കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. ഡയാലിസിസിനായി തൃപ്പൂണുത്തുറ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അന്ത്യം.69 വയസ്സായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസന്‍.
നര്‍മ്മത്തിനു പുതിയ ഭാവം നല്‍കിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ നര്‍മത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചവരില്‍ മുന്നിലാണ്. 1976 ല്‍ പി. എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 1984-ല്‍ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക് കഥ എഴുതി തിരക്കഥാ രംഗത്തേക്ക് കടന്നു.
പല സാധാരണ സാമൂഹിക പ്രശ്‌നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങള്‍ കൊണ്ടും അതിന്റെ സന്ദര്‍ഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന്റെ സിനിമകളുടെ പ്രത്യേകതയാണ്. സന്മസുളളവർക്ക് സമാധാനം, ടി പി ബാലഗോപാലൻ എം എ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ് , തലയണമന്ത്രം, ഗോളാന്തരവാർത്ത,ചമ്പക്കുളം തച്ചൻ, വരവേൽപ്, സന്ദേശം,ഉദയനാണ് താരം , മഴയെത്തും മുമ്പേ,അഴകിയ രാവണൻ, ഒരു മറവത്തൂർ കനവ് , അയാൾ കഥയെഴുതുകയാണ്, കഥ പറയുമ്പോൾ ,ഞാൻ പ്രകാശൻ തുടങ്ങിയ നിരവധി ഹിറ്റ്ചിത്രങ്ങൾക്ക് തിരകഥ ഒരുക്കി.
1991ൽ പുറത്തിറങ്ങിയ ആക്ഷേപഹാസ്യചിത്രമായ സന്ദേശം കേരളത്തിന്റെ രാഷ്ട്രീയസാമൂഹ്യമണ്ഡലങ്ങളിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്നു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങൾ സംസ്ഥാന,ദേശീയ പുരസ്കാരങ്ങൾ നേടി.
‘ പൂച്ചയ്ക്കൊരു മൂക്കുത്തി’യാണ് ആദ്യ തിരക്കഥ. പ്രിയദർശനുമായി ചേർന്ന് ഹാസ്യത്തിന് മുൻതൂക്കം നൽകിയ ഒരുക്കിയ ചിത്രങ്ങളിലൂടെ അദ്ദേഹം സിനിമാലോകത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചു. നർമ്മത്തിൽ പൊതിഞ്ഞ രംഗങ്ങളിലൂടെ ജീവിതനൊമ്പരങ്ങൾ ആവിഷ്കരിച്ചവയാണ് ശ്രീനിവാസൻ സിനിമകൾ.
സത്യൻ അന്തിക്കാട് , പ്രിയദർശൻ, കമൽ എന്നിവരുമായി ചേർന്നാണ് അദ്ദേഹം ഏറെ ശ്രദ്ധേയചിത്രങ്ങൾ പുറത്തിറക്കിയത്. കുടുംബബന്ധങ്ങൾ പ്രമേയമാകുമ്പോൾ പോലും സാമൂഹ്യപ്രശ്നങ്ങളും നിരീക്ഷണങ്ങളും തന്റെ ചിത്രങ്ങളിൽ ഭംഗിയായി ഇഴചേർക്കാനും ശ്രീനിവാസന് കഴിഞ്ഞു.സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ, 2018 ഡിസംബറിൽ പുറത്തിറങ്ങിയ ‘ഞാൻ പ്രകാശൻ’ആണ് ശ്രീനിവാസൻ ഏറ്റവും ഒടുവിൽ തിരകഥ എഴുതിയ ചിത്രം.വിമലയാണ് ഭാര്യ. സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ , നടൻ ധ്യാന്‍ ശ്രീനിവാസൻ എന്നിവർ മക്കളാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates