായിരുന്നു രാഹുലിന്റെ രാഷ്ട്രീയ ആരോപണം. സ്വർണക്കടത്തുകേസിൽ ബിജെപി– സിപിഎം ഒത്തുകളിയാണെന്നു രാഹുൽ ആരോപിച്ചു. ഇതാദ്യമായാണ് രാഹുൽ പിണറായി വിജയനെതിരെ ഇത്ര രൂക്ഷമായ വിമർശനം നടത്തുന്നത്.
എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചുള്ള അന്വേഷണത്തിൽ സിബിഐയും ഇഡിയും ഇഴയുന്നതെന്ന് രാഹുൽ ചോദിച്ചു. 'സിപിഎം കൊടി പിടിച്ചാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്നും സ്വർണക്കടത്ത് നടത്താമെന്ന് രാഹുൽ തുറന്നടിച്ചു. എൽഡിഎഫിനൊപ്പമാണെങ്കിൽ എല്ലാ ജോലിയും ഉറപ്പ്, അല്ലെങ്കിൽ നിരാഹാരം കിടക്കണം. സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ മരിച്ചാലും മുഖ്യമന്ത്രി ചർച്ചയ്ക്ക് തയാറാകില്ല. സിപിഎം ചെയ്യുന്നതൊന്നും ജനങ്ങൾക്ക് വേണ്ടിയല്ല, എല്ലാം പാർട്ടിക്ക് മാത്രമാണ്'– അദ്ദേഹം പറഞ്ഞു.
ആഴക്കടൽ മൽസ്യബന്ധന കരാർ സംബന്ധിച്ചും രാഹുൽ ആരോപണമുന്നയിച്ചു. സർക്കാർ മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗം തട്ടിയെടുക്കുന്നുവെന്ന് രാഹുൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates